Politics | 'മുസ്ലിംകൾ എന്തൊക്കെയോ തട്ടിയെടുക്കുന്നു?' ഈ പ്രചാരണത്തിന് കുടപിടിക്കുന്നവരാണ് ബിജെപിയെ വളർത്തുന്നത്, അത് ഇടതുപക്ഷം ആയാലും!


സി.പി.എമ്മിന് മുന്നില്‍ ത്രിപുര, ബംഗാൾ ഒക്കെ ഉണ്ട്, എന്നിട്ടും മനസില്‍ ആവുന്നില്ല എങ്കില്‍ പിന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല
കെ ആർ ജോസഫ്
(KVARTHA) കേരളത്തിൽ ശരിക്കും ഒരു ഇടതുപക്ഷ - ബി.ജെ.പി അച്ചുതണ്ട് രൂപപ്പെടുന്നുണ്ടോ? കേരളത്തിൽ ഹിന്ദുത്വത്തെ തടയാൻ ഇടതുപക്ഷത്തിന് കഴിയാത്തത് ഇതുകൊണ്ടോ? ശരിക്കും ചിന്തിച്ചാൽ ഈ പറയുന്ന വാക്കുകൾക്ക് സത്യമുണ്ടെന്ന് തോന്നും. കൈരളി ടിവിയുടെ മുൻ ന്യൂസ് എഡിറ്റർ മനില സി മോഹൻ്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ ഇതാണ്.
'കഴിഞ്ഞ ഇലക്ഷൻ കാലത്ത് ദേശാഭിമാനിയിൽ വന്ന ഒരു തലക്കെട്ടിനെക്കുറിച്ച് പറയാം. കോൺഗ്രസ് 50 സീറ്റ് തികയ്ക്കില്ല എന്നായിരുന്നു ദേശാഭിമാനിയുടെ തലക്കെട്ട്. ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായ കോൺഗ്രസ്, ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായ സി.പി.എം. സി.പി.എമ്മിൻ്റെ മുഖപത്രമായ ദേശാഭിമാനിയിൽ 50 സീറ്റ് തികയ്ക്കില്ല കോൺഗ്രസ് എന്ന തലക്കെട്ട് വരുമ്പോൾ ഇലക്ഷൻ കാലത്ത് അത് ആരെയാണ് സഹായിക്കുന്നത്. ഒരു സംശയവുമില്ല അത് സംഘപരിവാറിനെയാണ് സഹായിക്കുക. കേരളത്തിൽ ഇരുന്നുകൊണ്ട് പാർട്ടി മുഖപത്രത്തിൽ അത്തരമൊരു ഹെഡിംഗ് ഒരു പൊതുബോധത്തെ രൂപപ്പെടുത്തുന്നുണ്ടെങ്കിൽ അത് വലതുപക്ഷത്തിന് സംഘപരിവാറിന് ബി.ജെ.പി യ്ക്ക് അനുകൂലമായ തലക്കെട്ട് തന്നെയാണെന്ന് ഞാൻ പറയും.
അതിന് മുൻപ് നമുക്ക് അറിയാം ഹിന്ദുത്വ വർഗീയത കേരളത്തിൽ വേരൂന്നിയിരിക്കുന്നത് ഒരു സുരേഷ് ഗോപി ജയിച്ചപ്പോൾ അല്ല. നമ്മൾ അതിൻ്റെ ഭീകരതയെക്കുറിച്ച് ആലോചിക്കേണ്ടത്. ആറ്റിങ്ങലിൽ നമ്മുടെ എൽ.ഡി.എഫോ യു.ഡി.എഫോ എൻ.ഡി.എ യെ സഖ്യമോ ജയിക്കുമ്പോൾ അല്ല നമ്മൾ സഘപരിവാറിൻ്റെ നീരാളിപ്പിടുത്തത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത്. രാജീവ് ചന്ദ്രശേഖർ എന്ന് പറയുന്ന ഏഷ്യാനെറ്റ് ഉടമ തിരുവനന്തപുരത്ത് വെറും 15,000 വോട്ടിന് തോൽക്കുമ്പോൾ അല്ല നമ്മൾ പൊതുസമൂഹത്തിൽ ഊന്നിനിൽക്കുന്ന സംഘപരിവാറിൻ്റെ ആശങ്കയെക്കുറിച്ച് ഓർക്കേണ്ടത്. അത് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ഇവിടെ രൂപപ്പെടുത്തി പാകപ്പെടുത്തിയെടുത്ത സംഘപരിവാറിന് അനുകൂലമായ ഒരു രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥ രൂപപ്പെടുത്തിയതുകൊണ്ടാണ്.
അതിലേയ്ക്ക് വളരെപ്പെട്ടെന്ന് സുരേഷ് ഗോപി ജയിച്ചതാണ്. അത് ഒരു സുപ്രഭാതത്തിൽ സംഭവിച്ച കാര്യമേയല്ല. അതിന് ദീർഘമായ കാലത്തെ കാത്തിരിപ്പിൻ്റെ നിരന്തരമായ സോഷ്യൽ എഞ്ചിനിയറിംഗിൻ്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടുള്ള ഒരു കാത്തിരിപ്പും പ്രവർത്തന ശൈലിയുമുണ്ട്. അത് തിരിച്ചറിയുന്നതിൽ ഇവിടെ പരാജയപ്പെട്ടിട്ടുള്ളത് ഇടതുപക്ഷം തന്നെയാണ്. ഇടതുപക്ഷം ഒരു 19 സീറ്റിൽ തോൽക്കുമ്പോഴും അപ്പുറത്ത് ഒരു സീറ്റിൽ വിജയിച്ചുകൊണ്ട് ബി.ജെ.പി നിൽക്കുന്നു. വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്. അത് നമ്മളെ ഭീതിപ്പെടുത്തുന്നില്ലെങ്കിൽ നമ്മൾ ഒരു സമൂഹമെന്ന നിലയിൽ വലിയ പരാജയങ്ങളിലേയ്ക്കുള്ള ഒരു മുന്നൊരുക്കമായി നമ്മൾ അതിനെ കാണേണ്ടി വരും.
കേരളത്തിൽ സൂര്യ ടിവി യ്ക്ക് ശേഷം ശബരിമല ലൈവ് ആദ്യമായി ടെലകാസ്റ്റ് ചെയ്യുന്നത് കൈരളി ടിവിയാണ്. അതിൻ്റെ അവതാരകൻ ആയിട്ടാണ് ഇന്ന് ടെലിവിഷൻ ചാനലുകളിൽ സംഘപരിവാറിൻ്റെ നാവായി പ്രവർത്തിക്കുന്ന രാഹുൽ ഈശ്വർ എന്ന് പറയുന്ന വ്യക്തിയെ ആദ്യമായി അവതരിപ്പിക്കുന്നത് കൈരളി ടിവിയാണ്. ഇതിൻ്റെ ഒരു കുറ്റകരമായ ഭാരത്തിൽ നിന്ന് ഇടതുപക്ഷത്തിന് അല്ലെങ്കിൽ അതിൻ്റെ മാധ്യമ ശൈലിയ്ക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. ഇതിനേക്കാൾ കൃത്യമായി ഇക്കാര്യം പറയാനാവില്ല. ഈ ഇലക്ഷനിൽ തകർന്നടിഞ്ഞതിന് ശേഷം സി.പി.എമ്മിൽ നിന്ന് ആദ്യ പ്രതികരണം വന്നത് സി.പി.എമ്മിൻ്റെ മുതിർന്ന നേതാവ് എ.കെ ബാലനിൽ നിന്നായിരുന്നു. ബാലൻ പറഞ്ഞത്, ജമാഅത്തെ ഇസ്‌ലാമിയും പി.എഫ്.ഐയുമാണ് യു.ഡി.എഫിന്റെ ഇലക്ഷൻ അജണ്ട നിശ്ചയിച്ച് നടപ്പിലാക്കിയതെന്നാണ്. നന്നാവൂല എന്നർത്ഥം.
മുസ്‌ലിം എന്ന പേരിൽ വരുന്നതെല്ലാം ഇസ്ലാമിക ഭീകരതയാക്കുന്ന വിജയരാഘവനും കടകംപള്ളിയും ഗോവിന്ദനുമൊക്കെ ഇടതുപക്ഷമായിരിക്കുന്ന കാലത്ത് ഒരു മാറ്റവും ഇതിന് പ്രതീക്ഷിക്കേണ്ട എന്ന് ചുരുക്കം. പിന്നെ താത്കാലിക ലാഭത്തിന് വേണ്ടി ഇടതുപക്ഷം പ്രവർത്തിച്ചതിൻ്റെ ഫലമായി രൂപപ്പെട്ടതാണ് ഈ അവസ്ഥ എന്ന് വ്യക്തം. ഉദാഹരണത്തിന് പച്ച നുണ മുസ്ലിം വിരുദ്ധതയായി പ്രചരിപ്പിക്കുമ്പോൾ അങ്ങിനെ കുറച്ച് നടക്കട്ടെ എന്ന് കരുതി അതിനെതിരെ സർക്കാറിൻ്റെ ഭാഗത്ത് നിന്നോ അല്ലെങ്കിൽ പാർട്ടിയുടെ ഭാഗത്ത് നിന്നോ യഥാർത്ഥ സത്യം ജനങ്ങളെ അറിയിക്കാൻ ശ്രമിക്കാറില്ല. ഉദാഹരണം. കേരള സർക്കാർ മദ്രസാ അദ്ധ്യാപകർക്ക് പെൻഷൻ കൊടുക്കുന്നു എന്ന് പ്രചരിപ്പിച്ചപ്പോൾ അതിൻ്റെ വ്യക്തത പറഞ്ഞു ജനങ്ങളെ ബോധ്യമാക്കൽ സർക്കാറിൻ്റെ കടമയായിരുന്നു. എന്നാൽ ഈ കളവ് നാടൊക്കെ പ്രചരിപ്പിക്കാൻ അവസരം കൊടുത്ത് സർക്കാർ നോക്കുകുത്തിയായി നോക്കി നിന്നു.
അതുപോലെ വെള്ളാപ്പള്ളിയുടെ ആരോപണം, മുസ്ലികൾ എന്തൊക്കെയോ തട്ടിയെടുക്കുന്നു എന്ന ആരോപണം, അതും പ്രചരിക്കാൻ സർക്കാർ വഴി വെച്ച് കൊടുത്തിരിക്കയാണ്. എന്നാൽ എന്താണ് മുസ്ലിംകൾ തട്ടിയത് എന്ന് ചോദിക്കാനുള്ള ആർജ്ജവം പോലും സർക്കാരോ പാർട്ടിയോ ഇതുവരേ തയ്യാറായിട്ടില്ല. ഇതൊക്കെ ഇവിടെ ആരെ വാഴിക്കാൻ എന്ന് തിരിച്ചറിയണം. ആകെ പോൾ ചെയ്ത വോട്ട് 65 -70 ശതമാനം. അതിൽ 20 ശതമാനത്തിനടുപ്പിച്ച് ബി.ജെ.പി കേരളത്തിൽ കൊണ്ട് പോയെങ്കിൽ അത് അവരുടെ വിജയം അല്ല, കമ്മ്യൂണിസത്തിൻ്റെ പരാജയം ആണ് എന്നത് കൂടി മനസിലാക്കണം. മുഖ്യൻ പറഞ്ഞപോലെ കേന്ദ്രത്തിന് എതിരായ് ജനം വോട്ടു ചെയ്തു എങ്കിൽ വോട്ടിംഗ് ശതമാനം പരിശോധിച്ചാൽ മുൻഗണന ബി ജെ പിക്കു തന്നെയാണ്. നോട്ടയുടെ വോട്ട് പരിശോധിച്ചാൽ ഭരണവിരുദ്ധത മനസിലാകും.
എൽ.ഡി.എഫ് ലാഘവ ബുദ്ധിയോടെ ബി.ജെ.പിയെ കണ്ടു. തങ്ങളുടെ പാർട്ടി വോട്ട് തങ്ങൾക്ക് ലഭിക്കും. പിന്നെ യു.ഡി.എഫ് വോട്ട് ആണ് കോൺഗ്രസും ബി.ജെ.പിയും ചേർന്ന് പിടിക്കുന്നത്, അത് കോൺഗ്രസിനെ ദോഷം വരുത്തൂ, ബി.ജെ.പി യ്ക്ക് ഒരു കാലത്തും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും വോട്ട് ചെയ്യില്ല, മാത്രമല്ല. ബി.ജെ.പിയെ എതിർക്കാൻ വേണ്ടി തങ്ങളുടെ കൂടെ നിൽക്കും, ഈ ധാരണ ബി.ജെ.പി പൊളിച്ചു എന്നതാണ് സത്യം. അവർ ക്രിസ്ത്യാനികളെ കൂട്ടുപിടിച്ചു. മുസ്ലിങ്ങളേയും എൽ.ഡി.എഫിനേയും എതിർത്തു. ഉള്ളിൽ മുസ്ലിം വിരോധം സൂക്ഷിക്കുന്ന ക്രിസ്ത്യാനികൾ ബി.ജെ.പി യെ സഹായിച്ചു. അതിൻ്റെ കാരണം. എൽ.ഡി.എഫ് വന്നാലും തങ്ങൾക്ക് അല്ല നേട്ടം അത് മുസ്ലിംങ്ങൾ കൊണ്ടുപോകും എന്ന് അവർ പ്രചരിപ്പിച്ചു. ആ പ്രചരണം ഈഴവരും ഏറ്റെടുത്തു. ധാരാളം പേർ മറുകണ്ടം ചാടി. ഫലത്തിൽ സി.പി.എമ്മിൻ്റെ അടവ് നയം പാളി'.
മനില പറയുന്നതിനെ എതിർത്തിട്ട് കാര്യം ഇല്ല. പരാജയ കാരണം കണ്ട് പിടിച്ച് ഇനിയെങ്കിലും ഇടതുപക്ഷം തിരുത്തണം. അല്ലെങ്കിലും തന്നെ സി.പി.എം എവിടെയാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായത്. ബി.ജെ.പിക്ക് എതിരെ എന്ന് പറയുന്നതിൻ്റെ കുട്ടത്തിൽ ഇന്ത്യമുന്നണിയുടെ കൂടെ എന്ന് പറഞ്ഞു അത്രമാത്രം. ഒരു ഇടത് എം.എൽ.എ രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പറയുന്നതുവരെ നമ്മളൊക്കെ കേട്ടതാണ്. മുഖ്യമന്ത്രിയാണെങ്കിൽ ഇന്ത്യാ സഖ്യത്തിൻ്റെ നേതാവിനെ അടിക്കടി ആക്ഷേപിക്കാൻ മെനക്കെട്ടപ്പോൾ മോദിയ്ക്ക് എതിരെ ഒരു വാക്ക് പോലും പറയാഞ്ഞതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ കേരളത്തിൽ സംഘികളേക്കാൾ പരിഹസിച്ചത് സഖാക്കളായിരുന്നു എന്നത് മറക്കരുത്.
ഒരു ഇടത് എം.എൽ.എ രാഹുൽ ഗാന്ധിയുടെ ഡി.എൻ.എയിൽ സംശയമുണ്ടെന്ന് ഒരുളുപ്പും ലജ്ജയുമില്ലാതെ പറഞ്ഞപ്പോൾ അതിനെ പിന്താങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സി.പി.എമ്മിന് സംഘികളേക്കാൾ വലിയ ശത്രു കോൺഗ്രസാണ് എന്ന് തെളിയിക്കുന്നതല്ലെ ഇത്. സി.പി.എമ്മിന് മുന്നില്‍ ത്രിപുര, ബംഗാൾ ഒക്കെ ഉണ്ട്, എന്നിട്ടും മനസില്‍ ആവുന്നില്ല എങ്കില്‍ പിന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് കൃത്യമായ നിരീക്ഷണം തന്നെ, പക്ഷേ അത് മനസ്സിലാക്കാൻ നേതാക്കൾക്ക് ഇനിയും വർഷങ്ങളോളം സഞ്ചരിക്കേണ്ടി വന്നാൽ ഒരു പക്ഷേ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായത്ര ദൂരത്തേക്ക് പാർട്ടിക്ക് പോകേണ്ടി വരും. മനില പറഞ്ഞതിലും ചില സത്യങ്ങൾ ഉണ്ട്. മേലിൽ എങ്കിലും ഇത്തരം വാർത്ത കൊടുക്കുമ്പോൾ ഒന്ന് വിലയിരുത്തിയാൽ നന്നായിരുന്നു. കമ്പി നിവർത്തുന്നവർ പുറത്ത് നിന്നു നോക്കുമ്പോൾ കാണുന്ന വളവുകൾ കാണണം.