Controversy | ആത്മകഥ വിവാദ കേസിൽ ആദ്യ അധ്യായം തുറന്ന് അന്വേഷണ സംഘം; ഇപിയുടെ മൊഴിയെടുത്തു
● ഡിസി ബുക്സിനെതിരെ ഇപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിൻ്റെ മൊഴിയെടുപ്പ്.
● പൊലീസ് ഇതിനോടകം ഡിസി ബുക്സ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
കണ്ണൂർ: (KVARTHA) തൻ്റെ ആത്മകഥയെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ട പരാതിയിൽ പൊലീസ് ഇ പി ജയരാജൻ്റെ മൊഴിയെടുത്തു. ഡിസി ബുക്സിനെതിരെ ഇപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിൻ്റെ മൊഴിയെടുപ്പ്. ഇ.പി. ജയരാജൻ്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ഇപിയുടെ പാപ്പിനിശേരി കീച്ചേരിയിലുള്ള വീട്ടിൽ വ്യാഴാഴ്ച വൈകീട്ടോടെ ഉദ്യോഗസ്ഥരെത്തി ഇപിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡിസി ബുക്സ് ജീവനക്കാരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ പൊലീസ് ഡിസി ബുക്സ് ഉടമ ഡി.സി. രവിയുടെ മൊഴിയും അടുത്ത് തന്നെ രേഖപ്പെടുത്തും എന്നാണ് വിവരം.
നേരത്തെ, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലാണ് ഇപിയുടെ ആത്മകഥ എന്ന പേരിൽ ഏതാനും ചില വാചകങ്ങൾ ആദ്യമായി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമങ്ങളും അതേറ്റെടുക്കുകയും സർക്കാരിനെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇപി അത് തൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ അല്ലെന്നും താൻ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നേ ഉള്ളെന്നും ഡിസിയെ അതിൻ്റെ പ്രസാധന ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.
തുടർന്ന് ഡിസി ബുക്സിനെതിരെ ഇപി ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.എന്നാൽ ഇ.പിയുടെ ആത്മകഥാ വിവാദം ചേലക്കര വോട്ടിങ് ദിനത്തിൽ വന്നതിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷണം നടത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
#EPJayarajan, #AutobiographyControversy, #KeralaPolitics, #DCBooks, #Investigation, #CPM