Congress Failure | ശശി തരൂരിനെ ഇനി വേണ്ട, രാജീവ് ചന്ദ്രശേഖർ വന്നു; കോൺഗ്രസ് ചെയ്യേണ്ടത് ബിജെപി ചെയ്തു

 
BJP's Appointment of Rajeev Chandrasekhar as Kerala President: A Move Congress Should Have Made with Shashi Tharoor
BJP's Appointment of Rajeev Chandrasekhar as Kerala President: A Move Congress Should Have Made with Shashi Tharoor

Photo Credit: Facebook/ Rajeev Chandrasekhar

● കോൺഗ്രസ് ഹൈക്കമാൻ്റ് തരൂരിനെ അവഗണിച്ചു.
● ബി.ജെ.പി രാജീവ് ചന്ദ്രശേഖറിലൂടെ പുതു തന്ത്രം മെനയുന്നു.
● പുതുതലമുറയെ ആകർഷിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞേക്കും. 
● കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയേക്കാം.

സോണി കല്ലറയ്ക്കൽ 

(KVARTHA) ശശി തരൂരിനെപ്പോലെ ഒരാൾ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃസ്ഥാനത്ത് വരണമെന്നത് വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹമായിരുന്നു. പുതു തലമുറയെ കോൺഗ്രസ് പാർട്ടിയിലേയ്ക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് ആകുമെന്ന് പ്രതീക്ഷിച്ചവരാണ് ഏറെയും. ദേശീയ തലത്തിൽ തന്നെ ചലനം അറ്റു കിടക്കുന്ന കോൺഗ്രസിനെ ബി.ജെ.പിയ്ക്ക് ബദലായി ചലിപ്പിക്കാൻ ശശി തരൂർ നടത്തിയ നീക്കം ഇന്ത്യൻ ജനത കണ്ടതാണ്. ഹൈക്കമാൻ്റിൻ്റെ പിന്തുണയില്ലെന്ന് മനസ്സിലാക്കിയിട്ട് കൂടി തരൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് തോറ്റെങ്കിലും വലിയ പിതുണ തേടുന്നത് കണ്ടതാണ്. 

പുതു തലമുറയിൽപ്പെട്ട കോൺഗ്രസിലെ ദേശീയ നേതാക്കളെയും അന്ന് തരൂരിന് ഒപ്പം നിർത്താൻ കഴിഞ്ഞു എന്നതും നിസ്സാരകാര്യമല്ല. ദേശീയ തലത്തിൽ തരൂരിനെ വെട്ടാൻ കോൺഗ്രസ് പാർട്ടി ഉപയോഗിച്ചത് മല്ലികാർജുൻ ഗാർഖെ എന്ന  84 കാരനെയും. വിശ്വപൗരനും ഹൈടെക്കും ആയ തരൂരിനെപ്പോലെയൊരാൾ ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ അമരത്ത് വരണമെന്ന് ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാൻ്റ് പടു വൃദ്ധനായ 84 വയസുകാരനെ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി എത്തിക്കാനാണ് ശ്രമിച്ചത്. ഫലമോ ബി.ജെ.പി യ്ക്ക് മൂന്നാമതും അധികാരത്തിൽ എത്താൻ സാധിച്ചു. 

ഇപ്പോൾ പല സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തൂത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനി ഒരു അമ്പത് വർഷം എടുത്താൻ പോലും കോൺഗ്രസിന് ഭരണത്തിലെത്താൻ പറ്റാത്ത സ്ഥിതിയിലേയ്ക്ക് പാർട്ടി പോയിക്കൊണ്ടിരിക്കുന്നു. ദേശീയ തലത്തിൽ ബി.ജെ.പി നരേന്ദ്ര മോദിയെ പ്രതിഷ്ഠിച്ചപ്പോൾ തന്നെ തുടങ്ങി കോൺഗ്രസിൻ്റെ ശനി ദശ. രാഹുൽ ഗാന്ധിയ്ക്കൊപ്പം നിന്ന് മോദിയെ പ്രതിരോധിക്കാൻ പറ്റുന്ന ഒരു നേതൃത്വം ദേശീയ തലത്തിൽ കോൺഗ്രസിന് ഇല്ലാ എന്നതാണ് സത്യം. ഇതാണ് ബി.ജെ.പിയുടെ വിജയവും. മോദിയ്ക്ക് ബദൽ തരൂർ ആണെന്ന് ചിന്തിക്കുന്നവർ അനവധിയാണ്. 

മറിച്ച് ബി.ജെ.പിയിൽ ആണെങ്കിൽ മോദിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും ഉണ്ട്. അമിത് ഷാ, യോഗി ആദിത്യനാഥ് പോലെയുള്ള നേതാക്കളെ മോദിയുടെ പിൻ ഗാമികളായി വളർത്തിക്കൊണ്ടുവരാൻ അവർക്ക് ആയിട്ടുണ്ട്. അതില്ലാത്തത് ആണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ കുഴപ്പം. കോൺഗ്രസ് പാർട്ടി ഇന്ന് ഒന്നോ രണ്ടോ നേതാക്കളുടെ കയ്യിൽ കിടന്ന് കളിക്കുന്നു. ഇതു തന്നെയാണ് കേരളത്തിലെയും സ്ഥിതി. ഇടതുമുന്നണിയ്ക്ക് രണ്ടാമതും അധികാരത്തിൽ എത്താൻ പറ്റിയത് ഇവിടുത്തെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടി തന്നെ ആയിരുന്നു. 

നിയമസഭയിലേയ്ക്ക് ഭൂരിപക്ഷം എംഎൽഎമാരെ വിജയിപ്പിച്ചെടുക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരയ്ക്കായി പരസ്പരം മത്സരിച്ചു കൊണ്ടുമിരിക്കുന്നു. രണ്ടാമതും ഇടത് മുന്നണിയ്ക്ക് അധികാരം കിട്ടിയിട്ടും നിലവിലെ ഇവിടുത്തെ കോൺഗ്രസിൻ്റെ സ്ഥിതി ഇതു തന്നെയാണ്. മുഖ്യമന്ത്രിയാകാൻ എല്ലാവരും തയാർ. എന്നാൽ കൃത്യമായി ഉത്തരവാദിത്തം എടുക്കാൻ ആളില്ലാത്ത അവസ്ഥ. പാർട്ടിയെ കൃത്യമായ ലക്ഷ്യത്തോടെ നയിക്കാൻ ഇവിടെ ആർക്കും പറ്റുന്നില്ല. ഇവിടുത്തെ പുതു തലമുറ പഴയ ആളുകളല്ല. ബൗദ്ധികപരമായി വളരെയധികം ഉയർന്നിരിക്കുന്നു. 

അങ്ങനെയുള്ള പുതുതലമുറയെ ആകർഷിച്ച് പാർട്ടിയിലേയ്ക്ക് കൊണ്ടുവരാൻ പറ്റിയ ഒരു നേതാവ് തരൂർ അല്ലാതെ മറ്റാരും ഇല്ലായിരിക്കുന്നു. ജനം പ്രതീക്ഷിക്കുന്നതും അതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ബദലായി കോൺഗ്രസ് പാർട്ടിയെ വളർത്താൻ പറ്റുന്ന കേരളത്തിലെ ഏക നേതാവ് തരൂർ തന്നെ. അദ്ദേഹം ലോകം കണ്ട വ്യക്തിയാണ്. തരൂരിനെപ്പോലെ ഒരാൾ കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്താൽ യു.ഡി.എഫിൻ്റെ വിജയം സുനിശ്ചിതം എന്ന് വിശ്വസിച്ചിരുന്ന വലിയൊരു ജനത ഇവിടെയുണ്ടായിരുന്നു. എല്ലാ മതവിഭാഗങ്ങളെയും ഒന്നിച്ച് കൂടെ നിർത്തി തരൂരിന് മുന്നേറാൻ കഴിയുമെന്ന് വിശ്വസിച്ചവരാണ് ഏറെയും പേർ. 

തരൂരും ഇത് മനസ്സിലാക്കി അത്തരത്തിൽ ഒരു നീക്കം നടത്തിയതാണ്. പക്ഷേ, ഇവിടുത്തെ കോൺഗ്രസ് നേതൃത്വം കോൺഗ്രസ് ഹൈക്കമാൻ്റിൻ്റെ ആശീർവാദത്തോടെ അതിന് കൂച്ചു വിലങ്ങിടുന്നതാണ് കണ്ടത്. ലോക് സഭയിലേയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ തരൂരിനെ നിർബന്ധിച്ച് തിരുവനന്തപുരത്തു നിന്ന് മത്സരിപ്പിച്ച് എം.പിയാക്കി ലോക് സഭയിലേയ്ക്ക് പറഞ്ഞു വിടുന്ന കാഴ്ച. തരൂരിനെപ്പോലെ ഒരാളെ ഇപ്പോഴും കൃത്യമായി ഉപയോഗപ്പെടുത്താൻ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസ് പാർട്ടിയ്ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കി തന്നെയാണ് തരൂരിനെപ്പോലെ തന്നെയുള്ള ഹൈടെക്ക് ആയ ശശി തരൂർ മോഡൽ എന്ന് വിശേഷിപ്പിക്കാവുന്ന രാജീവ് ചന്ദ്രശേഖരെ ബി.ജെ.പി കേരളത്തിലെ പ്രസിഡൻ്റായി കൊണ്ടുവന്നിരിക്കുന്നത്. 

ശശി തരൂരിനെപ്പോലെ തന്നെ പുതു തലമുറയെ ആകർഷിച്ചു കൊണ്ടുവരാൻ പറ്റിയ വ്യക്തി തന്നെയാണ് രാജീവ് ചന്ദ്രശേഖറും. കാലത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുള്ള രാജീവ് ചന്ദ്രശേഖറെപ്പോലെ ഒരാൾ കേരളത്തിൽ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത് വലിയ തോതിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഉപകാരപ്പെടും. യുവ തലമുറ കൂടുതലായി ഇനി ബി.ജെ.പി യിലേയ്ക്ക് ആകർഷിക്കപ്പെട്ടെന്ന് വരാം. ജാതി മത സമവാക്യങ്ങൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും അതീതമായി എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖറിന് മുന്നേറാൻ ആയേക്കാം. അദ്ദേഹം മികച്ച വ്യക്തി ആണെന്ന് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പെട്ടെന്ന് കളം പിടിക്കാനായത്. 

ഇടതു മുന്നണി സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി രണ്ടാം സ്ഥാനത്ത് അദ്ദേഹം എത്തുകയും ചെയ്തു. ചെറിയൊരു മാർജിനിൽ മാത്രമാണ് അന്ന് അദ്ദേഹം തരൂരിനോട് പരാജപ്പെട്ടത്. ശശി തരൂർ അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, രാജീവ് ചന്ദ്രശേഖർ ആയിരിന്നിരിക്കും ഇന്ന് തിരുവനന്തപുരം എം.പി. ശശി തരൂരിനെപ്പോലെ തന്നെ ആകർഷീണയമായ വ്യക്തിത്വത്തിൻ്റെ ഉടമ തന്നെയാണ് രാജീവ് ചന്ദ്രശേഖറും . അതിനെ നിസാരവത്ക്കരിച്ചിട്ട് കാര്യമില്ല. ചുരുക്കി പറഞ്ഞാൽ കോൺഗ്രസ്  ഇവിടെ എന്തുചെയ്യേണ്ടിയിരുന്നോ അത് ബി.ജെ.പി ചെയ്തുവെന്ന് അർത്ഥം. 

ഇനി ഇവിടുത്തെ കോൺഗ്രസ് പിണറായി വിജയനും രാജീവ് ചന്ദ്രശേഖർക്കും ബദലായി ഒരാളെ രംഗത്ത് പ്രതിഷ്ഠിക്കാൻ പറ്റിയാലെ ആ പാർട്ടിയ്ക്ക് നിലനിൽപ്പുള്ളൂ. ചിലപ്പോൾ ഇനി കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ പോലും മാറിയെന്ന് വരാം. ഇന്നലത്തെ രാഷ്ട്രീയമല്ല, ഇനി കേരളത്തിൽ വരാൻ പോകുന്ന രാഷ്ട്രീയം. അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ എല്ലാവർക്കും നല്ലത്. ശരിക്കും കേരളത്തിൽ ബി.ജെ.പി രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത് തരൂർ മോഡൽ തന്നെ.

The article criticizes the Congress party for not utilizing Shashi Tharoor's potential leadership in Kerala, while BJP appointed the similarly appealing Rajeev Chandrasekhar as state president, potentially attracting youth and changing political dynamics.

#KeralaPolitics, #Congress, #BJP, #ShashiTharoor, #RajeevChandrasekhar, #PoliticalAnalysis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia