Politics | ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: ബിജെപി ഗാന്ധിജിയുമായും മണ്ടേലയുമായും താരതമ്യം ചെയ്യുന്ന മുഷ്താഖ് ബുഖാരി ആരാണ്?
● എൻ സി വിട്ട് ബിജെപിയിൽ ചേർന്നു.
● ഫാറൂഖ് അബ്ദുല്ലയുമായി തെറ്റിപിരിയുകയായിരുന്നു.
● പഹാഡി വോട്ടിൽ കണ്ണുവെച്ച് ബിജെപി.
ശ്രീനഗർ: (KVARTHA) ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ഇക്കഴിഞ്ഞ ശനിയാഴ്ച സയ്യിദ് മുഷ്താഖ് ബുഖാരിയെ മഹാത്മാഗാന്ധിയോടും ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻ്റ് നെൽസൺ മണ്ടേലയോടും ഉപമിച്ചത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. ജമ്മു മേഖലയിലെ പട്ടിക വർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ ബിജെപി സ്ഥാനാർഥിയാണ് 75 കാരനായ ബുഖാരി.
മണ്ഡലത്തിൽ അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നതിനിടെയാണ്, ജമ്മു കശ്മീരിൽ ബിജെപിയുടെ ചുമതലയുള്ള ചുഗ്, പഹാഡി സമുദായത്തിന് പട്ടികവർഗ (എസ്ടി) പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മുഷ്താഖ് ബുഖാരി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. 'മഹാത്മാഗാന്ധി ചെയ്ത പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് നെൽസൺ മണ്ടേലയെ മറക്കാൻ കഴിയില്ല. മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ബുഖാരി സാഹിബ് തുടങ്ങിയവരാണ് മലയോര ഗോത്രവർഗക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നത്', എന്നായിരുന്നു തരുൺ ചുഗിന്റെ പ്രസ്താവന.
ആരാണ് പഹാഡികൾ?
പഹാഡി സമുദായത്തിന് എസ് ടി പദവി നൽകി കൊണ്ട് രണ്ട് വർഷം മുമ്പാണ് ഈ വിഭാഗത്തെ ഒപ്പം കൂട്ടാൻ ബിജെപി നിർണായക നീക്കങ്ങൾ നടത്തിയത്. ജമ്മു കാശ്മീരിലെ ജമ്മു മേഖലയിലെ മലമ്പ്രദേശങ്ങളിൽ വസിക്കുന്ന ആളുകളാണ് പഹാഡികൾ. ഡോഗ്രി, ഗോജ്രി, ചിനായി, പാഹാഡി, ബംഗാനി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഇവർ സംസ്കാരത്തിലും ജീവിതരീതിയിലും വളരെ വൈവിധ്യമാണ്.
പരമ്പരാഗതമായി കൃഷിയാണ് തൊഴിൽ. ചോളം, ഗോതമ്പ്, അരി, പയറുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നു. കന്നുകാലികളും പോത്തുകളും വളർത്തുന്നത് പതിവാണ്. പഹാഡികളുടെ ജീവിതം മലമ്പ്രദേശങ്ങളുടെ ഭൂപ്രകൃതിയുമായി വളരെ അടുത്താണ്. അവർ മലകളിലെ വനങ്ങളിൽ നിന്ന് ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ശേഖരിക്കുന്നു. പഹാഡികളിൽ ഹിന്ദു, മുസ്ലിം, സിഖ്, ബുദ്ധ എന്നീ മതങ്ങളെ പിന്തുടരുന്നവരുണ്ട്. ഇവരിൽ ഹിന്ദുക്കളാണ് ഏറ്റവും കൂടുതലുള്ളത്.
ആരാണ് മുഷ്താഖ് ബുഖാരി?
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുരൻകോട്ടിൽ ബിജെപിയുടെ തുറുപ്പ് ചീട്ടാണ് മുഷ്താഖ് ബുഖാരി. പഹാഡികൾക്ക് സംവരണം ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ മുൻനിര നേതാക്കളിലൊരാളായിരുന്നു. രണ്ട് തവണ എംഎൽഎയും മുൻ എൻ സി നേതാവുമായ ബുഖാരി 2014ൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.സി വിട്ട് ബി.ജെ.പിയിൽ ചേർന്നു. പഹാഡികൾക്കുള്ള എസ്ടി പദവിയെ ചൊല്ലി എൻസി മേധാവി ഫാറൂഖ് അബ്ദുള്ളയുമായി അദ്ദേഹം തെറ്റിപ്പിരിയുകയായിരുന്നു.
ഗുജ്ജർ വംശജനായ മുഹമ്മദ് ഷാനവാസാണ് മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ കോൺഗ്രസ് എതിരാളി. 2014-ൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മറ്റൊരു ഗുജ്ജർ നേതാവും കോൺഗ്രസ് വിമതനുമായ സി.എച്ച് മുഹമ്മദ് അക്രം സ്വതന്ത്രനായി മത്സരിക്കുന്നു. പഹാഡി ഏകീകരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഗുജ്ജറുകളെ കേന്ദ്രീകരിച്ച് കോൺഗ്രസും വിജയം സ്വപ്‍നം കാണുന്നു.
മറ്റ് പഹാഡി സ്ഥാനാർത്ഥികൾ
ഇത്തവണ രജൗരി മണ്ഡലത്തിൽ പഹാഡി ഹിന്ദുവായ വിബോധ് കുമാർ ഗുപ്തയാണ് ബിജെപി സ്ഥാനാർഥി. സംസ്ഥാന പാർട്ടി ജനറൽ സെക്രട്ടറി ഇഫ്ത്കർ അഹമ്മദ് എന്ന പഹാഡി മുസ്ലീമാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മത്സരരംഗത്തുള്ള ഏക ഗുജ്ജർ സ്ഥാനാർത്ഥി തസാദിഖ് ഹുസൈനെയാണ് പിഡിപി മത്സരിപ്പിക്കുന്നത്.
മെന്ധറിൽ എൻസി സ്ഥാനാർത്ഥി സിറ്റിംഗ് എംഎൽഎയായ ജാവേദ് അഹ്‌മദ് റാണയാണ്. പഹാഡി വിഭാഗത്തിൽപ്പെട്ട മുർതാസ അഹ്‌മദ് ഖാനാണ് ബിജെപിയുടെ സ്ഥാനാർഥി. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. പഹാഡി കൂടിയായ നദീം അഹമ്മദ് ഖാനെയാണ് പിഡിപി മത്സരിപ്പിക്കുന്നത്. ജില്ലാ വികസന കൗൺസിൽ (ഡിഡിസി) അംഗവും ഗുജ്ജർ നേതാവുമായ എഞ്ചിനീയർ ഇഷ്ഫാഖ് ചൗധരി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്.
#JammuKashmirElections, #MushtaqBukhari, #BJP, #GandhiComparison, #MandelaComparison, #PahadiCommunity