BJP Protest | കണ്ണൂരിൽ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ; പിഴുതെടുത്ത കൊടിമരം പുനഃസ്ഥാപിച്ചു, കൊടിയും ഉയർത്തി


● സിഐക്കെതിരെ ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കി.
● ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ചുള്ള കൊടിമരമാണ് നശിപ്പിച്ചത്.
● സിഐയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ആരോപിച്ചു.
കണ്ണൂർ: (KVARTHA) കണ്ണപുരത്ത് പൊലീസ് പിഴുതുമാറ്റിയ കൊടിമരം ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ പ്രകടനത്തോടെ പുനഃസ്ഥാപിച്ചു. തുടർന്ന് അവർ കൊടിയും ഉയർത്തി. കല്യാശേരി സി.ഐ.യുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. കണ്ണപുരം ചൈനക്ലേ റോഡിൽ നിന്നാരംഭിച്ച പ്രകടനം കണ്ണപുരം പോലീസ് സ്റ്റേഷനിൽ സമാപിച്ചു. നൂറോളം വരുന്ന ബി.ജെ.പി. പ്രവർത്തകർ കണ്ണപുരം സി.ഐ.ക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചു. ഇതിനുശേഷം പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ്, ജില്ലാ സെൽ കോഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, ജില്ലാ കമ്മിറ്റിയംഗം മധി മാട്ടൂൽ, സുജിത്ത് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ ധർണ്ണയ്ക്ക് ശേഷം ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ്കുമാർ പിഴുതുമാറ്റിയ കൊടിമരം പുനഃസ്ഥാപിക്കുകയും പാർട്ടി പതാക ഉയർത്തുകയും ചെയ്തു.
ബി.ജെ.പി. സ്ഥാപന ദിനത്തിൻ്റെ ഭാഗമായി ഉയർത്തിയ പതാകയും കൊടിമരവും കണ്ണപുരം സി.ഐ. ബാബുമോൻ്റെ നേതൃത്വത്തിൽ ഇരുട്ടിൻ്റെ മറവിൽ പിഴുതെടുത്ത് നശിപ്പിച്ചെന്നാരോപിച്ചാണ് ബി.ജെ.പി. നേതൃത്വം രംഗത്തുവന്നത്. കണ്ണപുരം-ചെറുകുന്ന് മേഖലയിൽ അധികാരത്തിൻ്റെ തണലിൽ ബി.ജെ.പി.ക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിൻ്റെ ഭാഗമാണ് സി.ഐ.യുടെ നടപടിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം.
കണ്ണപുരം ചൈന ക്ലേ റോഡിൽ ഉയർത്തിയ ബി.ജെ.പി.യുടെ കൊടിമരമാണ് കണ്ണപുരം സി.ഐ. ബാബുമോൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് നശിപ്പിച്ചത്. സി.ഐ.യുടെ നേതൃത്വത്തിൽ കൊടിമരം പിഴുതെടുക്കുന്നതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണപുരം ഭാഗത്ത് എവിടെയും കൊടിമരം ഉയർത്തിയാൽ ഇതുപോലെ ഇരുട്ടിൻ്റെ മറവിൽ കണ്ണപുരം പോലീസ് തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണെന്നും പോലീസിൻ്റെ ഈ നടപടി സംഘർഷത്തിന് വഴിയൊരുക്കുകയാണെന്നും ബി.ജെ.പി. നേതാക്കൾ ആരോപിച്ചു.
ബി.ജെ.പി. ശക്തികേന്ദ്രങ്ങളെ സംഘർഷ മേഖലയെന്ന് പ്രചരിപ്പിച്ച് സംഘപരിവാർ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പോലീസ് ഇല്ലാതാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ സി.ഐ.യായി നിയമിക്കപ്പെട്ടത് സി.പി.എം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണെന്നും പാർട്ടി വിധേയത്വം കാരണമാണ് സംഘപരിവാർ സംഘടനകളുടെ കൊടിമരവും പതാകയും മാത്രം തിരഞ്ഞുപിടിച്ച് സി.ഐ.യുടെ നേതൃത്വത്തിൽ നശിപ്പിക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു.
കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി. ഇതര സംഘടനകളുടെ പതാകകൾ സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കെ ഇവയൊന്നും നശിപ്പിക്കാതെ ബി.ജെ.പി.യുടേത് മാത്രം നശിപ്പിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു.
In Kannur, BJP workers protested against the police for allegedly uprooting their flagpole in Kannapuram. They held a march, raised threatening slogans against the CI, and later reinstalled the flagpole and hoisted the flag. The BJP alleges that the CI's actions were politically motivated and aimed at suppressing their activities, especially as it coincided with their foundation day.
#Kannur #BJP #Police #Protest #KeralaPolitics #FlagpoleIssue