Crticism | മൗനം വെടിഞ്ഞ് പൊട്ടിത്തെറിച്ച് സന്ദീപ് വാര്യർ; സി കൃഷ്ണകുമാറിനെതിരെ ഗുരുതര വിമർശനങ്ങൾ; 'അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല'

 
Sandeep Warrier Criticizes BJP Leaders in Open Facebook Post
Sandeep Warrier Criticizes BJP Leaders in Open Facebook Post

Photo Credit: Facebook/ Sandeep.G.Varier

● ' അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല'.
● 'അമ്മയുടെ മരണ സമയത്ത് പാർട്ടിയിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ല'.
● കഴിഞ്ഞ കുറേ ദിവസങ്ങളിലെ മാനസിക സമ്മർദ്ദം തുറന്നുപറഞ്ഞു.

പാലക്കാട്: (KVARTHA) വിവാദങ്ങളിൽ മൗനം വെടിഞ്ഞ്, പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ രംഗത്ത്. തന്റെ മാനസിക സംഘർഷങ്ങളും അപമാനങ്ങളും തുറന്നു പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യർ ഫേസ്‌ബുക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മാധ്യമ വാർത്തകളും സന്ദേശങ്ങളും കോളുകളും തന്നെ മാനസികമായി തളർത്തിയെന്ന് സന്ദീപ് പറയുന്നു. സ്നേഹിക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, തനിക്കുനേരിട്ട അപമാനങ്ങളെ മറികടക്കാൻ പ്രയാസമാണ്. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഗോവിന്ദ വാര്യരുടെയും അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകനായ തനിക്ക് അപമാനം സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

താനും കൃഷ്ണകുമാറും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ തന്റെ വീട് പോലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ മരണ സമയത്ത് പാർട്ടിയിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണയില്ലായ്മയെക്കുറിച്ചും അദ്ദേഹം പരാതിപ്പെടുന്നു. അമ്മ മരിച്ചപ്പോൾ പാർട്ടിയിലെ മറ്റ് നേതാക്കളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സന്ദീപ് ഉന്നയിക്കുന്നു. 

'എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല.  ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. 

ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല.  ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. 

Sandeep Warrier Criticizes BJP Leaders in Open Facebook Post

Sandeep Warrier Criticizes BJP Leaders in Open Facebook Post

വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ', സന്ദീപ് വാര്യർ കുറിച്ചു. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും പ്രചാരണത്തിന് എത്തില്ലെന്ന് വ്യക്തമാക്കി സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. 

ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്. 
പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത.  അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം.  ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.  

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല. 

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച്  മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that. 

ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്.  ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ? 
എൻറെ അമ്മ രണ്ടുവർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോൾ പ്രകാരം വേദിയിൽ ഇരിക്കേണ്ട ആൾ.  

എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല.  ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല.  

ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്.  എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ. 
സന്ദീപ് വാര്യർ മാറിനിൽക്കരുത് എന്ന്  നിങ്ങൾ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തിൽ ഒന്ന് സംസാരിക്കാൻ ഒരാൾ വന്നത് ഇന്ന് രാവിലെയാണ്. 

വന്ന ആൾക്ക് പ്രത്യേകിച്ചൊന്നും  പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതൽ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.  എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.

#BJPKerala #Controversy #Grief #Neglect #Politics #SocialMedia


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia