Corruption | കണ്ണൂര്‍ മെഡികല്‍ കോളജ് ജീവനക്കാരന്റെ വിവാദ ബിനാമി പമ്പ്: കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി


● നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപണം.
● അനുമതി നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപം.
● മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത്.
● കൈക്കൂലി വാങ്ങിയെന്ന പരാതി ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ ഭാരത് പെട്രോളിയത്തോട് റിപോര്‍ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ഉടമയായ ടി വി പ്രശാന്തന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പമ്പ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച് റിപോര്‍ട് സമര്‍പിക്കണമെന്നാണ് നിര്‍ദേശം. ബിനാമി ഇടപാട് ഉള്‍പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപോര്‍ട്.
ശ്രീകണ്ഠപുരം നെടുവാലൂരില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ ടി വി പ്രശാന്തന്‍ എന്നയാളാണ് അപേക്ഷ നല്‍കിയത്. എന്‍ഒസി ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടതായാണ് പരാതിയെന്നാണ് ആരോപണം.
കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ഇലക്ട്രികല്‍ വിഭാഗത്തില്‍ ജീവനക്കാരനാണ് പ്രശാന്തന്‍. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്ത് പ്രതികരിച്ചതെന്ന് റിപോര്‍ടര്‍ ടിവി റിപോര്‍ട് ചെയ്തു. പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകന്‍ പറഞ്ഞു.
ക്വാടേഴ്സില്‍ വെച്ചാണ് പണം നല്‍കിയത്. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.
അതേസമയം എഡിഎം കൈക്കൂലി വാങ്ങിയെന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖ റിപോര്‍ടറിന് ലഭിച്ചിരുന്നു. എഡിഎം കൈക്കൂലിക്കാരന്‍ അല്ലെന്ന് പ്രശാന്തന്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണം. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപോര്‍ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല.
#KeralaPolitics #Corruption #Bribery #Investigation #CentralGovernment #PetroleumMinistry #Kannur