Politics | കാവിയിൽ നിന്നും ചുവപ്പിലേക്ക്, ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർ സിപിഎമ്മിലേക്കോ?


● പാർട്ടി നേതൃത്വം അദ്ദേഹത്തെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം
● സിപിഎം നേതാക്കൾ സന്ദീപിനെ സ്വീകരിക്കാൻ തയ്യാറാണ്
● സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയനാണ്
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ബി.ജെ.പിയുടെ തീപ്പൊരി നേതാവ് സന്ദീപ് വാര്യരെ മറുകണ്ടം ചാടിക്കാൻ സി.പി.എം ശ്രമം തുടരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് സന്ദീപ് വാര്യർ. ചാനൽ ചർച്ചകളിൽ ബി.ജെ.പി വക്താവെന്ന നിലയിൽ അതിശക്തമായ നിലപാടുകൾ അവതരിപ്പിക്കുന്ന സന്ദീപ് വാര്യർക്ക് പാർട്ടിക്കുള്ളിലും പുറത്തും ആരാധകർ ഒട്ടേറെയുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പിൻതുണയ്ക്കുന്നവരിൽ ഇതര പാർട്ടിക്കാരും രാഷ്ട്രീയമില്ലാത്തവരുമുണ്ട്.
ഈ സാഹചര്യത്തിലാണ് നേതൃതലത്തിൽ നിന്നും സന്ദീപ് വാര്യരെ ഒതുക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയത്. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്നും വെട്ടിയൊതുക്കിയ സന്ദീപ് വാര്യർ ഇപ്പോൾ വെറും വക്താവ് മാത്രമാണ്. പാർട്ടി സംസ്ഥാന പരിപാടികളിൽ അദ്ദേഹത്തിന് വേദിയിൽ സ്ഥാനം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ കടുത്ത അവഗണനയാൽ മനം മടുത്ത സന്ദീപ് വാര്യർ പുറത്തേക്കു പോകുമെന്നായിരുന്നു സൂചനകൾ.
ഇതിനായി സിപിഎം നേതാക്കളെ സന്ദീപ് വാര്യർ രഹസ്യമായി ബന്ധപ്പെട്ടുവെന്ന വാർത്തകളും ചില ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത അദ്ദേഹം തന്നെ തള്ളിയിട്ടുണ്ട്. സന്ദീപിനെ അനുനയിപ്പിക്കാനുള്ള ബിജെപി നേതാക്കളുടെ നീക്കം നടന്നുവരികയാണ്. എന്നാൽ കടുത്ത അവഗണന സഹിച്ച് ഇനിയും ബിജെപിയിൽ തുടരാനാകില്ലെന്നാണ് സന്ദീപ് വാര്യരുടെ നിലപാട്. ബിജെപിയിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമെന്നും അത്രയധികം അപമാനിതനായെന്നും അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായാണ് വിവരം.
അതേസമയം, സന്ദീപ് വാര്യർക്ക് മുന്നിൽ വാതില്‍ തുറന്നിട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ രംഗത്തുവന്നു. ബിജെപിയിൽ അതൃപ്തിയിലുള്ള വക്താവ് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാൽ സിപിഎം ചർച്ച ചെയ്യുമെന്ന് എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യർ നല്ല നേതാവാണ്. നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നയാളാണ്. ബിജെപിയിൽ നിൽക്കാൻ സന്ദീപ് ബുദ്ധിമുട്ട് നേരിടുകയാണെന്നാണ് മനസിലാക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ ബാലൻ പറഞ്ഞു.
ഇതിനുപിന്നാലെയാണ് സിപിഎം നേതാക്കളുമായി സന്ദീപ് ബന്ധപ്പെട്ടതായ വിവരം പുറത്തുവരുന്നത്. നേരത്തെ കണ്ണൂരിലെ ബി.ജെ.പി നേതാക്കളായ ഒ.കെ വാസു, എ അശോകൻ, സുധീഷ് മിന്നി എന്നിവർ സംഘ് പരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി. എമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മറ്റൊരു തീപ്പൊരി നേതാവ് കൂടി ഇടതു പാളയത്തിലെത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
#SandeepVarier #BJP #CPI(M) #KeralaPolitics #IndiaPolitics