Allegation | 'ഒരു കോടി രൂപ കെ സുരേന്ദ്രൻ തട്ടിയെടുത്തു'; കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി തിരൂർ സതീഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ


● ധർമ്മരാജൻ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് സതീഷ്
● ശോഭ സുരേന്ദ്രനെയും ഇക്കാര്യം അറിയിച്ചിരുന്നു
● കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് സതീഷ്
തൃശൂർ: (KVARTHA) ബിജെപി ജില്ലാ ഓഫീസിൽ എത്തിച്ച കോടികളുടെ കള്ളപ്പണത്തിൽ നിന്ന് ഒരു കോടി രൂപ കെ സുരേന്ദ്രൻ തട്ടിയെടുത്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരൂർ സതീഷ് രംഗത്തെത്തി. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ്, പാർട്ടിയിലെ ഉന്നത നേതൃത്വത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണത്തിൽ നിന്നാണ് സുരേന്ദ്രൻ തുക തട്ടിയെടുത്തതെന്ന് സതീഷ് പറയുന്നു. കോഴിക്കോട് വച്ച് തന്നെ ഈ ഇടപാട് നടന്നതായി ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാക്കി 35 ലക്ഷം വി വി രാജേഷിന് കൊടുക്കാന്‍ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിവരങ്ങൾ ശോഭാ സുരേന്ദ്രനെയും അറിയിച്ചിരുന്നുവെന്നും സതീഷ് പറയുന്നു. കുഴൽപ്പണ ഇടപാടുകളെ കുറിച്ച് പുറത്തു പറയണമെങ്കിൽ പറയൂവെന്ന് ശോഭ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്ന ശോഭ, ഈ വിവരം പുറത്തുവിടുന്നത് തന്റെ താൽപ്പര്യത്തിന് അനുകൂലമായിരിക്കുമെന്നായിരുന്നു കരുതിയതെന്നാണ് സതീഷിന്റെ വാദം.
പാർട്ടിയുടെ ഓഡിറ്റിങ് വിഭാഗത്തിന് എല്ലാ കണക്കുകളും കൈമാറിയിട്ടുണ്ടെന്നും താൻ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം വ്യാജമാണെന്നും സതീഷ് വ്യക്തമാക്കി. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
കെ സുരേന്ദ്രനെയും ശോഭയെയും വെട്ടിലാക്കുന്ന ആരോപണങ്ങൾ തിരൂർ സതീഷിൻറെ ഭാഗത്തുനിന്നുണ്ടായത് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ താൻ പറയുമെന്നും കൂടുതൽ പറഞ്ഞാൽ ബിജെപി നേതാക്കൾ ഒരുപാട് ബുദ്ധിമുട്ടുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
#KeralaPolitics #BJP #Corruption #KSurendran #ThiruroorSathees