AAP | മോദിയെപ്പോലെ തന്നെ നിറം മങ്ങി കേജ്‌രിവാൾ; ഡൽഹിക്ക് മടുത്തു തുടങ്ങിയോ?


/മിന്റാ മരിയ തോമസ്
(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ നാനൂറ് സീറ്റിന് മുകളിൽ ലഭിച്ച് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് നാടുമുഴുവൻ വീമ്പുപറഞ്ഞ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ കേവല ഭൂരിപക്ഷം തികയ്ക്കാൻ മറ്റ് പ്രാദേശീക കക്ഷികളുടെ കാലുപിടിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഏകപക്ഷീയമായി ഇവിടം ഭരിച്ച മോദിയ്ക്ക് ഇനി പ്രാദേശിക കക്ഷികൾ പറയുന്നത് കേട്ട് ഭരിക്കേണ്ട ഗതികേടിൽ ആയിരിക്കും, ഞങ്ങൾ പറയും നിങ്ങൾ ചെയ്യുക എന്ന് പറയുന്നതുപോലെ. ശരിക്കും ഇതും ഒരു പരാജയമാണ്. ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ ഏറിയെങ്കിലും ഇക്കുറി നിറം മങ്ങിയ ഒരു മോദിയെയും പ്രധാനമന്ത്രിയെയുമാണ് ഇന്ത്യയിലെ ജനങ്ങൾക്ക് കാണാൻ കഴിയുന്നത്.
അതുപോലെ തന്നെ ഈ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഗ്ലാമർ നഷ്ടപ്പെട്ട മറ്റൊരു നേതാവാണ് ആം ആദ്മി പാർട്ടിയുടെ ലീഡറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ജയിലിൽനിന്ന് ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാൾ കാടിളക്കി പ്രചാരണം നടത്തിയിട്ടും തൻ്റെ സ്വന്തം തട്ടകമായ ഡൽഹിയിൽ ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ പറ്റിയില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കെജ്രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നടത്തിയ പ്രകടനങ്ങൾ കണ്ടപ്പോൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വലിയ എന്തോ ഒരു അത്ഭുതം സംഭവിക്കുമെന്നാണ് ജനം പ്രതീക്ഷിച്ചത്. അതും കോൺഗ്രസുമായി സഖ്യം ചേർന്ന് ഡൽഹിയിൽ മത്സരിച്ചപ്പോൾ.
കോൺഗ്രസിന് തന്നെ ഒട്ടും പ്രതീക്ഷയില്ലാതിരുന്ന യു.പിയിലും മഹാരാഷ്ട്രയിലും ഒക്കെ ഇന്ത്യ സഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചപ്പോൾ ഡൽഹിയിൽ സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസും ആപ്പും ബി.ജെ.പിയ്ക്ക് മുന്നിൽ തകർന്നടിയുന്നതാണ് കണ്ടത്. അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ മോദിക്ക് കിട്ടിയ ഏക ആശ്വാസവും. കേജ്രിവാളിനെ അറസ്റ്റിലാക്കാൻ പ്രവർത്തിച്ച മുഖ്യ കണ്ണി പ്രധാനമന്ത്രിയാണെന്നും അദേഹത്തോടുള്ള ശത്രുത തീർക്കാനാണ് ജയിലിൽ അടച്ചതെന്നുമുള്ള വാർത്തകൾ ഭൂമുഖത്ത് പരക്കുമ്പോൾ കേജരിവാളിനെ അറസ്റ്റു ചെയ്ത നടപടി തെറ്റല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഡൽഹിയിലെ ലോക്സഭാ ഫലം.
ഡൽഹിയിലെ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റിൽ നാലിടത്ത് ആം ആദ് മി പാർട്ടിയും മൂന്ന് ഇടത്ത് കോൺഗ്രസും സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും ഈ ഏഴിടത്തും പ്രമൂഖ നേതാക്കളെ തോൽപ്പിച്ച് ബി.ജെ.പി തൂത്തുവാരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ ബി.ജെ.പി ഏഴ് സീറ്റിലും വിജയിച്ചതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യ്ക്ക് ബദലായി ഇരുപാർട്ടികളും സഖ്യം ചേർന്ന് മത്സരിച്ചത്. പക്ഷേ, ഒരിടത്ത് പോലും സഖ്യത്തിന് ജയിക്കാനായില്ല എന്ന് മാത്രമല്ല ബി.ജെ.പി വെല്ലുവിളി അതിജീവിക്കാൻ കെജ്‍രിവാളിന്റെ അറസ്റ്റിനും രാഷ്ട്രീയമായ വേട്ടയാടലെന്ന ആരോപണത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ഫലം തെളിയിക്കുന്നത്.
വളരെക്കാലം ഡൽഹി ഭരിച്ച രാഷ്ട്രീയ കക്ഷികളായിരുന്നു കോൺഗ്രസും ബി.ജെ.പി യും. ഈ രണ്ടു പാർട്ടികളും ഒന്നിടവിട്ട് ഡൽഹി ഭരിച്ചുകൊണ്ടിരുന്നു. വളരെക്കാലം ഡൽഹി ഭരിച്ച കോൺഗ്രസ് പോലെയുള്ള ഒരു വലിയ പ്രസ്ഥാനത്തിന് കുറച്ചു കാലം കൊണ്ട് ഉദയം ചെയ്ത ആം ആദ്മി പോലുള്ള ഒരു പ്രസ്ഥാനവുമായി സഖ്യം ചേർന്ന് മത്സരിക്കുന്നതിൽപ്പരം എന്ത് വലിയ നാണക്കേട് ആണുള്ളത്. മാത്രമല്ല, ആകെയുള്ള ഏഴ് ലോക് സഭാ സീറ്റുകളിൽ നാല് എണ്ണം ആം ആദ്മി പാർട്ടിക്ക് വിട്ടുകൊടുത്തു കൊണ്ട് ബാക്കി മൂന്ന് സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചതെന്ന് ഓർക്കണം. തുടർച്ചയായി 15 തവണ ഡൽഹി ഭരിച്ച കോൺഗ്രസ് പാർട്ടിയ്ക്ക് പിന്നീട് ഡൽഹിയിൽ പിടിച്ചു നിൽക്കാൻ ഇങ്ങനെയൊരു സഖ്യമുണ്ടാക്കേണ്ടി വന്നതിൽ വലിയ പ്രതിഷേധം ഡൽഹി കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായെന്ന് വ്യക്തം.
ഷീലാ ദീക്ഷിതിന്റെ കീഴിൽ 1998 വരെ ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനെതിരെയും ഇന്ത്യയിൽ അന്ന് ഭരിച്ച കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെതിരെയും പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടാണ് കേജ്രിവാളും അദ്ദേഹത്തിൻ്റെ ആം ആദ്മി പാർട്ടിയും ഡൽഹിയിൽ ക്ലച്ച് പിടിക്കുന്നത്. ശരിക്കും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ അസ്ഥിയിൽ ചവിട്ടി ഉയർന്നു വന്നതാണ് ആം ആദ്മി പാർട്ടി. ഈ പാർട്ടിയുടെ ഉദയത്തോടെ പിന്നീട് കോൺഗ്രസിന് ഡൽഹിയിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ബി.ജെ.പി തളരാതെ വളരുകയും ചെയ്യുന്നു. കോൺഗ്രസിനെ ചവിട്ടി താഴ്ത്തി വളർന്ന ആം ആദ്മി പാർട്ടിയെ ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരിക്കാൻ പറ്റിയാലും ഡൽഹിയിൽ ആ പാർട്ടിയെ അവിടുത്തെ നേതാക്കൾ ശത്രുപക്ഷത്താണ് നിർത്തുന്നതെന്ന് വ്യക്തം.
അതിനാൽ തന്നെയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഡൽഹിയിൽ സഖ്യം ഉണ്ടാക്കുന്നുവെന്ന് വന്നപ്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. അതുപോലെ ഡൽഹിയിലെ പല നേതാക്കളും പ്രവർത്തകരും ഈ സഖ്യത്തിന് എതിരായിരുന്നുവെന്നാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇരു പാർട്ടികളിലെയും നേതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ കൊണ്ട് പ്രാദേശിക തലത്തിൽ ഇരു പാർട്ടി പ്രവർത്തകർക്കിടയിലും ഏകോപനത്തിന്റെ അഭാവമുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാവുന്നത്. കഴിഞ്ഞ നാളിതുവരെയായി രാഷ്ട്രീയ എതിരാളികളായ രണ്ട് പാർട്ടികൾ . ഇപ്പോൾ മിത്രങ്ങളാണെന്ന് പറഞ്ഞു ചെല്ലുന്നതിൻ്റെ രാഷ്ട്രീയ ധാർമ്മികത വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള കഴിവില്ലായ്മ തന്നെയാണ് ബി.ജെ.പിക്ക് ഡൽഹിയിൽ വലിയൊരു വിജയം സമ്മാനിച്ചത് എന്ന് വ്യക്തം.
യഥാർത്ഥത്തിൽ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുമ്പോലത്തെ അവസ്ഥയിലായി ഡൽഹിയിൽ കോൺഗ്രസ് - ആം ആദ്മി സഖ്യം. 2015, 2020 തിരഞ്ഞെടുപ്പുകളിൽ ഡൽഹി നിയമസഭയിലെ 70 ൽ 67 ഉം 62 ഉം സീറ്റുകൾ ആം ആദ്മി പാർട്ടി നേടിയതാണ്. ബാക്കിയുള്ളവ ബി.ജെ.പിയും നേടി. തുടർച്ചയായി 15 തവണ ഡൽഹി ഭരിച്ച കോൺഗ്രസ് പാർട്ടി ഷീലാ ദീക്ഷിതിന്റെ കീഴിൽ 1998 മുതൽ ഇല്ലാതാകുന്നതാണ് കണ്ടത്. 'കോൺഗ്രസിനെ തുടച്ചുനീക്കാൻ ഉത്തരവാദിയായ ശക്തിയാണ് ആം ആദ്മി പാർട്ടി എന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ ഡൽഹിയിൽ പ്രവർത്തകർക്കിടയിൽ പ്രതിസന്ധിയുണ്ട്. അതിനെ തിരുത്തി ഒരുമിച്ചുകൊണ്ടു പോകുവാൻ ഇരു പാർട്ടികളുടെയും നേതാക്കൾക്ക് ആയില്ല എന്നതുകൊണ്ട് തന്നെ ഡൽഹിയിലെ പരാജയം കോൺഗ്രസും ആം ആദ്മി പാർട്ടിയും ക്ഷണിച്ചു വരുത്തിയതാണെന്ന് പറയേണ്ടി വരും. ദേശീയ തലത്തിൽ ഈ ലോക് സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ സഖ്യത്തിന് ആഘോഷിക്കാന് വകയുണ്ടാക്കിയിയെങ്കിലും കേജ്രിവാളിൻ്റെ സാന്നിധ്യം മൂലം ശ്രദ്ധിക്കപ്പെട്ട ഡൽഹിയിലെ പരാജയം തികച്ചും നാണം കെടുത്തി എന്ന് പറയാം.
കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കുന്നതാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ പഴി പറഞ്ഞിട്ട് കാര്യമുണ്ടോ. പഴയ ശത്രുവിനെ മിത്രമാക്കി തിരഞ്ഞെടുപ്പ് നേരിട്ടതിൻ്റെ ഫലമല്ലേ ഈ തിരഞ്ഞെടുപ്പിലെ ഡൽഹിയിലെ പരാജയമെന്ന് കോൺഗ്രസ് സ്വയം വിലയിരുത്തേണ്ടതാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും കേജ്രിവാളിൻ്റെ ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള പ്രകടനങ്ങൾ സ്വന്തം ജനങ്ങൾക്ക് ഇടയിൽ ഏശിയില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനകൾ. കേജ്രിവാൾ അറസ്റ്റിലായ ശേഷം അദ്ദേഹത്തിൻ്റെ ഭാര്യ പാർട്ടിയെ സ്വന്തം കൈപ്പിടിയിൽ കൊണ്ട് നടന്നത് ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് അലോസരമുണ്ടാക്കിയെന്നതും പ്രകടമാണ്. അവർ പലരും ഡൽഹിയിൽ സജീവമായില്ല. എന്തായാലും ഈ തെരഞ്ഞെടുപ്പ് മോദിയ്ക്ക് കിട്ടിയ അടിപോലെ തന്നെ കേജ്രിവാളിനും കിട്ടിയ ഷോക്ക് തന്നെയാണ്.
sp ഡൽഹിയിൽ ഒരിടത്തും ജയിക്കാനായില്ല