N Haridas | 'കോണ്‍ഗ്രസ് നല്ല വിശ്വാസികളെ അന്ധവിശ്വാസികളാക്കുന്നു'; ഉണ്ണിത്താന്‍ കൂടോത്രത്തിന്റെ യൂണിവേഴ്സിറ്റിയെന്ന് ബിജെപി നേതാവ് എന്‍ ഹരിദാസ്
'നേരത്തെ ഡി കെ ശിവകുമാര്‍ തനിക്കെതിരെ തളിപ്പറമ്പില്‍ ആഭിചാരക്രിയയും കൂടോത്രവും നടന്നുവെന്ന് പരസ്യമായി പറഞ്ഞിരുന്നു'
കണ്ണൂര്‍: (KVARTHA) കൂടോത്രത്തിന്റെ പേര് പറഞ്ഞ് നല്ല വിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കൂടോത്രം എന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കര്‍ശന നിരീക്ഷണമുള്ള കെ സുധാകരന്‍ എംപിയുടെ വീട്ടിലും കെപിസിസി ആസ്ഥാനത്തും എംപി ഓഫീസിലും കോണ്‍ഗ്രസിന് പുറത്തുള്ള ഒരാള്‍ക്ക് സന്ദര്‍ശിക്കാനും ഇത്തരം കൂടോത്ര പ്രവൃത്തി ചെയ്യാനും സാധിക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കൂടോത്രം ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയാണ്. ഇതിന് പൊതു സമൂഹത്തോട് സമാധാനം പറയേണ്ടത് ഉണ്ണിത്താനും കെ സുധാകരനുമാണ്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂടോത്രത്തിന്റെ യൂണിവേഴ്സിറ്റിയാണെന്നും ഇതിന് പുറകിലുള്ള വസ്തുത പൊതുസമൂഹത്തോട് വിളിച്ചു പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ഹരിദാസ് പറഞ്ഞു.
നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ തനിക്കെതിരെ തളിപ്പറമ്പില്‍ ആഭിചാരക്രിയയും കൂടോത്രവും നടന്നുവെന്ന് പരസ്യമായി പറഞ്ഞിരുന്നു. മൃഗബലി വരെ നടന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഡി.കെ ശിവകുമാറിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ ആയിരിക്കാം കൂടോത്രം ചെയ്തതെന്നും ഹരിദാസ് ആരോപിച്ചു.