Politics | 'കാസ' മുസ്ലിം വിരോധം കുത്തിവെച്ച് ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിൽ എത്തിക്കുന്നു; നഷ്ടം കോൺഗ്രസിന് തന്നെ

 
CASA Muslim hatred to bring Christian votes to BJP; Congress loses
CASA Muslim hatred to bring Christian votes to BJP; Congress loses

Image Credit: Facebook/ CASA

● കേരളത്തിൽ മുസ്ലിം പ്രീണനം നടക്കുന്നുവെന്ന് കാസ ആരോപിക്കുന്നു.
● മയക്കുമരുന്ന് പ്രശ്നങ്ങളിൽ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നു.
● കോൺഗ്രസിൻ്റെ തകർച്ച കാസയുടെ വളർച്ചക്ക് ഒരു കാരണമാണ്.

സോണി കല്ലറയ്ക്കൽ 

(KVARTHA) ബിജെപിയുടെ ദേശീയ തലത്തിലുള്ള അജണ്ടയാണ് കോൺഗ്രസ് മുക്തഭാരതം. അത് കേരളത്തിലും കൂടി നടപ്പാക്കാൻ അവർ എന്തും ചെയ്യും. തീവ്ര കമ്മ്യൂണിസ്റ്റുകളിലോ മുസ്ലിം സമുദായത്തിലോ ഒന്നും ബി.ജെ.പിയ്ക്ക് ഒരു വിള്ളൽ വീഴ്ത്താൻ സാധിക്കുകയില്ലെന്ന് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിനും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും ഒക്കെ നന്നായി അറിയാം. അവർ ലക്ഷ്യം വെയ്ക്കുന്നത് ക്രിസ്ത്യൻ സമുദായത്തെയാണ്. അതിൽ തന്നെ പ്രത്യേകിച്ച് കത്തോലിക്കാ സമുദായത്തെ. അവരിൽ വിള്ളൽ വീഴ്ത്തണം. അതിന് വേണ്ടി ബി.ജെ.പി ചെയ്യുന്നത് മുസ്ലിം വിരോധം ക്രിസ്ത്യാനികളിൽ കുത്തിവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് വിമർശനം. 

കേരളത്തിൽ  ഇടതു വലത് രാഷ്ട്രീയ കക്ഷികൾ മുസ്ലിം പ്രീണനമാണ് നടത്തുന്നതെന്ന് അവർ പ്രചരിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ ബി.ജെ.പിയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഒരു ഏജൻ്റാണ് 'കാസ'യെന്ന സംഘടനയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അവരുടെ ലക്ഷ്യം സമുദായത്തെ രക്ഷിക്കുക എന്നുള്ളതാണ്. അധികാരവും സ്ഥാനമാനങ്ങളും പണവും നേട്ടവും തന്നെ. കഴിഞ്ഞ കാലങ്ങളിൽ കേരളം ഭരിച്ച് ഇടത് - വലത് രാഷ്ട്രീയ കക്ഷികൾ ഇവിടെ എന്ത് മുസ്ലിം പ്രീണനമാണ് നടത്തിയതെന്ന് ആലോചിക്കണം. 

കേരളം പിറന്നിട്ട് ഇത്രനാൾ ആയിട്ട് കൂടി മുസ്ലിം വിഭാഗത്തിൽ ഒരു മുഖ്യമന്ത്രി സി.പി.എമ്മിൽ നിന്നോ കോൺഗ്രസിൽ നിന്നോ ആരും ഉണ്ടായിട്ടില്ല. എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും ഒക്കെ വളരെക്കാലം മുഖ്യമന്ത്രിമാരായി ഇരുന്ന മണ്ണാണ് ഈ കേരളം. മുസ്ലിം സമുദായത്തിൽ ആകെ ഒരു മുഖ്യമന്ത്രി ഉണ്ടായത് മുസ്ലിം ലീഗിൽ നിന്ന്. അത് കുറച്ചു നാളത്തേയ്ക്ക് മാത്രം. സി എച്ച് മുഹമ്മദ് കോയ അല്ലാതെ ഇവിടുത്തെ പ്രബല രാഷ്ട്രീയ കക്ഷികളായ കോൺഗ്രസിൽ നിന്നോ സി.പി.എമ്മിൽ നിന്നോ ഇതുവരെ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് നോക്കി കാണേണ്ടത്. 

മികവുറ്റ മുസ്ലിം നേതാക്കൾ ഇവിടെ ഉണ്ടായിരുന്നുവെന്നും ആലോചിക്കണം. എന്നിട്ടും മുസ്ലിം സമുദായം ഒരു പരിഭവവും ഇതുവരെ ഉയർത്തിയിട്ടില്ല. വേണ്ട, സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്ര മുസ്ലിം വന്നുവെന്നും കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കും മറ്റും എത്ര പേർ എത്തിയെന്നും നോക്കി കാണേണ്ടതാണ്. എന്നിട്ടും കാസ പോലെയുള്ള സംഘടനകളുടെ നേതാക്കൾ പറയുന്നു ഇവിടെ നടക്കുന്നത് മുസ്ലിം പ്രീണനമാണെന്ന്. മയക്കുമരുന്നും ലഹരിയും ഒക്കെ ഇവിടെ കൊണ്ടുവരുന്നത് മുസ്ലിം സമുദായാംഗങ്ങൾ ആണെന്ന് പറഞ്ഞു വരുത്തി ആ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പ്രവണത ഇന്ന് ഏറി വന്നുകൊണ്ടിരിക്കുകയാണ്. 

casa muslim hatred to bring christian votes to bjp congress

ഗുജറാത്ത്, കർണാടക പോലെയുള്ള പല സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നും മദ്യവും ഒക്കെ നിർലോഭം ഇവിടേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുകയാണ് പലരും. എല്ലാം ഒരു സമുദായത്തിൻ്റെ പേരിൽ ചാർത്തിക്കൊടുക്കുന്നു. ഒരു മുസ്ലിം നാമധാരിയുടെ പേര് ഇതുപോലെയുള്ള കാര്യങ്ങളിൽ എവിടെ കണ്ടാലും അതിനെ ഊതിപ്പെരുപ്പിച്ച് വലുതാക്കാൻ ആരൊക്കെയോ ക്വട്ടേഷൻ എടുത്തിരിക്കുന്ന പോലെ തോന്നിപ്പോകുക സ്വഭാവികമാണ്. മറ്റ് സമുദായത്തിൽ പെട്ടവർ ഇതിൽ വന്നിട്ടുണ്ടെങ്കിൽ അത് നിമിഷ നേരം കൊണ്ട് ഒതുക്കുന്ന കാഴ്ച. ഇതൊക്കെയാണ് ഇവിടെ ഇന്ന് നടക്കുന്നത്. 

ഇതിന് മാധ്യമങ്ങളെപ്പോലും വിലയ്ക്ക് എടുത്തിരിക്കുന്ന പോലെയാണ് തോന്നാറുള്ളത്. മത തീവ്രവാദം ഇവിടെ കുറയുന്നില്ലെങ്കിൽ ഇതുപോലെ നാടിനെ നശിപ്പിക്കുന്ന പല സംഗതികളും ഇനിയും ഇവിടെ കൂടും. വലിയൊരു ഭീകരാവസ്ഥയിലേയ്ക്കാണ് ഈ നാടുനീങ്ങുന്നതെന്ന് മനസ്സിലാകും. അതിനൊക്കെ കുടപിടിക്കുന്നവരാണ് ഈ കാസ പോലെയുള്ള സംഘടനകൾ. ക്രിസ്ത്യൻ തീവ്രവാദമായാലും മുസ്ലിം തീവ്രവാദമായാലും ഹൈന്ദവ തീവ്രവാദമായാലും അതിനെ നാമ്പിലെ നുള്ളിക്കളയേണ്ടത് ആവശ്യമാണ്. ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ അവസ്ഥ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇനി കുറഞ്ഞ ഒരു പത്ത് വർഷത്തേയ്ക്ക് എങ്കിലും കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരില്ലെന്ന്. 

ഇത് മനസ്സിലാക്കി ക്രിസ്ത്യൻ സമുദായിക നേതാക്കൾ ബി.ജെ.പിയിലേയ്ക്ക് ചായുന്നതിൻ്റെ ഉദാഹരണമാണ് കാസ പോലെയുള്ള സംഘടനകൾ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്. ബി.ജെ.പി ചിഹ്നത്തിൽ കുത്താൻ മടിക്കുന്ന ക്രിസ്ത്യൻ വോട്ടർമാരെക്കൊണ്ട് കാസയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യിപ്പിക്കണം. ഇതാണ് കാസയുടെ ഉത്ഭവത്തിൻ്റെ പരമപ്രധാനമായ ലക്ഷ്യം. എന്തായാലും ഇതുകൊണ്ട് കേരളത്തിൽ നഷ്ടമുണ്ടാകാൻ പോകുന്നത് യു.ഡി.എഫിന് തന്നെ. കുറച്ചു കാലം ഇതിൻ്റെ നേട്ടം എൽ.ഡി.എഫിനും കിട്ടും. പിന്നീട് എൽ.ഡി.എഫിനെയും ഇല്ലാതാക്കി ബി.ജെ.പി കേരളത്തിൽ ഭരണം പിടിക്കുകയും ചെയ്യും. 

അല്ലാതെ, കാസ കൊണ്ട് സ്വന്തം സമുദായത്തിനോ സമൂഹത്തിനോ ആളുകൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. മുസ്ലിം വിരോധം കുത്തിവെച്ച് ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് ഇവിടെ മതസ്പർദ വളർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് മനസിലാക്കുകയാണ് മതേതര കേരളത്തിലെ ജനങ്ങൾ ചെയ്യേണ്ടത്. കാസ പോലെ, മറ്റ് മതങ്ങളോടുള്ള വിരോധം കുത്തിവെയ്ക്കാൻ ശ്രമിക്കുന്നവർ ബിഷപ്പ് ആയാലും വികാരിയായാലും എതിർക്കപ്പെടേണ്ടതാണ്. ക്രിസ്ത്യൻ വർഗീയതയുമായി നടക്കുന്ന ആരെയും ഒറ്റപ്പെടുത്താൻ ക്രൈസ്തവർ തയാറാകണം. അത് ക്രിസ്തുവിൻ്റെയോ ക്രിസ്ത്യാനിയുടെയോ മാർഗമല്ല.


CASA is accused of spreading Muslim hatred to attract Christian votes to the BJP, which will ultimately harm the Congress in Kerala. The article argues that this is a strategy to create religious discord for political gain.

#KeralaPolitics #BJP #Congress #CASA #ReligiousDiscord #PoliticalStrategy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia