Kerala BJP | അയോധ്യയിൽ പോലും തോറ്റമ്പി, എന്നിട്ടും സുരേന്ദ്രൻ പറയുന്നു 'ഞങ്ങൾ കേരളം ഭരിക്കുമെന്ന്'!
സോണി കല്ലറയ്ക്കൽ
(KVARTHA) ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഒരോ ദിവസവും പറയുന്ന ജൽപനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരികയെന്ന് നെറ്റിസൻസ് പറയുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ പറ്റാത്തയാളാണ് ഈ പറയുന്നതെന്ന് ഓർക്കണം. സുരേന്ദ്രാ ഇത് വരെ പറഞ്ഞത് എന്തെങ്കിലും കേരളത്തിൽ നടപ്പിലായോ? പിച്ചും പേയും പറയുന്നതാവസാനിപ്പിക്കുക. അതാണ് നല്ലത്. അദ്ദേഹം ഇപ്പോൾ പറയുന്നു ബി.ജെ.പി കേരളം ഭരിക്കുമെന്ന്.
അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ: 'ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കും. പിണറായി വിജയന്‍ സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരത്തെയും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും'. ബിജെപി സംസ്ഥാന വിശാല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പള്ളി പൊള്ളിച്ച് അമ്പലം പണിത അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് പോലും സുരേന്ദ്രൻ്റെ പാർട്ടിയെ കെട്ടുകെട്ടിച്ചത് ഓർക്കാതെയാണ് സുരേന്ദ്രൻ ഈ പറയുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
കുറെ ക്രിസ്ത്യാനികൾ മാറി കൂടെക്കൂടിയെന്ന് വെച്ച് അധികം സ്വപ്നം കാണേണ്ടെന്ന് പറയുന്നവരുമുണ്ട്. ഇനി ഇത് വെച്ചായിരിക്കും അവരുടെ വിലപേശൽ എന്നതും സുരേന്ദ്രൻ മറക്കേണ്ട. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡ് മെമ്പർ ആയി മത്സരിച്ചു ജയിക്കാൻ സാധിക്കുമോ എന്ന് ആദ്യം ശ്രമിച്ചു കൂടെ ബിജെപി പ്രസിഡന്റിന്? എൽഡിഎഫ് ഭരണത്തെ വെറുത്തതു കൊണ്ടാണ് കുറച്ച് വോട്ട് കൂടുതൽ കിട്ടിയത്. അത് അടുത്ത തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിക്കണ്ട. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടും ആയിരുന്നുവെന്ന് ഓർത്തുകൊള്ളുക.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പിടിക്കുമെന്ന് പറഞ്ഞ് ഇറങ്ങിയ സുരേന്ദ്രന് എന്തുപറ്റി എന്ന് എല്ലാവർക്കും അറിയാമല്ലോ. പിന്നെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ചപ്പോൾ സംഭവിച്ചതും എല്ലാവർക്കും അറിയാം. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കപ്പിനും ചുണ്ടിനും ഇടയിൽ നിയമസഭയിലേയ്ക്ക് വിജയിക്കാനാവാതെ വന്നതും എല്ലാവർക്കും അറിവുള്ള കാര്യമാണ്. പിന്നീട് അവിടെ യു.ഡി.എഫ് വിജയിക്കുന്നതാണ് കണ്ടത്. അങ്ങനെയുള്ള സുരേന്ദ്രനാണ് പറയുന്നത് ഞങ്ങൾ കേരളം ഭരിക്കുമെന്ന്.
കെ സുരേന്ദ്രൻ സ്വപ്നത്തിൽ മുഖ്യമന്ത്രി പദം കാംക്ഷിച്ചാൽ മതിയാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ ഭൂരിപക്ഷം പോലും കുറഞ്ഞു. 'മോദി ഗ്യാരൻ്റിയ്ക്ക്' ഏറ്റ തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 35 സീറ്റിന്റെ ബലത്തിൽ പടുത്തിയർത്തിയ മൂന്നാം മോദി മന്ത്രിസഭയുടെ കാലാവധി ഒന്ന് കഴിയട്ടെ, എന്നിട്ടാകാം ബാക്കി ഗീർവാണങ്ങൾ. ബിജെ പിയെയും പാർട്ടിയെയും യു.പി പോലും വെറുക്കുന്നു എന്നതിന് തെളിവായിരുന്നു കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ്. ഇവിടെ കിട്ടുമെന്ന് അങ്ങ് സ്വപ്നം കാണുമ്പോൾ ഉത്തരേന്ത്യ കൈവിട്ടു പോകുന്നതാവും കാണാൻ പറ്റുക .
അവിടം ഇതുവരെ വർഗീയതയും മതങ്ങളെ തമ്മിലടിപ്പിച്ചും പിടിച്ചു നിർത്താൻ നോക്കിയെന്നും എന്നാൽ ഇപ്പോൾ അവരും കൈവിടുന്നതാണ് കാണുന്നതെന്നും ഇൻഡ്യ മുന്നണി നേതാക്കൾ പറയുന്നു. വൈകാതെ അത് കൂടുതൽ പ്രതിഫലിച്ചേക്കാം. അടുത്ത തിരഞ്ഞെടുപ്പിൽ യു.പിയും നഷ്ടമായേക്കും എന്നതാണ് സത്യം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വർഗീയതയുടെ പിൻബലത്തിലാണ് ബി.ജെ.പി നേടിയ വോട്ടുകൾ ഭൂരിപക്ഷവുമെന്നും ആരോപണമുണ്ട്.
സോഷ്യൽ മീഡിയ വഴി ക്രിസ്ത്യൻ - മുസ്ലിം പേരുകളിൽ വ്യാജ വാർത്തകളും വർഗീയതകളും വളർത്തിയതിനെ നേരിടാൻ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ സാധിച്ചില്ലെന്നാണ് മുന്നണികൾ പറയുന്നത്. അതിൻ്റെ പ്രതിഫലനമാണ് ബിജെപി ചെറിയ ഭൂരിപക്ഷത്തിൽ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്നാണ് അഭിപ്രായം. കെ സുരേന്ദ്രൻ പുതിയ പ്രസ്താവന ഇറക്കിയപ്പോൾ അതിന് മറുപടിയായി ഒരാൾ ഇട്ട പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അത് ഇങ്ങനെയായിരുന്നു: 'സുരേട്ടൻ പറഞ്ഞത് അങ്ങനെ ചിരിച്ചു തള്ളുകയൊന്നും വേണ്ട. സുരേട്ടൻ മത്സരിച്ച് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടുന്ന അന്ന് ബിജെപി കേരളം ഭരിക്കും'.