JP Nadda | ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തിരുവനന്തപുരത്ത്; ഊഷ്‌മള സ്വീകരണം; തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സന്ദർശനം


തിരുവനന്തപുരം: (KVARTHA) ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് നേതാക്കളും പ്രവർത്തകരും നൽകിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ജെപി നദ്ദയെ സ്വീകരിച്ചു.
നിരവധി ബിജെപി പ്രവർത്തകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനും, കേന്ദ്ര ആരോഗ്യ മന്ത്രിയായതിനും ശേഷമുള്ള ജെപി നദ്ദയുടെ കേരളത്തിലേക്കുള്ള ആദ്യ സന്ദർശനമാണിത്. പഞ്ചായത് തലം മുതൽ സംസ്ഥാനം വരെയുള്ള ആയിരത്തിലേറെ ബി.ജെ.പി. ഭാരവാഹികൾ പങ്കെടുക്കുന്ന വിശാല നേതൃയോഗത്തിൽ ജെ പി നദ്ദ പങ്കെടുക്കും.
അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി സംവിധാനം സജ്ജമാക്കുകയാണ്
യോഗത്തിന്റെ ലക്ഷ്യം. നേതൃയോഗം രാവിലെ കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്-മൃഗസംരക്ഷണ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അധ്യക്ഷൻമാരായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, പികെ കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. പഞ്ചായത്ത് - ഏരിയ പ്രസിഡൻ്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുള്ള 2500 ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.