Controversy | 'ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്താൻ സിലബസ്', വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി


● 'കേരളത്തിലെ അവസ്ഥയല്ല നോർത്ത് ഇന്ത്യയിലെ മദ്രസകളുടെത്'
● 'അവിടെ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്'
കണ്ണൂർ: (KVARTHA) രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദേശത്തെ ന്യായീകരിച്ച് ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ പി അബ്ദുല്ലക്കുട്ടി രംഗത്തെത്തി. മദ്രസകൾ അടച്ചുപൂട്ടണമെന്ന വിവാദമുണ്ടായത് കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ ഒരു നിർദ്ദേശത്തിനെ കുറച്ചു മാത്രമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കണമെന്ന ആത്മാർത്ഥമായ ഒരു നിർദേശമായിരുന്നു അത്. ഇതു കേട്ടപ്പാതി കേൾക്കാത്ത പാതി സമസ്തയിലെ സമദ് പൂക്കോട്ടൂരും എംഇഎസിലെ ഫസൽ ഗഫൂറുമൊക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനയിറക്കിയത് വേദനാജനകമാണ്. കേരളത്തിലെ മുസ്ലിം കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രവർത്തിച്ച സംഘടനയാണ് എംഇഎസെന്ന് ഫസൽ ഗഫൂർ ഓർക്കണമായിരുന്നുവെന്നും അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ അവസ്ഥയല്ല നോർത്ത് ഇന്ത്യയിലെ മദ്രസകളുടെത്. അവിടെ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. യു.പിയിൽ യോഗിയും അസം മുഖ്യമന്ത്രിയുമൊക്കെ ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മൈനോറിറ്റി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് നിങ്ങൾ ഒരു കയ്യിൽ ഖുർആനും മറുകൈയ്യിൽ കംപ്യൂട്ടറും ഏന്തണമെന്നാണ്. എന്നാൽ മാത്രമേ രാജ്യത്തിൻ്റെ വികസന വഴികളിൽ വരും നാളുകളിൽ കൂടെ ചേരാൻ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
സി.ഐ.എ വന്നപ്പോൾ രാജ്യത്ത് ചിലരുണ്ടാക്കിയ ബഹളം പോലെ തന്നെയാണ് ഇത്. അന്ന് മോദി സർക്കാർ എല്ലാവരെയും പാകിസ്‌താനിലേക്ക് ഓടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ പാകിസ്‌താനിൽ നിന്നും വന്നവർക്ക് പോലും കേരളത്തിൽ വരെ പൗരത്വം കൊടുത്തത് നാം കണ്ടില്ലേയെന്ന് അബ്ദുല്ലക്കുട്ടി ചോദിച്ചു.
സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ മദ്രസകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് മുസ്ലീംങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പുരോഗമിച്ചത്.
നമ്മളൊക്കെ രാവിലെ ഒരു മണിക്കൂർ മദ്രസയിലും ബാക്കിയുള്ള സമയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും ലോ കോളേജുകളിലുമൊക്കെ പോയാണ് പഠിച്ചത്. എന്നാൽ കേരളത്തിലെ അവസ്ഥയല്ല ബിഹാറിലുമൊക്കെ. അവിടുത്തെ ചില മദ്രസകളിൽ പാകിസ്‌താൻ സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കേരളത്തിൽ ആ സ്ഥിതിയല്ല . എന്നാൽ കേരളത്തിൽ ഒറ്റ മദ്രസ മാത്രമേ കേന്ദ്രസർക്കാർ പൂട്ടിച്ചിട്ടുള്ളു. അതു പോപ്പുലർ ഫ്രണ്ടിൻ്റെ മഞ്ചേരിയിലുള്ള ഗ്രീൻ വാലി മദ്രസ മാത്രമാണ്. കയ്യും കാലും വെട്ടാനാണ് അവിടെ പഠിപ്പിച്ചിരുന്നത്.
കേരളത്തിലുള്ള രാഷ്ട്രീയക്കാരോ സർക്കാരോ ഒന്നുമല്ല അതുപൂട്ടിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന നട്ടെല്ലുള്ള ആൺകുട്ടിയാണ്. നോർത്ത് ഇന്ത്യയിൽ മദ്രസ വിദ്യാർത്ഥികൾ വസ്ത്രം ധരിക്കുന്നത് പ്രത്യേക രീതിയിലാണ്. പൊതു സമൂഹത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതാണിത്. സൗദിയിൽപ്പോലും ഇങ്ങനെയില്ല. മദ്രസ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്. അതിനായുള്ള നിർദ്ദേശങ്ങൾ മാത്രമാണ് ഇപ്പോൾ മുൻപോട്ടു വെച്ചിട്ടുള്ളത്.
പൊതുവിദ്യാദ്യാസം എല്ലാവർക്കും ലഭിച്ചെങ്കിൽ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. ഹജ്ജ് രംഗത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എല്ലാവർക്കും ഗുണകരമായിയിട്ടുണ്ട്. വി.ഐ.പി കൾച്ചർ ഇപ്പോൾ ഹജ്ജ് രംഗത്തു നിന്നും ഒഴിവായി. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന് അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
#BiharMadrasas #PakistaniSyllabus #BJP #Controversy #Education #India