CK Padmanabhan | പാര്‍ട്ടിക്കായി ത്യാഗം സഹിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വെള്ളം കോരികളും വിറകുവെട്ടികളുമായെന്ന് സി കെ പത്മനാഭന്‍; ബിജെപിയില്‍ ട്രോജന്‍ കുതിരകളുടെ കുളമ്പടിയൊച്ചയോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
'കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരിക പ്രയോഗം മാത്രമാണ്. പറയുക എന്നല്ലാതെ അത് നടപ്പില്‍ വരുത്താന്‍ ആവില്ല.'
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി ബിജെപിയിലെ തലമുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ രംഗത്തെത്തി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച ചലച്ചിത്ര നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ബി.ജെ.പിക്കാരനല്ലെന്ന വിമര്‍ശനവുമായാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ കൗണ്‍സില്‍ അംഗവുമായ സി.കെ പത്മനാഭന്‍ പരസ്യമായി രംഗത്തെത്തിയത്. കണ്ണൂര്‍ വിഷന്‍ ചാനലിന്റെ ക്വസ്റ്റ് ഔവര്‍ എന്ന പ്രത്യേക അഭിമുഖത്തിലാണ് സികെപി പാര്‍ട്ടിയിലുണ്ടായ പുതിയ പ്രവണതകളെ എതിര്‍ത്തു കൊണ്ടു അതൃപ്തിയുമായി രംഗത്തു വന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് വരുന്നവര്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടികളും വെള്ളം കോരികളും മാത്രമായി മാറ്റിയെന്ന ഗുരുതര ആരോപണമാണ് ബിജെപി മുന്‍ അധ്യക്ഷന്‍ തന്റെ സുദീര്‍ഘമായ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവുംതലമുതിര്‍ന്ന നേതാവും ഏറെ പാരമ്പര്യവുമുളള സി.കെ.പത്മനാഭന്റെ പൊട്ടിത്തെറിച്ചത് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് അധികാരം ലക്ഷ്യമിട്ടാണെന്നും ബിജെപിക്ക് അധികാരം നഷ്ടമായാല്‍ ഇവര്‍ തിരിച്ച് പോകുമെന്നും ഇപ്പോള്‍ തന്നെ ചിലര്‍ക്ക് ചാഞ്ചാട്ടം വന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരിക പ്രയോഗം മാത്രമാണ്. പറയുക എന്നല്ലാതെ അത് നടപ്പില്‍ വരുത്താന്‍ ആവില്ല. ഇത്തരമൊരു മുദ്രാവാക്യവും ശരിയല്ലെന്നും ചരിത്ര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിന്നും ജയിച്ച ചലച്ചിത്ര നടന്‍ സുരേഷ് ഗോപി ബി.ജെ.പിയല്ലെന്നും അദ്ദേഹം ബി ജെ പി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബി.ജെ.പിയെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ ഭാരത മാതാവെന്ന് വിളിക്കുമായിരുന്നില്ല. സിനിമാ രംഗത്ത് നിന്നും വ്യക്തി മാത്രമായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസില്‍ നിന്നും എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണെന്നും ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ സി.കെ പത്മനാഭന്റെ വിമര്‍ശനങ്ങളില്‍ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഈക്കാര്യം പാര്‍ട്ടിക്കുളളില്‍ വിവാദമായി മാറാന്‍ സാധ്യതയേറെയെന്നാണ് വിലയിരുത്തല്‍.
നേരത്തെ കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് വന്നതിന്റെ അതൃപ്തി പരസ്യമായി സി കെ പത്മനാഭന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്തുണ്ടായ വിവാദം സി.കെ പത്മനാഭനെ അനുനയിപ്പിച്ചു തണുപ്പിക്കുകയായിരുന്നു. മൂന്നാം തവണ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഇന്നലെ കയറിവന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ കൊടുക്കുകയും ജനസംഘത്തിന്റെ കാലം മുതല്‍ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളെ അവഗണനയുടെ ഇരുട്ടില്‍ തളളുകയാണെന്ന അതൃപ്തി ബി.ജെ.പിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
