Politics | ഗോവിന്ദൻ മാസ്റ്ററെ വിറ്റ കാശ് വെള്ളാപ്പള്ളിയുടെ പോക്കറ്റിലുണ്ട്! കളിച്ചാൽ ചൊറിച്ചിൽ മാറ്റാനും അറിയാം
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മന്ത്രിമാരുൾപ്പെടുന്ന എൽ.ഡി.എഫിൻ്റെ 11 മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തി
സോണി കല്ലറയ്ക്കൽ
(KVARTHA) ഈ പറഞ്ഞത് സത്യമെങ്കിൽ ഇത്രയും നാൾ നിങ്ങൾക്ക് കിട്ടാത്ത ഒരു അംഗീകാരമുണ്ട്. ആ വാക്ക് ഇപ്പോൾ പറയാം, നിലപാട്! അച്ഛൻ കൊമ്പത്തും മകൻ വരമ്പത്തും ഇത് ആർക്കാണ് അറിയാൻ സാധിക്കാത്തത്. നിലനിൽപ്പിനും കാര്യസാധ്യത്തിനുമായി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കളിക്കുന്നവരാണ് വെള്ളാപ്പള്ളി നടേശനും മകനും എന്ന് ആരോപണമുണ്ട്. ഒരാൾ ഇവിടുത്തെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും മറ്റേയാൾ കേന്ദ്രത്തിൻ്റെ അടുത്തയാളും. ഇതു മനസിലാക്കാതെയാണോ വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിയ്ക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതെന്ന് സംശയമുണ്ട്. ഇപ്പോൾ വെള്ളാപ്പാള്ളി നടേശൻ സൂചിപ്പിച്ചിരിക്കുന്നത് സി.പി.എം എന്ന വള്ളം മുങ്ങാൻ പോകുന്നു എന്നു തന്നെയാണ്. ശരിക്കും ഒരു അടിപൊളിവാചകം.
വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ: 'വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം.യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുന്നത്. എൽഡിഎഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ മുന്നണി'.
കഴിഞ്ഞ ദിവസം ഗോവിന്ദൻ മാസ്റ്റർ എസ്.എൻ.ഡി.പിയ്ക്കും വെള്ളാപ്പള്ളി നടേശനുമെതിരെ പറഞ്ഞതിന് മറുപടിയെന്നോണമാണ് വെള്ളാപ്പള്ളി നടേശൻ്റെ ഈ പരസ്യപ്രതികരണം. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നു. എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചു. എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുണ്ട്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല. എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ്. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകലുന്ന എസ്എൻഡിപിയെ ശക്തമായി വിമർശിക്കണം'.
സ്വത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ ബിജെപി ശ്രമിച്ചു. എസ്ൻഡിപിയുടേത് ഉൾപ്പെടെയുള്ള വോട്ടുകൾ ഇങ്ങനെ മാറി. സ്വത്വ രാഷ്ട്രീയത്തെ വെള്ളം കടക്കാത്ത അറകളാക്കി ആർഎസ്എസ് ആദ്യം മാറ്റി. പിന്നെയും അതിനെ വർഗീയ വൽക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടി എന്നോണമാണ് ഇപ്പോൾ വെള്ളാപ്പള്ളിയും രംഗത്ത് എത്തിയത്. ഗോവിന്ദൻ മാസ്റ്ററെ വിറ്റ കാശ് വെള്ളാപ്പള്ളിയുടെ പോക്കറ്റിലുണ്ട് എന്ന് ആദ്യം മനസിലാക്കുക. മാഷ് കളിക്കുന്നത് വെള്ളാപ്പള്ളിയോടാണ്. മാഷിൻ്റെ എല്ലാത്തരത്തിലുമുള്ള ചൊറിച്ചിൽ മാറ്റാൻ വെള്ളാപ്പള്ളിക്ക് നന്നായി അറിയാം എന്ന് ചുരുക്കം.
നടേശൻ എന്ത് പറഞ്ഞാലും ഗോവിന്ദൻ സഖാവ് ഇനിയും ഇത് തുടരും. ഇപ്പോ മാറ്റി കുത്തിയ വോട്ട് ചെയ്ത ആളുകളിൽ അപകർഷക ബോധം ഉണ്ടാക്കുക, വോട്ട് തിരിച്ച് പിടിക്കുക. അത് മാഷിൻ്റെ ഇന്നത്തെ ആവശ്യം തന്നെയാണ്. ഭയങ്കര ബുദ്ധി തന്നെ. അല്ലാതെ എന്ത് പറയാൻ. സിപിഎമ്മിന്റെ അടിത്തറ ഈഴവവോട്ടുകൾ ആണ്. അത് ബിജെപിക്ക് പോയാൽ തീർച്ചയായും ബിജെപിക്ക് കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയും എന്നത് സി.പി.എം എന്ന പ്രസ്ഥാനത്തെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ ചേർത്തു പിടിച്ചിരിക്കുന്നത്.
മറുവശത്ത് കേന്ദ്രം ഈ വോട്ടുകൾ ബി.ജെ.പി പക്ഷത്തേയ്ക്ക് എത്തിക്കാൻ വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെയും കൂട്ടുപിടിച്ചിരിക്കുന്നു. അതിൻ്റെ നേട്ടം കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയ്ക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുൾപ്പെടുന്ന എൽ.ഡി.എഫിൻ്റെ 11 മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തിയത് നാം കണ്ടതാണ്. അതായത് കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ സി.പി.എമ്മിന് വോട്ട് ചെയ്തവർ ഇത്തവണ ബി.ജെ.പി ക്ക് ചെയ്തു എന്നർത്ഥം.
ഉദാഹരണം, മന്ത്രി ബിന്ദുവിൻ്റെ ഇരിങ്ങാലക്കുട തന്നെ നോക്കിയാൽ മതിയല്ലോ. ഇതിൽ നല്ലൊരു ശതമാനം ബിജെപിയിലേക്ക് പോയ വോട്ടുകളും എസ്.എൻ.ഡി.പി യുടെത് തന്നെ. അവർ കാലാകാലങ്ങളായി എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഇത് വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരാളെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. അട്ടയ്ക്ക് കണ്ണ് കണ്ടവനാണ് വെള്ളാപ്പള്ളി നടേശൻ എന്ന് ഗോവിന്ദൻ മാഷ് ഇനിയെങ്കിലും മനസ്സിലാക്കുക.