Hate Speech | 'പള്ളിയിൽ കയറി കൊല്ലും'; മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ 2 കേസുകൾ
വിദ്വേഷ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി
മുംബൈ: (KVARTHA) ഞായറാഴ്ച അഹ്‌മദ് നഗറിൽ നടന്ന രണ്ട് വ്യത്യസ്ത പരിപാടികളിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംഎൽഎ നിതേഷ് റാണെയ്‌ക്കെതിരെ മഹാരാഷ്ട്ര പൊലീസ് രണ്ട് കേസുകളെടുത്തു. ശ്രീരാംപൂർ, തോപ്ഖാന പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കങ്കാവലി എംഎൽഎയായ നിതേഷ് റാണെയുടെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി. പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ മാസം ഓഗസ്റ്റ് 14 ന് നാസിക് ജില്ലയിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ വെച്ച് ഇസ്ലാം മതത്തെയും മുഹമ്മദ് നബിയെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഹിന്ദു നേതാവ് മഹന്ത് രാംഗിരി മഹാരാജിനെ പിന്തുണച്ച് നടന്ന രണ്ട് പൊതുയോഗങ്ങളിലാണ് നിതേഷ് റാണെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതെന്നാണ് കേസ്.
'ഞങ്ങളുടെ രാംഗിരി മഹാരാജിനെതിരെ നിങ്ങൾ എന്തെങ്കിലും ചെയ്താൽ ഞങ്ങൾ നിങ്ങളുടെ പള്ളിക്കുള്ളിൽ വന്ന് നിങ്ങളെ ഓരോരുത്തരായി തല്ലിക്കൊല്ലും', എന്ന ഗുരുതര പരാമർശമാണ് നിതീഷ് പ്രസംഗത്തിൽ നടത്തിയത്. വർഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് മഹാരാജിനെതിരെ നിരവധി കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിതേഷ് റാണെ നേരത്തെയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയിരുന്നു. വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ, രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ എന്നിവയുടെ പരിധിയിൽ വരുന്ന 30-ലധികം പ്രസംഗങ്ങൾ നിതേഷ് റാണെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയിട്ടുണ്ടെന്ന് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
#NiteshRane, #HateSpeech, #BJP, #Maharashtra, #LegalCases, #PoliticalControversy