CPM | സിപിഎമ്മിന് വൈകി വന്ന വിവേകം! ഇനിയും ഉണർന്നില്ലെങ്കിൽ ബിജെപി ഹിന്ദു വോട്ടുകൾ തട്ടിയെടുക്കുമെന്ന് മനസിലായോ?

 
CPM
CPM


തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ ഇടയായതും ഹിന്ദു വോട്ടുകളിലെ ഏകീകരണം ആയിരുന്നു

കെ ആർ ജോസഫ് 

(KVARTHA) ഭാഗികമായ് വിശ്വാസമാകാം. ചിലർക്ക് ചില കാര്യങ്ങൾ മനസിലായ് വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആട്ടിൻതോലിട്ട ചെന്നായ ആകണമെന്ന് സാരം. കൊള്ളാം. അപ്പോൾ ചർച്ചിലും മോസ്ക്കിലും ഒന്നും ഇത് വേണ്ടെ സഖാവേ. ഇപ്പോൾ ചർച്ചയാകുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒരു അഭിപ്രായം പറഞ്ഞതാണ്. അത് ഇങ്ങനെയായിരുന്നു: 'ക്ഷേത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണം'.

CPM

പാർട്ടിക്കാരോടുള്ള അഭ്യർത്ഥന ആയിരുന്നു ഇത്. ഇപ്പോഴാണ് സഖാവിന് പതിയെ ബോധം ഉദിച്ചു വരുന്നത്. തമ്പ്രാക്കൾക്കു വേളി, അടിയന്മാർക്ക് സംബന്ധം, എവിടെ വേണേൽ നേരങ്ങിക്കോ, വോട്ട് മാത്രം. ആശയം, ആശ്രയം, ആമാശയം. ഇതാണല്ലോ നിലവിൽ സിപിഎമ്മിൻ്റെ രീതി. സഖാവിന് ഇപ്പോൾ എന്താ ഹിന്ദുക്കളോട്  ഇത്ര സ്നേഹം തോന്നുവാൻ കാരണം. കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ച് പോയി എന്ന് ഇപ്പോ മനസിലായി അല്ലേ? പുതിയ വെളിവാട് ഇലക്ഷൻ വരെയെങ്കിലും നീണ്ടുപോകുമോ അതോ അതിനുമുൻപ് നിലപാട് മാറ്റുമോ? ഇത് എത്ര പേർ വിശ്വസിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

ഇനിയും ഉണർന്നില്ലെങ്കിൽ ബി.ജെ.പി ഹിന്ദു വോട്ടുകൾ മുഴുവൻ തട്ടിയെടുക്കുമെന്ന ചിന്ത സി.പി.എം സംസ്ഥാന സെക്രട്ടറിയെ വേദനിപ്പിക്കുന്നുണ്ടെന്ന് വേണം പറയാൻ. അതിൻ്റെ തുടക്കമാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം. വൈരുധ്യാതിഷ്ടിത ഭൗതികവാദമെന്ന പുസ്തകത്തിൽ പ്രതൃകിച്ച് പറയുന്നുണ്ട്, കമ്മ്യൂണിസ്റ്റുകാർ ആരാധനാലയങ്ങളിൽ സജീവമായിരിക്കണമെന്ന്. അതായത് ആരാധനയാലങ്ങൾ നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്ന്. വിശ്വാസികളെ നിങ്ങൾ ഒരുപാട് സംരക്ഷിക്കുന്നുണ്ട്. എല്ലാവർക്കും അത് മനസിലാകും, അല്ലെങ്കിൽ മനസിലായി തുടങ്ങിയെന്ന് പറയേണ്ടി വരും. 

ഒരു കാര്യം ഗോവിന്ദൻ സഖാവിനെപ്പോലുള്ളവർ മനസ്സിലാക്കുക. ക്ഷേത്രങ്ങളിൽ  ഇടപെട്ടാൽ അവിടെ പിന്നെ വിശ്വാസികൾ കാണില്ല എന്നത്. ശബരിമല മറക്കില്ല. ഹിന്ദുക്കളോടുള്ള സ്നേഹമല്ല കുറഞ്ഞ വോട്ടുകൾ തിരിച്ചു പിടിക്കാൻ കഴിയുമോ എന്ന ചിന്തയാണ് ഇപ്പോൾ സിപിഎമ്മിന്. എസ്.എൻ.ഡി.പി പോലുള്ള സമുദായങ്ങളുടെ വലിയൊരു ശതമാനം വോട്ടും ഒരിക്കൽ ഇടതുപക്ഷത്തിന് തന്നെ ആയിരുന്നു. കൂടാതെ എൻ.എസ്.എസും ചെറിയ രീതിയിൽ എങ്കിലും സി.പി.എമ്മിനോട് അനുഭാവം കാണിച്ചിരുന്നു എന്നത് സത്യമാണ്. കാലക്രമത്തിൽ ഇവരുടെ തോളിൽ ചവിട്ടി നിന്നുകൊണ്ട് ബി.ജെ.പിയുടെ ശക്തമായ വളർച്ചയാണ് കേരളത്തിൽ ഇന്ന് കാണുവാൻ സാധിക്കുന്നത്. അതിൻ്റെ തുടക്കമായിരുന്നു തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലുമൊക്കെ ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. 

തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ ഇടയായതും ഹിന്ദു വോട്ടുകളിലെ ഏകീകരണം ആയിരുന്നു. ഒപ്പം ഹിന്ദുക്കൾക്ക് വലിയ രീതിയിൽ മുൻതൂക്കമുള്ള തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതും ഈ ഹിന്ദു ഏകീകരണം തന്നെ ആയിരുന്നു. തൃശൂരിൽ വലിയ രീതിയിൽ ക്രിസ്ത്യൻ വോട്ടുകളും സ്വാധീനിക്കാൻ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് ആയി എന്നത് യാഥാർത്ഥ്യമാണ്. തിരുവനന്തപുരത്ത് അതേ സമയം ക്രിസ്ത്യൻ വോട്ടുകളെ സ്വാധീനിക്കാൻ വലിയൊരു അളവ് വരെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ആയില്ല എന്നതാണ് സത്യം. ആ വോട്ടുകൾ ഭൂരിഭാഗം ശശി തരൂർ പിടിച്ചതുകൊണ്ട് മാത്രമാണ് തരൂർ തിരുവനന്തപുരത്ത് രക്ഷപെട്ടത്. 

തൃശൂരിൽ ഹൈന്ദവ വോട്ടുകൾ ഭൂരിഭാഗവും ഏകീകരിക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞപ്പോൾ ക്രിസ്ത്യൻ വോട്ടുകൾ, മുസ്ലിം വോട്ടുകൾ എന്നപോലെ യു.ഡി.എഫ് പക്ഷത്ത് എത്തിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരന് കഴിഞ്ഞിരുന്നെങ്കിൽ ഒന്നുകിൽ കെ മുരളീധരൻ അല്ലെങ്കിൽ ഇടത് സ്ഥാനാർത്ഥി സുനികുമാർ എന്നിവരിലൊരാൾ തൃശൂർ ലോക് സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചേനെ. ഇവിടെ ഇടതിനും വലതിനും കാലിടറി എന്നതാണ് യാഥാർത്ഥ്യം. ഇനിയും പഴയ ധാർഷ്ട്യവും ധിക്കാരവുമൊക്കെ ആയി മുന്നോട്ട് പോയാൽ സംഗതി അപകടത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് നാം മനസിലാക്കേണ്ടത്. 

പഴയതുപോലെ പരിപ്പുവടയും കട്ടൻ ചായയും ആയി പോയാൽ മാത്രം പോരാ, കാലത്തിനനുസരിച്ച് കോലവും കെട്ടണമെന്ന് അദ്ദേഹവും മനസിലാക്കി തുടങ്ങിരിക്കുന്നു എന്ന് വേണം പറയാൻ. അതാണല്ലോ ഗോവിന്ദൻ സഖാവിൻ്റെ ഈ പ്രസ്താവനയിൽ നിന്നും മനസിലാക്കേണ്ടത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ വിശ്വാസവും വിശ്വാസികളും ഉണ്ടായിരുന്നു എന്നത് മനസിലാക്കാതെ പ്രവർത്തിച്ചതാണ് പാർട്ടി ചെയ്ത തെറ്റ്. അത് ഇനിയെങ്കിലും മനസിലാക്കിക്കോ. ഇതൊക്കെ അടുത്ത നാടകം എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. 

പാർട്ടിയിലെ അഴിമതി, പീഡനങ്ങൾ, ക്രിമിനലുകളെ വളർത്തൽ, പണത്തിന് വേണ്ടി ലഹരി ബിസിനസ് തുടങ്ങിയ ആരോപണങ്ങൾ ഉയരുന്നത് ജനം കണ്ട് മടുത്തു തുടങ്ങി എന്ന് നേതാക്കൾക്ക് മനസിലായി തുടങ്ങി. ഇനിയും മനസിലായില്ലെങ്കിൽ ആ പാർട്ടിയുടെ അധ:പതനത്തിന് ഇത്  കരണമായിത്തീരും. പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്ന കാലം വരും എന്ന് മനസിലായില്ലേ. ഇനി സഖാക്കൾ അമ്പലത്തിലെ പൂജാരി ആകുവാനും സമരം ചെയ്യുമോ? കാലം പോയ പോക്കേ!

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia