Suresh Gopi | സുരേഷ് ഗോപിയെ സമ്മതിക്കണം! ജയിച്ചത് രണ്ട് മിടുക്കരായ നേതാക്കളെ മറികടന്ന് 

 
Behind the win of Suresh Gopi


ബി.ജെ.പിയുടെ വിജയമല്ല, സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയമാണ് ഇത് 

/മിന്റാ മരിയ തോമസ് 

(KVARTHA) ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിലെ ഏറ്റവും തിളക്കമാർന്ന വിജയമെന്നത് തൃശൂരിൽ നടൻ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്നതാണ്. ശരിക്കും യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും രണ്ട് മിടുക്കരായ നേതാക്കളെ കടത്തിവെട്ടിയാണ് സുരേഷ് ഗോപി ഇവിടെ വെന്നിക്കൊടി പാറിച്ചത്. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ചത് സി.പി.ഐയുടെ മുതിർന്ന നേതാവും ജനകീയനുമായ വി.എസ് സുനിൽ കുമാറും യു.ഡി.എഫിന് വേണ്ടി മത്സരിച്ചത് ലീഡറുടെ മകനും മുൻ കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന കെ.മുരളീധരനും ആയിരുന്നു. 

ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് തടയാൻ എന്നും പ്രസ്റ്റീജ് മണ്ഡലങ്ങളിൽ യു.ഡി.എഫ് അവതരിപ്പിക്കുന്ന സ്ഥാനാർത്ഥിയായിരുന്നു കെ മുരളീധരൻ. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയിലൂടെ ഇക്കുറി തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന ശ്രുതി വന്നപ്പോൾ നിലവിലെ എം.പി ടി.എൻ പ്രതാപനെ മാറ്റി വടകരയിലെ എം.പിയായ കെ മുരളീധരനെ തൃശൂരിൽ സുരേഷ് ഗോപിയ്ക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊണ്ടുവരുകയായിരുന്നു. എന്നാൽ മറ്റ് ഇടങ്ങളിൽ മത്സരിച്ചതുപോലെ അല്ലായിരുന്നു മുരളീധരന് ജനിച്ചു വളർന്ന സ്വന്തം തട്ടകത്തിൽ സംഭവിച്ചത്. അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി ഇവിടെ മുരളീധരന് പൂട്ടിടുകയായിരുന്നു എന്ന് വേണം പറയാൻ. 

മുരളീധരൻ ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയായിരുന്നു. കെ മുരളീധരന് പോലും ഒരു പക്ഷേ ഇത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ തടയിടാൻ മുരളീധരൻ നേമത്ത് മത്സരിച്ച് തോറ്റതുപോലെ ആയിരുന്നില്ല ഇത്. നേമത്ത് അന്ന് മുരളീധരൻ തോറ്റെങ്കിലും ബി.ജെ.പിയുടെ വിജയം തടയാൻ മുരളീധരന് സാധിച്ചിരുന്നു. അതുപോലെയാണ് വി.എസ്.സുനിൽ കുമാറും. തൃശൂരിൽ എല്ലാവർക്കും സ്വീകാര്യനായ നേതാവ് എന്ന വിശേഷണമാണ് മുൻ മന്ത്രികൂടിയായ സുനിൽ കുമാറിന് ഉള്ളത്. ഒരിക്കലും പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത നേതാവ് കൂടിയാണ് സുനിൽ കുമാർ. എക്കാലവും യു.ഡി.എഫിൻ്റെ കയ്യിലിരുന്ന തൃശൂർ നിയമസഭാ സീറ്റ് എൽ.ഡി.എഫിൻ്റെ കൈയ്യിൽ എത്തിച്ചത് സുനിൽ കുമാർ ആയിരുന്നു. 

അതിനാൽ തന്നെ ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരുന്നു സുനിൽ കുമാറും. ആദ്യഘട്ടത്തിൽ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി യിലേയ്ക്ക് വോട്ട് മറിക്കുമെന്നും അങ്ങനെ വന്നാൽ സുരേഷ് ഗോപി ജയിച്ച് സുനിൽ കുമാർ മൂന്നാം സ്ഥാനത്ത് എത്തുമെന്നൊക്കെയായിരുന്നു പ്രചാരണം. എന്നാൽ അവിടെ സുനിൽ കുമാറിന് ആശ്വാസിക്കാം, യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിമാറ്റി രണ്ടാം സ്ഥാനത്ത് എത്തി എന്നുള്ളതിൽ. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.എൻ പ്രതാപനും , എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐ യിലെ രാജാജി മാത്യുവും ബി.ജെ.പി യ്ക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് മത്സരിച്ചത്. അന്ന് വിജയിച്ചത് ടി.എൻ.പ്രതാപൻ ആയിരുന്നു. സി.പി.ഐ സ്ഥാനാർത്ഥി രണ്ടാമതും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തും എത്തുകയായിരുന്നു. ഇക്കുറി ഒന്നാം സ്ഥാനത്ത് നിന്ന യു.ഡി.എഫിനെ മൂന്നാം സ്ഥാനത്താക്കി കഴിതവണ മൂന്നാം സ്ഥാനത്ത് ഇരുന്ന സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ബി.ജെ.പിയ്ക്ക് വേണ്ടി മികച്ച വോട്ട് കരസ്ഥമാക്കിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുകയാണ് ചെയ്തത്. അന്ന് യാദൃശ്ചികമായാണ് അദേഹം തൃശൂരിൽ മത്സരത്തിന് വന്നത്. എന്നാൽ കുറഞ്ഞ ദിവസം കൊണ്ട് തന്നെ സുരേഷ് ഗോപി തൃശൂരുകാരുടെ മനസ്സിൽ ഇടം നേടി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി തൃശൂരിനെ കൈവിടാതെ തൃശൂർ ലോക് സഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്. ശരിക്കും തൃശൂരിലെ ജനങ്ങളുമായി ഇഴുകി ചേർന്നുള്ള പ്രവർത്തനം. അതിൽ ഫലം കാണുകയും ചെയ്തു. 

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി താമര വിരിയിച്ച ആളെന്ന ഖ്യാതിയും ഇനി സുരേഷ് ഗോപിക്ക് സ്വന്തം. മുൻപ് പി സി തോമസിലൂടെ എൻ.ഡി.എ മൂവാറ്റുപുഴയിൽ വിജയിച്ചിട്ടുണ്ടെങ്കിലും അന്ന് ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായാണ് പി.സി.തോമസ് മത്സരിച്ചത്. സുരേഷ് ഗോപി ബി.ജെ.പി യുടെ സ്വാനാർത്ഥിയായി താമര ചിഹ്നത്തിൽ തന്നെയാണ് തൃശൂരിൽ ജനവിധി തേടിയത്. എന്നും ഇടതിനെയും വലതിനെയും ഒരുപോലെ പിന്തുണച്ചിട്ടുള്ള തൃശൂർ ജനത സുരേഷ് ഗോപിയെ അങ്ങ് എടുക്കുവായിരുന്നു. അദ്ദേഹം തൃശൂരിൽ നിന്നുകൊണ്ട് 5 വർഷം ചെയ്ത സേവനങ്ങളാണ് വോട്ടായി മാറിയത്. 

കക്ഷി രാഷ്ട്രീയത്തിന് അതീതമായി തൃശൂർ ജനത വോട്ട് ചെയ്യുകയായിരുന്നുവെന്ന് പറയാം. ഇടതനെയും വലതനെയും മറികടന്നുകൊണ്ടുള്ള ഈ വിജയം ഒരിക്കലും ബി.ജെ.പിയുടെ വിജയമല്ല, സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയമാണ്. നന്മകൾ ചെയ്യുന്നർ ആരായാലും ജനം കൈനീട്ടി സ്വീകരിക്കുമെന്നതിന് വ്യക്തമായ തെളിവും ഇത് തന്നെ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia