Allegation | നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതിയിൽ പുതിയ വഴിത്തിരിവ്; പ്രശാന്തന്റെ പാട്ടക്കരാറിലും പരാതിയിലും ഒപ്പിൽ വ്യത്യാസം; തെളിവുകൾ പുറത്ത്; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി
● നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്ന സൂചന
● റവന്യൂ വകുപ്പ് ഉന്നതതല അന്വേഷണം നടത്തുന്നു
● എൻഒസി നൽകിയ തീയതിയിലും വ്യത്യാസം
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിനെതിരേ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പുതിയ വഴിത്തിരിവ്. പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ നിരവധി സംശയങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചിരിക്കുന്നത്. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.
കൂടാതെ, പരാതിയിൽ പരാതിക്കാരൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി എൻഒസി നൽകിയ തീയതിയിലും വൈരുദ്ധ്യമുണ്ട്. പരാതിക്കാരനായ പ്രശാന്ത് പെട്രോൾ പമ്പിന് എൻഒസി എട്ടാം തീയതി ലഭിച്ചുവെന്നാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത്, എന്നാൽ ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത് എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണെന്നാണ്. ഈ വൈരുദ്ധ്യം, പ്രശാന്തൻ നൽകിയ പരാതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ഇതിനിടെ, നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന കലക്ടറെ ചുമതലയിൽ നിന്ന് മാറ്റി. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പങ്കെടുത്തത് കലക്ടറുടെ ക്ഷണമനുസരിച്ചായിരുന്നുവെന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ജാമ്യാപേക്ഷയിൽ കക്ഷിചേരുമെന്നും നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളും, പെട്രോൾ പമ്പിനുള്ള അപേക്ഷയുടെ ഫയൽ നീക്കവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അന്വേഷിക്കുന്നതിൽ നിന്നാണ് കണ്ണൂർ കലക്ടർ അരുൺ കെ വിജയനെ മാറ്റിയിരിക്കുന്നത്. മന്ത്രി കെ രാജന്റെ നിർദേശപ്രകാരം റവന്യൂ സെക്രടറി ഈ വിവരം കലക്ടറെ അറിയിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളും നടപടിക്രമങ്ങളും, ജില്ലാ പഞ്ചായത് മുൻ പ്രസിഡന്റ് പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങൾ, പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ കാലതാമസം ഉണ്ടായി എന്ന ആരോപണം ഉയർന്ന ഫയൽ പരിശോധന എന്നിവ ഉൾപ്പെടുന്നു.
#KeralaNews #NaveenBabu #Bribery #Investigation #Death #Controversy