Helicopter | ഇല്ലം പട്ടിണിയിലാണെങ്കിലും പറമ്പിൽ ആന നിൽക്കുന്നത് കാണാനൊരു ചേലാ! മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൻ്റെ വാടകയായി അനുവദിച്ചത് 2.40 കോടി


കെ ആർ ജോസഫ്
(KVARTHA) ജോലിക്കാരുടെ ശമ്പളം കൊടുത്തില്ലെങ്കിലും പെൻഷൻ വിതരണം മുടങ്ങിയാലും രാജാവിൻ്റെ ഹെലികോപ്റ്ററിനാണ് മുൻഗണന. നെല്ലിന്റെ താങ്ങുവില കൊടുത്തില്ലെങ്കിലും ഹെലികോപ്റ്ററിന്റെ വാടക കൊടുക്കണം. കേരളം എന്ന ഇട്ടാവട്ടത്തിൽ പോകാനാണ് അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയ മുഖ്യമന്ത്രി ഇത്രയും വാടകക്ക് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. പ്രജകളെ സന്തോഷിപ്പിൻ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക ഖജനാവിലെ കുമിഞ്ഞുകൂടിയ പണത്തിൽ നിന്നും കൊടുത്തിരിക്കുന്നു. കലികാലം അല്ലാതെ എന്താണ് പറയേണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ചെന്നുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. 2.40 കോടി രൂപയാണ് വാടകയായി അനുവദിച്ചതെന്നാണ് വിവരം. ഈ മാസം 22നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ഹെലികോപ്റ്ററിൻ്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മെയ് ആറിന് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാൻ 15 ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെത്തുടർന്നാണ് അധിക ഫണ്ട് അനുവദിച്ചത്.
80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റർ വാടക. ഇല്ലം പട്ടിണിയിൽ ആണെങ്കിലും പറമ്പിൽ ആന നിൽക്കുന്നത് കാണാനൊരു ചേലാ. കഷ്ടം, കേരളം പട്ടിണിക്കോലമായി, എന്നിട്ടും ദൂർത്തിനു കുറവില്ല. ഹിറ്റ്ലറുടെ ജീവിത ചരിത്രം വായിച്ചിട്ടുണ്ടാവും. കേരളത്തിലെ ജനങ്ങൾക്ക് ഇതുവരണം. രണ്ടാമതും ജയിപ്പിച്ചു വിട്ടതല്ലേ, അനുഭവിക്കുക തന്നെ. വളരെ അത്യാവശ്യ സമയത്തിൽ മണിക്കൂർ കണക്കിന് വാടകക്ക് എടുക്കാതെ, സ്ഥിരമായി ഓടിക്കാതെ ഇട്ടു വാടക കൊടുക്കാൻ ഭരണാധികാരികളുടെ വീട്ടിൽ നിന്നല്ല, ഖജനാവിൽ നിന്നാണ് പണം കൊടുക്കുന്നത് .
അനേകം പേരുടെ വിയർപ്പിന്റെ വിലയാണ് ഖജനാവ്. അത് ഈ വിധം നശിപ്പിക്കാൻ നാണമുണ്ടോ ഭരണാധികാരികളെ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? വിലയേക്കാൾ കൂടുതൽ, വാടക എവിടെ നിന്നും കൊടുക്കും. ഉപയോഗിക്കാതെ വാടക കൊടുക്കുന്ന വിഡ്ഢികളോ ഇവിടുത്തെ മന്ത്രിമാരും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും. അതും ഈ പട്ടിണി കേരളത്തിൽ. ഇതിനൊക്കെ സർക്കാരിൻറെ കയ്യിൽ ആവശ്യത്തിലധികം പണമുണ്ട്. ജനക്ഷേമകരമായ എന്തെങ്കിലും കാര്യം പറഞ്ഞാൽ സർക്കാരിൻറെ കയ്യിൽ ഫണ്ടില്ല. ഇത് അങ്ങേയറ്റം ഖേദകരം തന്നെ.
സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാൻ പണമില്ല. സപ്ലൈകോ കാലി, റേഷൻ കട കാലി, പച്ചക്കറി, മത്സ്യം വില റെക്കോർഡുകൾ കുറിച്ച് ഗിന്നസ് ബുക്കിലേക്ക് നീങ്ങുന്നു. എന്നിട്ടും ഹെലികോപ്റ്ററിന് രണ്ടര കോടി കൊടുക്കാനുണ്ട്. തെറ്റുതിരുത്തുമെന്നു പറഞ്ഞാൽ പോരാ, തിരുത്തുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. ഹെലികോപ്റ്ററും, 30ൽപരം വാഹനങ്ങളുടെ സെക്യൂരിറ്റിയും, വിലക്കയറ്റവും, നവകേരള സദസും, ലോക കേരള സഭയും, അഴിമതിയും, ധൂർത്തും, കോളജ് വിദ്യാർത്ഥിയുടെ കൊലപാതകവും എല്ലാം തെറ്റുകളാണ്. കേരളത്തിലെ പൊതു സമൂഹത്തിനു എന്തെങ്കിലും ഗുണം ഇത് കൊണ്ട് ഉണ്ടോ എന്ന് നാം മനസ്സിലാക്കണം.
ഇനിയും നമ്മൾ മണ്ടന്മാർ ആവണോ ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. കേരളത്തിലെ കർഷകൻ കടംകയറി ജീവൻ വെടിഞ്ഞാലും കുഴപ്പമില്ല. അതുപോലെയാണോ ആ ഹെലികോപ്റ്റർ വാടകക്ക് കൊടുത്തവർ. അവരെ സംരക്ഷിക്കാൻ മുന്നിലുണ്ട്. എന്തൊരു വിരോധാഭാസം. ശരിക്കും ഇത് നാണക്കേട് തന്നെ. പണ്ട് കരുണാകരന്റെ കാലത്ത് തന്നെ മൂന്ന് കോടി രൂപയായിരുന്നു ഹെലികോപ്റ്റർ വാടക. ഇതിൽ മുഖ്യമന്ത്രി സഞ്ചരിച്ചിട്ടില്ല. പകരം പ്രകൃതിക്ഷോഭത്തിലും ഹൃദയ കൈമാറ്റത്തിലും ഒക്കെയാണ് ഇത് ഉപയോഗിച്ചത്. തികഞ്ഞ കെടുകാര്യസ്ഥത, പ്രായോഗിക ബോധം ഇല്ലാത്ത ഭരണാധികാരികൾ ആണ് ഇവിടെ ഇപ്പോൾ ഉള്ളത്.
ഹെലികോപ്റ്ററിന്റെ ആവശ്യകത ഉണ്ടാവുമ്പോൾ, ഏതെങ്കിലും പ്രൈവറ്റ് കമ്പനിയുടെ ഹെലികോപ്റ്റർ വാടകയ്ക്ക് വിളിച്ചാൽ പോരേ? ഇത് അനാവശ്യമാണെന്ന് ചിന്തിക്കാൻ പോലും ഉള്ള മാനസികാവസ്ഥ ഇവിടുത്തെ അണികൾക്കും ഭരണകർത്താക്കൾക്കു ഇല്ലെന്ന് കാണുമ്പോൾ വിഷമം തോന്നുന്നു. വെള്ളക്കരം, വൈദ്യുതി കരം, സ്ഥല നികുതി, റോഡ് നികുതി, കെട്ടിട നികുതി, കോടതിയിൽ വ്യവഹാരത്തിന് സ്റ്റാമ്പുകളുടെ ചാർജ്, എല്ലാം ഇനി ശരിയാകും, സംശയം വേണ്ട. ജനങ്ങളെ പരമാവധി പലവിധം ചൂഷണം ചെയ്ത് കോടികൾ തട്ടിയെടുത്ത് സുഖമായി ഹെലികോപ്റ്റർ സവാരി ചെയ്യാം. വിദേശത്തേക്ക് കുടുംബ സമേതം ടൂർ പോകാം. സർക്കാർ ഒപ്പമുണ്ട്. ഇത് കേരളമാണ്. കേരളം നമ്പർ വൺ!