Controversy | ജിദ്ദ നവോദയ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ബിജെപി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തതിൽ വിവാദം തുടരുന്നു
● സിപിഎം സംസ്ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടതായി സൂചന
● ജിദ്ദ നവോദയ സിപിഎം പ്രവാസി സംഘടനയാണ്.
● ഒക്ടോബർ 18 ന് നടന്ന ഓണാഘോഷത്തെ ചൊല്ലിയാണ് വിവാദം
ജിദ്ദ: (KVARTHA) സൗദി അറേബ്യയിലെ ജിദ്ദയിലെ സിപിഎമ്മിന്റെ പ്രവാസി സംഘടനയായ ജിദ്ദ നവോദയ നടത്തിയ ഓണം പൊന്നോണം പരിപാടിയിൽ ബിജെപി പ്രവാസി സംഘടനാ ഭാരവാഹികളെ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം തുടരുന്നു. ഒക്ടോബർ 18 ന് നടത്തിയ പരിപാടിയിലാണ് സൗദിയിലെ ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓർഗനൈസേഷൻ ഓഫ് ഫെഡറേഷൻ (ഐഒഎഫ്) ജിദ്ദ റീജണൽ പ്രസിഡന്റ് സന്തോഷ് ജി നായർ കടമനിട്ട, ജിദ്ദയിലെ സംഘപരിവാർ സംഘടനകളുടെ കൂട്ടായ്മയായ ദിശയുടെ ഭാരവാഹി ജയൻ കെ നായർ പത്തനംതിട്ട എന്നിവർ പങ്കെടുത്തത്.
ഇതിൽ ജയൻ കെ നായരുടെ ടീം ആയിരുന്നു തിരുവാതിര അവതരിപ്പിച്ചിരുന്നത്. മാവേലിയെ ഒരുക്കിയത് സന്തോഷ് ജി നായർ കടമ്മനിട്ട ആയിരുന്നു. കലാകാരന്മാർ എന്ന രീതിയിലാണ് ഇവരെ ക്ഷണിച്ചത് എന്നാണ് സംഘാടകരുടെ വിശദീകരണം. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ജിദ്ദയിൽ നടന്മാരായ ദിലീപും, നാദിർഷയുമായി ചേർന്ന് ഡാൻസ് സ്‌കൂൾ ആരംഭിച്ചതായി കാട്ടി ഷിബുവിനെതിരെ നവോദയിൽ വിമർശനം ഉയർന്നിരുന്നു. നടൻ ദിലീപ് ജിദ്ദയിൽ എത്തിയപ്പോൾ സ്വീകരിച്ചതും വിവാദമായിരുന്നു.
ദിലീപ് വിഷയത്തിൽ ഷിബുവിന് നവോദയ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഓണ പരിപാടിയുടെ സ്വാഗത സംഘത്തിൽ നിന്നും ഷിബുവിനെ പൂർണമായി ഒഴിവാക്കിയിരുന്നുവെന്നും പറയുന്നു. ഓണപ്പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്ന് തീരുമാനിച്ചത് ഓണപ്പരിപാടിയുടെ സ്വാഗത സ്വംഘം കമ്മിറ്റി ആയിരുന്നു. ബിജെപി പ്രവാസി സംഘടന ഭാരവാഹികളെ പങ്കെടുപ്പിച്ച സ്വാഗത സംഘം ഭാരവാഹികളെ നവോദയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം ജിദ്ദ നവോദയിൽ വിഭാഗീയത രൂക്ഷമാണ് എന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ മലയാളം മിഷൻ ജിദ്ദ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലും അതിൻ്റെ പരിപാടി കൾ നടത്തുന്നതിലും അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലെ വിവാദങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടതായും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദമാം നവോദയയെ ചുമതലപ്പെടുത്തിയതായും അറിയുന്നു.
#BJP #CPM #Onam #SaudiArabia #Jeddah #controversy #IndianDiaspora #politics