Supreme Court | ഇടക്കാല ജാമ്യം നീട്ടണമെന്ന കേജ്‌രിവാളിൻ്റെ ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
ജൂൺ ഒന്നിന് ജാമ്യം അവസാനിക്കും
ന്യൂഡെൽഹി: (KVARTHA) ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 21 ദിവസത്തെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച അടിയന്തര വാദം കേൾക്കണമെന്ന് അഭ്യർത്ഥിച്ചുമായിരുന്നു കേജ്‌രിവാളിന്റെ ഹർജി.
ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ ഹർജി നിലനിൽക്കില്ലെന്നും ഹർജി നിരസിച്ചുകൊണ്ട് സുപ്രീം കോടതി രജിസ്ട്രാർ പറഞ്ഞു. ഡെൽഹിയിലെ മദ്യനയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം മെയ് 10 ന് തിഹാറിൽ നിന്ന് പുറത്തിറങ്ങി. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കും. അതേസമയം എഎപിയും കേജ്‌രിവാളും എല്ലാ ആരോപണങ്ങളും നിരസിക്കുകയും അറസ്റ്റും കേസും രാഷ്ട്രീയ പകപോക്കലാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.