Allegation | ബിജെപി ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ വഖഫ് ബില്‍ വിവാദം ഉപയോഗിക്കുന്നുവോ?
● ഒക്ടോബര്‍ അവസാനം, ബിജെപി എംപി തേജസ്വി സൂര്യ കര്‍ണാടക വിജയ്പുര ജില്ലയിലെ കര്‍ഷകരെ സന്ദര്‍ശിച്ചു
● ഹൊനവാഡയിലെ ഒരു ഗ്രാമത്തില്‍ ഏകദേശം 1,500 ഏക്കറാണ് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടത്.
● സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്ക് നല്‍കിയ ഇത്തരം നോട്ടീസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
ന്യൂഡല്‍ഹി: (KVARTHA) ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് നടപ്പാക്കാനായി ബിജെപി നിരവധി വ്യാജപ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളുമാണ് നടത്തുന്നതെന്ന് പ്രതിപക്ഷം നാളുകളായി ആരോപിക്കുകയാണ്. അവരുടെ ഏറ്റവും പുതിയ ആയുധമാണ് വഖഫ് നിയമഭേദഗതി ബില്‍ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ പുതിയ നിയമഭേദഗതി കൊണ്ട് സാധിക്കുമെന്ന പ്രചരണമാണ് സംഘപരിവാര്‍-ബിജെപി നേതാക്കള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. സമരവേദിയിലടക്കം അവര്‍ ഇക്കാര്യം ഉന്നയിച്ചുകഴിഞ്ഞു.
ഒക്ടോബര്‍ അവസാനം, ബിജെപി എംപി തേജസ്വി സൂര്യ കര്‍ണാടക വിജയ്പുര ജില്ലയിലെ കര്‍ഷകരെ സന്ദര്‍ശിച്ചു, തങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി യഥാര്‍ത്ഥത്തില്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന നോട്ടീസ് ലഭിച്ചതായി അവര്‍ പറഞ്ഞു. എന്നാല്‍ തെളിവുകളോ മറ്റ് വിശദീകരണങ്ങളോ ഇല്ലാതെയാണ് നോട്ടീസ് അയച്ചതെന്ന് സൂര്യ ആരോപിച്ചു. ഹൊനവാഡയിലെ ഒരു ഗ്രാമത്തില്‍ ഏകദേശം 1,500 ഏക്കറാണ് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടത്. എന്നാല്‍ വിജയ്പുര വില്ലേജിലെ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചത് ഗസറ്റ് വിജ്ഞാപനത്തിലെ പിഴവാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്ക് നല്‍കിയ ഇത്തരം നോട്ടീസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
എന്നാല്‍ വിജയ്പുരയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഹാവേരി ജില്ലയില്‍ നോട്ടീസ് കാരണം അക്രമം ഉണ്ടായി. കടക്കോല്‍ ജില്ലയിലെ ഗ്രാമവാസികള്‍ മുസ്ലീംങ്ങളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു, തങ്ങളുടെ ഭൂമിയും വഖഫ് സ്വത്തായി അവകാശപ്പെടുമെന്ന് നാട്ടുകാര്‍ ഭയപ്പെട്ടു. ധാര്‍വാഡിലും കല്‍ബുര്‍ഗിയിലും കര്‍ഷകര്‍ ഇതേ ആശങ്കകളാല്‍ പ്രതിഷേധം നടത്തി. വഖഫ് ബോര്‍ഡുകള്‍ ഭൂമി കയ്യേറ്റക്കാരാണെന്നും അടിയന്തരമായി നിയമം പരിഷ്‌കരിക്കണമെന്നുമുള്ള ധാരണ ഉയര്‍ത്തിപ്പിടിക്കാന്‍ ജനരോഷം ബിജെപി ആയുധമാക്കി. ഹിന്ദുക്കളുടെയും സര്‍ക്കാരിന്റെയും ഭൂമി അനധികൃതമായി കൈക്കലാക്കുന്നതിന് മുസ്ലീങ്ങള്‍ ഭൂമി ജിഹാദ് നടത്തുകയാണെന്ന് പ്രചാരണം സംഘപരിവാറും അഴിച്ചുവിടുന്നു.
സമുദായ ക്ഷേമത്തിനായി മുസ്ലീങ്ങള്‍ നടത്തുന്ന ചാരിറ്റബിള്‍ പ്രസ്ഥാനമാണ് വഖഫ്. 1995-ലെ വഖഫ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള, അധികാരമുള്ള സംസ്ഥാനതല ബോഡികളാണ് ഇവ നിയന്ത്രിക്കുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനുമായി രാജ്യത്ത് 30 വഖഫ് ബോര്‍ഡുകളുണ്ട്. രാജ്യത്തുടനീളം ഏകദേശം ഒന്‍പത് ലക്ഷം സ്വത്തുക്കള്‍ ഇവ നിയന്ത്രിക്കുന്നു.
ബിജെപിയുടെ തന്ത്രം
വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നവംബര്‍ 28ന് ലോക്സഭ നീട്ടിയപ്പോഴും കര്‍ണാടകയില്‍ അക്രമങ്ങള്‍ ഉണ്ടായി. ബോര്‍ഡുകളുടെ അധികാരം തടയുമെന്ന് വ്യക്തമാക്കി ഭേദഗതി പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലീം സംഘടനകളും ബില്ലിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് കരട് നിയമനിര്‍മ്മാണം ഓഗസ്റ്റിലാണ് പാര്‍ലമെന്ററി സമിതിക്ക് അയച്ചത്. ബോര്‍ഡുകളുടെ കൂടുതല്‍ നിയന്ത്രണം സര്‍ക്കാരിന് നല്‍കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്തുക്കള്‍ ദാനം ചെയ്യുന്നത് നിയന്ത്രിക്കാനും സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന വഖഫ് ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനും ഭേദഗതികള്‍ അനുവദിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്ററി പാനല്‍ നവംബര്‍ 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാല്‍ കാലാവധി നീട്ടിയതോടെ ഫെബ്രുവരിയില്‍ ആരംഭിക്കാനിരിക്കുന്ന അടുത്ത ബജറ്റ് സമ്മേളനത്തിന്റെ അവസാനം സമര്‍പ്പിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. സമിതിയിലെ പ്രതിപക്ഷ നേതാക്കള്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്. ബില്ലിനെ എതിര്‍ക്കുന്നവരുടെ വിജയമായി ഇത് കാണുന്നു. ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് അനുകൂലമായി പൊതുജനാഭിപ്രായം ഉയര്‍ത്താനാണ് ബിജെപി കാലാവധി നീട്ടിയതെന്ന് പ്രതിപക്ഷത്തെ ചില നേതാക്കളും മുസ്ലിം സംഘടനകളും പറഞ്ഞു.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ വഖഫ് ബോര്‍ഡുകള്‍ക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ ബി.ജെ.പി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പാര്‍ലമെന്റ് പാനലിലെ അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കല്യാണ് ബാനര്‍ജി പറഞ്ഞു. മുസ്ലീങ്ങളെ മോശം പൗരന്മാരായി ചിത്രീകരിക്കാനും സമുദായത്തിനെതിരെ ഹൈന്ദവ വോട്ടര്‍മാരെ ഒന്നിപ്പിക്കാനുമുള്ള ബിജെപിയുടെ പുതിയ തന്ത്രമാണിതെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ മുന്‍ അഭിഭാഷകന്‍ വജീഹ് ഷഫീഖ് കൂട്ടിച്ചേര്‍ത്തു.
'ലാന്‍ഡ് ജിഹാദ്'
വഖഫ് ബോര്‍ഡുകളുടെ മേല്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് ബിജെപി നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. ഉദാഹരണത്തിന്, സര്‍ക്കാരും വഖഫ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ജില്ലാ കളക്ടറുടെ ഓഫീസാണെന്നാണ് ബില്ലില്‍ പറയുന്നത്. ഏതെങ്കിലും കളക്ടര്‍മാര്‍ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച ചരിത്രമുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്.
എല്ലാ വഖഫ് സ്വത്തുക്കളും ദേശസാത്കരിക്കണമെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആവശ്യപ്പെട്ടു. നവംബറില്‍ സംസ്ഥാനത്തെ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ബിജെപി ബില്‍ ആയുധമാക്കി. ഹിന്ദുക്കള്‍ കൃഷി ചെയ്യുന്ന ഭൂമികള്‍ വഖഫ് സ്വത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
എറണാകുളം ജില്ലയിലെ മുനമ്പം തീരത്ത് 404 ഏക്കര്‍ വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി 600 ഓളം ഹിന്ദു, ക്രിസ്ത്യന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ 1960 മുതല്‍ കേസ് നടത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് നിയമവിരുദ്ധമായി അവകാശവാദം ഉന്നയിക്കുന്നെന്ന് ആരോപിച്ച് സീറോ മലബാര്‍ സഭ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് കത്തെഴുതിയിരുന്നു. കര്‍ണാടകയിലെ തര്‍ക്കത്തിന്റെ അതേ സമയത്താണ് ഈ വിഷയം ഉയര്‍ന്നത്. പരാതികള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇവര്‍ക്കെല്ലാം ഉറപ്പ് നല്‍കിയിരുന്നു.
ബില്ലിലെ ഭേദഗതികള്‍ വഖഫ് ബോര്‍ഡിന്റെ 'ക്രൂരത' അടിച്ചമര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞിരുന്നു. വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ ശബരിമല ക്ഷേത്രവും തമിഴ്നാട്ടിലെ വേളാങ്കണ്ണി പള്ളിയും വഖഫ് ബോര്‍ഡ് അവകാശപ്പെടുമെന്നും ആരോപിച്ചു.
തമിഴ്നാട്ടിലും വഖഫ് ബോര്‍ഡിനെതിരെ 'ലാന്‍ഡ് ജിഹാദ്' ആരോപിച്ച് ബിജെപി സമാനമായ പ്രചരണം നടത്തി. 600 പേരുടെ ഭൂമിയിലും തിരുച്ചെന്തുരൈ ക്ഷേത്രത്തിലും വഖഫ് ബോര്‍ഡ് അനധികൃതമായി അവകാശം ഉന്നയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ ആരോപിച്ചു. ബിജെപി വഖഫ് ബോര്‍ഡുകളെ ആയുധമായി ഉപയോഗിച്ച് മുസ്ലിം സമുദായത്തെയാകെ ലക്ഷ്യമിട്ട് ലാന്‍ഡ് ജിഹാദ് പ്രചരണം നടത്തുകയാണെന്ന് പാര്‍ലമെന്ററി പാനലില്‍ അംഗവും കോണ്‍ഗ്രസ് എംപിയുമായ ഇമ്രാന്‍ മസൂദ് പറഞ്ഞു.
കര്‍ഷകരുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഉടമസ്ഥതയിലുള്ള ഭൂമി മുസ്ലീങ്ങള്‍ കൈയേറിയെന്ന് തെളിയിക്കാന്‍ അവര്‍ ശ്രമിക്കുന്നു, ഇത് വഖഫ് ബോര്‍ഡില്‍ നിന്ന് അധികാരം തട്ടിയെടുക്കാനുള്ള കാരണമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. കമ്മിറ്റി രൂപീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലും കര്‍ണാടകയും പെട്ടെന്ന് പ്രതിഷേധം ഉയര്‍ന്നത് കൃത്യമായ ആസൂത്രണമാണെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
വാക്കാല്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഭൂമി അടക്കമുള്ള സ്വത്തുക്കളെ അംഗീകരിക്കുന്ന മുസ്ലീം വ്യക്തിനിയമത്തിലെ വ്യവസ്ഥ കാരണം വഖഫ് അധികാരികള്‍ ചില സ്ഥലങ്ങളില്‍ അസ്വസ്ഥരാണ്. പല വഖഫ് സ്വത്തുക്കള്‍ക്കും പലപ്പോഴും കൃത്യമായ രേഖകള്‍ ഇല്ലാത്തത് ഇതുകൊണ്ടാണെന്ന് കര്‍ണാടകയിലെ അഭിഭാഷകനായ സയ്യിദ് ഷാക്കിര്‍ ഹുസൈന്‍ ജഹാഗിര്‍ദാര്‍ പറഞ്ഞു. ഇത് നിയമപരമായ തര്‍ക്കങ്ങളിലേക്ക് നയിക്കുന്നെന്നും ചൂണ്ടിക്കാട്ടി. സായുധ സേനയ്ക്കും ഇന്ത്യന്‍ റെയില്‍വേയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂവുടമയാണ് വഖഫ് ബോര്‍ഡുകള്‍ എന്ന പ്രചരണം ബോധപൂര്‍വമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട്: ദ സ്‌ക്രോള്‍
#BJP, #WaqfBill, #LandJihad, #HindutvaPolitics, #Karnataka, #Kerala