Criticism | ഒരു മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ അടിച്ചത് 4 'യു-ടേണുകൾ'; ഒന്നിന് പിറകെ ഒന്നായി നിലപാട് മാറ്റിയ 4 സുപ്രധാന തീരുമാനങ്ങൾ ഇതാ; ഒടുവിൽ ലാറ്ററൽ എൻട്രിയിൽ നിന്നും പിന്നോട്ട്;
* ബ്രോഡ്കാസ്റ്റിംഗ് ബിൽ പിൻവലിച്ചു
ന്യൂഡൽഹി: (KVARTHA) ഗവൺമെൻ്റിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രി സംബന്ധിച്ച ഓഗസ്റ്റ് 17ലെ വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനോട് (യുപിഎസ്‌സി) ആവശ്യപ്പെട്ടതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഒരു മാസത്തിനുള്ളിൽ നാലാമത്തെ യു-ടേൺ ആണ് അടിച്ചത്. 72 മണിക്കൂറിനുള്ളിൽ ലാറ്ററൽ എൻട്രി വിഷയത്തിൽ യു-ടേൺ ഉണ്ടായി എന്നതാണ് കൗതുകകരമായ കാര്യം. പ്രത്യക്ഷത്തിൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, ബിജെപിയുടെ പ്രധാന സഖ്യകക്ഷികളായ ജെഡിയു, എൽജെപി (രാം വിലാസ്) എന്നിവയും ഈ നീക്കത്തെ എതിർത്തിരുന്നു.
ഐ എ എസ് ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രിത സംവിധാനത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത്. യുപിഎസ്‌സിയുടെ ഓഗസ്റ്റ് 17 ലെ വിജ്ഞാപനം കേന്ദ്രസർക്കാർ സ്ഥാനങ്ങളിലെ സംവരണം മറികടക്കാനുള്ള മാർഗമാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. കേന്ദ്രം ആദ്യം ഈ വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളുടെയും ചില പ്രധാന എൻഡിഎ സഖ്യ കക്ഷികളുടെയും തിരിച്ചടിക്ക് മുന്നിൽ ഒരു ദിവസത്തിന് ശേഷം വഴങ്ങി.
* ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ
ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർക്കാർ ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് (റെഗുലേഷൻ) ബില്ലിൻ്റെ കരട് പിൻവലിച്ചത്. രാജ്യത്തെ മുഖ്യധാര ഓൺലൈൻ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കനത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിർദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്ന് വിമർശനം ഉയർന്നിരുന്നു. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവരുന്നത്.
കരട് കൈവശമുള്ളവരോട് ഇത് കേന്ദ്ര സർക്കാരിന് തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബ്, ഫെയ്‌സ്‌ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രത്തിൻ്റെ നീക്കം. ബ്രോഡ്കാസ്റ്റിംഗ് ബില്ലിൻ്റെ പുതിയ കരട് തയ്യാറാക്കുന്നതിനായി കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
* വഖഫ് (ഭേദഗതി) ബിൽ
ഇതിന് മുമ്പ്, കേന്ദ്രം വഖഫ് (ഭേദഗതി) ബില്ലിൽ നിന്നും പിന്നോട്ട് പോയിരുന്നു. ഓഗസ്റ്റ് എട്ടിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. മണിക്കൂറുകൾക്കകം ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് (ജെപിസി) അയക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം ആരാധനാലയങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
1995ൽ കൊണ്ടുവന്ന നിയമത്തിലെ 44 വകുപ്പുകളിലാണ് ഈ ഭേദഗതിയിലൂടെ കേന്ദ്രം മാറ്റം വരുത്താൻ ഉദ്ദേശിച്ചത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ ഭേദഗതി. വഖഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കുക, ഗവൺമെൻ്റിൻ്റെ കൂടുതൽ നിയന്ത്രണം അനുവദിക്കുക, മുസ്ലീം ഇതര മതസ്ഥരെ ബോർഡുകളിൽ അംഗങ്ങളാക്കാൻ അനുവദിക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്.
* ദീർഘകാല മൂലധന നേട്ട നികുതിയിലെ മാറ്റം
ജൂലൈ 23-ന്, ദീർഘകാല മൂലധന നേട്ട നികുതിയിലെ വിവാദമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. വിലക്കയറ്റത്തിന് ആനുപാതികമായുള്ള ഇൻഡക്സേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടെ വീടും വസ്തുവും വിൽക്കുമ്പോൾ വ്യക്തികൾ അനുഭവിക്കേണ്ടിയിരുന്ന അധികനികുതി ഭാരം കുറഞ്ഞു.
ഇനി മുതൽ, ഇൻഡക്സേഷൻ ഇല്ലാതെ 12.5% നികുതി അടയ്ക്കുകയോ ഇൻഡക്സേഷൻ ഉൾപ്പെടെ 20% നികുതി അടയ്ക്കുകയോ ചെയ്യുകയോ എന്ന രണ്ട് ഓപ്ഷനുകളിൽ നിന്ന് തങ്ങൾക്ക് അനുകൂലമായത് തിരഞ്ഞെടുക്കാൻ നികുതിദായകർക്ക് സ്വാതന്ത്ര്യമുണ്ട്. ഏതാണോ കുറഞ്ഞ നികുതി അത് നൽകിയാൽ മതിയാകും. മൂലധന നേട്ട നികുതി എന്നത് ഒരു വ്യക്തി അല്ലെങ്കിൽ സ്ഥാപനം ഒരു ആസ്തി വിൽക്കുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് സർക്കാർ ഈടാക്കുന്ന നികുതിയാണ്
#India #politics #ModiGovernment #Uturn #lateralentry #WakfBill