CAA | സിഎഎ വഴി പൗരത്വത്തിന് അപേക്ഷിക്കാന്‍ തയ്യാറാവാതെ അസമിലെ ബംഗാളി ഹിന്ദുക്കള്‍; സംസ്ഥാനത്ത് സംഭവിക്കുന്നത്!


അര്‍ണവ് അനിത
ഗുവാഹത്തി: (KVARTHA) മുസ്ലിം ഭീകരതയും കുടിയേറ്റവും തടയാനും ഹിന്ദുക്കള്‍ അടക്കമുള്ള മറ്റ് മതവിഭാഗക്കാര്‍ക്ക് പൗരത്വം (Citizenship) നല്‍കാനുമെന്ന പേരില്‍ ബിജെപി (BJP) സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി (CAA) ക്കെതിരെ ബംഗാളിലെ (Bengal) ഹിന്ദുക്കള്‍ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ. ബംഗാളില്‍ നിന്ന് അസമിലേക്ക് (Assam) കുടിയേറിയ ഹിന്ദുക്കളാണ് ബിജെപി ഭരിക്കുന്ന അസം സര്‍ക്കാരിനെതിരെ പടപ്പുറപ്പാടിനൊരുങ്ങുന്നത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ (NRC) നിന്ന് പുറത്തായ അസമിലെ ഭൂരിപക്ഷം ബംഗാളി ഹിന്ദുക്കളും ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കോടതികളില്‍ (Court) പോയ് ക്കൊള്ളാമെന്ന് പറഞ്ഞ് പൗരത്വ ഭേദഗതി നിയമം വഴി പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചതായി സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.
ഭൂരിഭാഗവും തങ്ങളുടെ ഇന്ത്യന്‍ പൗരത്വം കോടതികളിലോ വിദേശ ട്രൈബ്യൂണലുകളിലോ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. സിഎഎ വഴി ധാരാളം ആളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നാണ് അസം സര്‍ക്കാര്‍ കരുതിയത്. നിലവിലെ കണക്കനുസരിച്ച് എട്ട് ബംഗാളി ഹിന്ദുക്കള്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ, അവരില്‍ രണ്ട് പേര്‍ മാത്രമാണ് അഭിമുഖത്തിന് ഹാജരായത്. ബംഗാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി പ്രവര്‍ത്തകര്‍ അവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. സിഎഎ പ്രകാരം ഹിന്ദുക്കള്‍ക്ക് എങ്ങനെ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് അവരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗവും വഴങ്ങിയില്ല.
2019 ഓഗസ്റ്റില്‍ പുറത്തിറക്കിയ എന്‍ആര്‍സി കരടില്‍ (Draft) 19.06 ലക്ഷത്തിലധികം അപേക്ഷകര്‍ പുറത്തായി. അതില്‍ എട്ട് ലക്ഷത്തിലധികം പേര്‍ ബംഗാളി ഹിന്ദുക്കളാണ്. പൗരത്വം നേടാനുള്ള 1971 മാര്‍ച്ച് 24 ലെ തിയതി അനുസരിച്ച് (Cut-Off Date) പുതുക്കിയ എന്‍ആര്‍സി പട്ടിക, പ്രധാനമായും അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നു അസമിലേക്കുള്ള 'നിയമവിരുദ്ധ കുടിയേറ്റം' പരിഹരിക്കുന്നതിനാണ്. ദീര്‍ഘകാലമായി തലവേദനയാണ് ഈ പ്രശ്‌നം. 1985ലെ അസം കരാര്‍, വിദേശ കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഒപ്പുവച്ചതാണ്. ആറ് വര്‍ഷമാണ് സംസ്ഥാനത്ത് സമരം നടന്നത്.
2019 ഡിസംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ സിഎഎ കട്ട് ഓഫ് തീയതിയില്‍ മാറ്റം വരുത്തുകയും ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് 2024 ഡിസംബര്‍ വരെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. 1971 ന് ശേഷം കുടിയേറിയ ലക്ഷക്കണക്കിന് ഹിന്ദു ബംഗാളികള്‍ക്ക് സിഎഎ വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നും ഉറപ്പ് കൊടുത്തു. എന്നാലിത് തങ്ങളെ ന്യൂനപക്ഷങ്ങളായി (Minority) ചുരുക്കുമെന്നും തനത് സ്വത്വത്തിനും സംസ്‌കാരത്തിനും ഭീഷണിയാകുമെന്നും തദ്ദേശീയ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാണിച്ചു.
മാത്രമല്ല സര്‍ക്കാര്‍ തീരുമാനം അവരെ പ്രകോപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമം വഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് പൗരത്വം ലഭിക്കുമെന്ന് പറഞ്ഞ് പ്രക്ഷോഭവും നടത്തി. അവരുടെ അവകാശവാദങ്ങളെ തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കാരണം എട്ട് ബംഗാളി ഹിന്ദുക്കള്‍ മാത്രമാണ് പുതുതായി പൗരത്വത്തിന് അപേക്ഷ നല്‍കിയത്. എന്നിരുന്നാലും, 2014 ന് ശേഷമുള്ള എല്ലാ കുടിയേറ്റക്കാരെയും വിദേശ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് നാടുകടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസമിലെ ഹിന്ദുക്കള്‍ കഴിഞ്ഞാലുള്ള ഏറ്റവും വലിയ ഹൈന്ദവ സമൂഹം ബംഗാളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കളാണ്. 2011 ലെ കണക്കനുസരിച്ച് ഏകദേശം 67.5 ദശലക്ഷം ബംഗാളി ഹിന്ദുക്കള്‍ അസമില്‍ താമസിക്കുന്നു. അവരില്‍ ഭൂരിഭാഗവും ബരാക് (Barak) താഴ്വരയിലാണ് ജീവിക്കുന്നത്, കൂടാതെ ഗണ്യമായ ജനസംഖ്യ ബ്രഹ്‌മപുത്ര (Brahmaputra) താഴ്വരയിലും വസിക്കുന്നു. അവര്‍ ന്യൂനപക്ഷങ്ങളായിരുന്നെങ്കിലും നിലവില്‍ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ആധിപത്യം പുലര്‍ത്തുന്നു. 1947ല്‍ ബംഗാള്‍ വിഭജനത്തിനു ശേഷം അസമിലേക്ക് വലിയ തോതില്‍ ബംഗാളി കുടിയേറ്റമുണ്ടായി.
1946-1951 കാലഘട്ടത്തില്‍ ഏകദേശം 2,74,455 ബംഗാളി ഹിന്ദു അഭയാര്‍ത്ഥികള്‍ (Refugee) ബംഗ്ലാദേശില്‍ നിന്ന് അസമിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരതാമസക്കാരായി. 1952-1958 കാലത്ത് ബംഗ്ലാദേശില്‍ നിന്നു ഏകദേശം 2,12,545 ബംഗാളി ഹിന്ദുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയം പ്രാപിച്ചു. 1964ലെ കിഴക്കന്‍ പാകിസ്ഥാന്‍ കലാപത്തിന് ശേഷം നിരവധി ബംഗാളി ഹിന്ദുക്കള്‍ അസമിലേക്ക് ഒഴുകിയെത്തി, 1968-ല്‍ സംസ്ഥാനത്ത് ഹിന്ദു കുടിയേറ്റക്കാരുടെ എണ്ണം 1,068,455 ആയി ഉയര്‍ന്നു. ഏകദേശം 3,47,555 പേര്‍ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് (Bangladesh Liberation War) ശേഷം അഭയാര്‍ത്ഥികളായി എത്തി, മിക്കവരും പിന്നീട് അസമില്‍ തങ്ങി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദുക്കള്‍ തമ്മിലുള്ള ഭിന്നത അസമില്‍ രൂക്ഷമാണെന്നും ഇതിന് തടയിടാന്‍ ആര്‍എസ്എസിന് (RSS) പോലും കഴിഞ്ഞിട്ടില്ലെന്നുമാണ് പറയുന്നത്. എന്‍ആര്‍സിയുടെ രണ്ടാം കരടില്‍ നിന്ന് 40 ലക്ഷം പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്, അതില്‍ 12 ലക്ഷം പേര്‍ ബംഗാളി ഹിന്ദുക്കളായിരുന്നു. 2019 ഡിസംബറില്‍ പാസാക്കിയ സിഎഎ ബില്‍, 1971-ന് മുമ്പ് അസമില്‍ താമസിച്ചിരുന്ന ബംഗാളി അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
2019 ജനുവരിയില്‍, അസമിലെ കര്‍ഷക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയാല്‍ ഏകദേശം രണ്ട് ദശലക്ഷം ബംഗ്ലാദേശി ഹിന്ദുക്കള്‍ ഇന്ത്യന്‍ പൗരന്മാരാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എട്ട് ലക്ഷം ഹിന്ദു ബംഗ്ലാദേശികള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കൂ എന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നത്. ഭൂരിപക്ഷവും അപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ ബംഗാളി ഹിന്ദുക്കളുടെ കണക്ക് കൃത്യമല്ല.