Controversy | വിവാദമായ ബ്രോഡ്‌കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സർക്കാർ; പുതിയ കരട് തയ്യാറാക്കും 

 
Controversy

Representational Image Generated by Meta AI

1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവരുന്നത്.

ന്യൂഡൽഹി: (KVARTHA) കേന്ദ്ര സർക്കാർ ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് (റെഗുലേഷൻ) ബില്ലിൻ്റെ കരട് പിൻവലിച്ചു. രാജ്യത്തെ മുഖ്യധാര ഓൺലൈൻ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ​മാർക്കും കനത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിർദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്ന് വിമർശനം ഉയർന്നിരുന്നു. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവരുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് ബിൽ തയ്യാറാക്കിയത്. കരട് കൈവശമുള്ളവരോട് ഇത് കേന്ദ്ര സ‍ർക്കാരിന് തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കരടിന് മേലുള്ള അഭിപ്രായം നൽകേണ്ടതില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. ബ്രോഡ്‌കാസ്റ്റർമാർ, അസോസിയേഷനുകൾ, സ്ട്രീമിങ് സർവീസ് കമ്പനികൾ, പ്രധാന ടെക് കമ്പനികൾ എന്നിവ‍ർക്കാണ് നേരത്തെ ബില്ലിൻ്റെ കരട് അയച്ചിരുന്നത്.

വിപുലമായ ചർച്ചകൾക്ക് ശേഷം പുതിയ കരട് പ്രസിദ്ധീകരിക്കും. പുതിയ കരടിനെക്കുറിച്ചുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി 2024 ഒക്ടോബർ 15 വരെ നീട്ടിയിട്ടുണ്ട്.

എന്താണ് ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് (റെഗുലേഷൻ) ബിൽ?

1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരമായാണ് ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം നീക്കം നടത്തിയത്. യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ്‌ കേന്ദ്രത്തിൻ്റെ നീക്കം. കണ്ടന്റ്‌ നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌ ’ എന്നാണ് കരട് ബില്ലില്‍ നിർവചിക്കുന്നത്‌.

നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല, പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ്‌ നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം, പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഉണ്ടായിരുന്നത്.

എന്തുകൊണ്ടാണ് ബിൽ പിൻവലിച്ചത്?

ബില്ലിൻ്റെ കരട് പുറത്തുവന്നപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്ക വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. വ്യക്തിഗത ഉള്ളടക്ക സ്രഷ്‌ടാക്കളും ഡിജിറ്റൽ ബ്രോഡ്‌കാസ്റ്റർമാരും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ബിൽ പിൻവലിച്ചത്. പുതിയ കരട് തയ്യാറാക്കുന്നതിന് മുമ്പ് വിപുലമായ ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.

#BroadcastBill #Censorship #India #DigitalMedia #FreeSpeech #SocialMedia #News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia