Crisis | മണിപ്പൂരിൽ എൻപിപി പിന്തുണ പിൻവലിച്ചതോടെ ബിജെപി സർക്കാർ വീഴുമോ? അറിയാം സ്ഥിതിഗതികൾ 

 
Protestors in Manipur
Protestors in Manipur

Photo Credit: X/ RaGa For India

● സംസ്ഥാനത്ത് വംശീയ സംഘർഷം രൂക്ഷമായി തുടരുന്നു.
● മണിപ്പൂരിൽ ബിജെപി സർക്കാരിന് 32 സീറ്റുകളാണുള്ളത്.
● എൻപിപിക്ക് 7 സീറ്റുകളുണ്ട്.

ഇംഫാൽ: (KVARTHA) മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ് സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി). സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതിനെതിരെയാണ് ഈ നീക്കം. 60 അംഗ നിയമസഭയിൽ എൻപിപിക്ക് ഏഴ് സീറ്റുകളാണുള്ളത്. എന്നാൽ, ബിജെപിക്ക് 32 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ എൻപിപിയുടെ നീക്കം സർക്കാരിനെ വീഴ്ത്താൻ സാധ്യതയില്ല.

രണ്ട് സീറ്റുകളുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ) 2023 ഓഗസ്റ്റിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെ ഒമ്പത് എംഎൽഎരുടെ പിന്തുണ കുറഞ്ഞെങ്കിലും മണിപ്പൂരിൽ സീറ്റ് നിലയിൽ ബിജെപി ശക്തമായ നിലയിലാണ്. കൂടാതെ ആറ് സീറ്റുള്ള ജെഡിയു ഉൾപ്പെടെയുള്ള ബിജെപിയുടെ സഖ്യകക്ഷികളും അഞ്ച് സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) മൂന്ന് സ്വതന്ത്ര എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.

കക്ഷിനില:

ബിജെപി: 32 
നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്): 5 
നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി): 7 
ജനതാദൾ (യുണൈറ്റഡ്): 6 
കോൺഗ്രസ്: 5 
കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ): 2 
സ്വതന്ത്രർ: 3 

മണിപ്പൂരിൽ അക്രമം രൂക്ഷം

ഇംഫാൽ താഴ്‌വരയിലെ മെയ്തേയ് സമൂഹവും അതിർത്തിയിലുള്ള കുന്നുകളിലെ കുക്കി-സോ വിഭാഗവും  തമ്മിലുള്ള വംശീയ സംഘർഷം മണിപ്പൂരിനെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മെയ് മാസം തുടങ്ങിയ സംഘർഷത്തിൽ ഇതിനോടകം 200-ലധികം പേർ മരിച്ചു, വ്യാപകമായ തീവെപ്പും സ്വത്തുനഷ്ടവും സംഭവിച്ചു. കോടികണക്കിന് രൂപയുടെ സ്വത്ത് നശിച്ച ഈ സംഘർഷം സംസ്ഥാനത്തെ സാമ്പത്തികമായും സാമൂഹികമായും തകർത്തുകളഞ്ഞിരിക്കുന്നു.

ജിരിബാം ജില്ലയിൽ അക്രമകാരികൾ മൂന്ന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തെത്തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും ശനിയാഴ്ച രാത്രി പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ജനക്കൂട്ടം മൂന്ന് മന്ത്രിമാരുടെയും ആറ് എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു. 

ഞായറാഴ്ചയും ഇംഫാൽ താഴ്‌വരയിലെ അഞ്ച് ജില്ലകളിൽ സംഘർഷാവസ്ഥ തുടർന്നു. അധികൃതികൾ കർഫ്യൂ ഏർപ്പെടുത്തുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. അക്രമം സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും വസതികൾ ആക്രമിച്ചതിന് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച അവലോകനം ചെയ്തു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങിയ അദ്ദേഹം, കലാപബാധിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ അക്രമം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

#Manipur #BJP #NPP #IndiaPolitics #EthnicViolence #BirenSingh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia