Arvind Kejriwal | കേജ്‌രിവാൾ പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിൽ; ജാമ്യത്തിനെതിരെ ഇഡി ഹൈകോടതിയിൽ; വാദം പൂർത്തിയാകുന്നതുവരെ ജാമ്യം തടഞ്ഞു


ന്യൂഡെൽഹി: (KVARTHA) മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി ഹൈകോടതിയെ സമീപിച്ചു. കോടതിയിൽ ഉടൻ വാദം കേൾക്കണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു അഭ്യർഥിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഇഡിയുടെ ഈ ഹർജിയെ കേജ്‌രിവാളിൻ്റെ അഭിഭാഷകർ എതിർത്തു.
കേസ് ഫയൽ വന്നതിന് ശേഷം ഹർജി ഉടൻ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദ്ര ദുഡേജ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. വാദം പൂർത്തിയാകുന്നതുവരെ കേജ്‌രിവാളിൻ്റെ ജാമ്യം ഹൈകോടതി സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് ഉച്ചയോടെ തുടങ്ങും.
തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി കെജ്‌രിവാളിന് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ജൂൺ രണ്ടിന് കീഴടങ്ങുകയായിരുന്നു.