Representation | താക്കോല്‍ സ്ഥാനങ്ങളെല്ലാം നായര്‍ക്കോ? എന്നിട്ടും സംവരണത്തെ എതിര്‍ക്കുന്നു! അർഹതയുണ്ടായിട്ടും മുസ്ലിംകളും ഈഴവരും പിന്നിൽ; സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്

 
Representation


എട്ട് ശതമാനം പ്രാതിനിധ്യം വേണ്ട നായര്‍ സമുദായം ഉദ്യോഗസ്ഥതലത്തില്‍ 19.8 ശതമാനമാണ് കൈക്കലാക്കി വച്ചിരിക്കുന്നത്

അർണവ് അനിത 

(KVARTHA) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 കൊല്ലം പിന്നിട്ടിട്ടും സാമൂഹ്യനീതി ഇന്നും അകലെയാണെന്ന് കേരള സര്‍ക്കാര്‍ പുറത്തുവിട്ട, സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് വിലയിരുത്തൽ. സമുദായിക- മതപ്രീണനം- ഇസ്ലാം വിരോധം തുടങ്ങിയ കെട്ടുകഥകള്‍ അഴിച്ചുവിടുകയും സംവരണത്തെ എതിര്‍ക്കുകയും ചെയ്യുന്നവരുടെ മുഖംമുടിയാണ് ഇതോടെ അഴിഞ്ഞു വീഴുന്നതെന്നാണ് ഉയരുന്ന അഭിപ്രായം. ജനസംഖ്യാനുപാദത്തിലാണ് വിഭവങ്ങളും സ്ഥാനമാനങ്ങളും വിതരണം ചെയ്യേണ്ടത്. അതിനാണ് സെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സാമൂഹ്യനീതി പതിറ്റാണ്ടുകളായി അട്ടിമറിച്ചുകൊണ്ടിരിക്കുന്നവരാണ്. 

Representation

ഒമ്പത് ശതമാനം വരുന്ന നായര്‍ വിഭാഗം  പ്രധാനപ്പെട്ട സ്ഥാനമാനങ്ങളെല്ലാം അനര്‍ഹമായി കയ്യടക്കി വച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലെയും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെയും പ്രാതിനിധ്യ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എട്ട് ശതമാനം പ്രാതിനിധ്യം വേണ്ട നായര്‍ സമുദായം ഉദ്യോഗസ്ഥതലത്തില്‍ 19.8 ശതമാനമാണ് കൈക്കലാക്കി വച്ചിരിക്കുന്നത്. അതായത് ഇരട്ടിയിലധികം. 24 ശതമാനം പ്രാതിനിധ്യം ലഭിക്കേണ്ട ഈഴവര്‍ക്ക് 21.09 ശതമാണ് ലഭിച്ചിരിക്കുന്നത്. മുസ്ലിം വിഭാഗത്തിന് 17 വേണ്ടിടത്ത് 7 ശതമാനമാണുള്ളത്. 

സാമുദായിക അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. പുരോഗമനം പറയുന്ന ഇടത് പക്ഷവും ദേശീയ നേതൃത്വം പറഞ്ഞിട്ടും അതിന് തയ്യാറാകാത്ത കോണ്‍ഗ്രസും ഉരുണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. കാരണം കാലങ്ങളായി കുത്തക അവകാശം പോലെ കൊണ്ടുനടക്കുന്ന അധികാരം നഷ്ടപ്പെടുമെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ട് ജാതി സെന്‍സസിനെ എതിര്‍ക്കുന്നു. 

2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മുസ്ലിം, 27 % ക്രിസ്ത്യന്‍ 18 % ഹിന്ദു 55% എന്നാണ് കണക്ക്. പുതിയ കണക്കില്‍ മാറ്റം വരും. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എണ്ണം കുറയാനാണ് സാധ്യത.  ജനസംഖ്യയുടെ മൂന്നിലൊന്നും ഈഴവസമുദായമാണ്. അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നേയില്ല. എന്നാല്‍ അവരുടെ വോട്ട് വേണം താനും. ഈഴവര്‍ മുപ്പതു ശതമാനമുണ്ടെന്ന പെരുപ്പിച്ച കണക്കുകളും ചിലര്‍ തള്ളിവിടുന്നതായി ആരോപണമുണ്ട്.

സംവരണം മെറിറ്റല്ലെന്നും അത് കാരണം തങ്ങള്‍ക്ക് ഒന്നും ലഭിക്കില്ലെന്നും വിലപിക്കുന്നവരാണ് ഇതെല്ലാം കയ്യടക്കിവച്ചിരിക്കുന്നത്. എയ്ഡഡ് സ്‌കൂള്‍, കോളജ് സ്ഥാപനങ്ങളിലൂടെ തങ്ങളുടെ സമുദായത്തിന് മാത്രം ജോലിയും വിദ്യാര്‍ത്ഥി പ്രവേശനവും ഇക്കൂട്ടര്‍ നേടിയെടുക്കുന്നു. പൊതുഖജനാവില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. സ്‌കൂള്‍, കോളജ് പ്രവേശനത്തിന് സ്വന്തം സമുദായത്തില്‍ നിന്നുള്ളവരില്‍ നിന്ന് തലയൊന്നിന് ലക്ഷങ്ങളാണ് മാനേജ്‌മെന്റുകള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ആക്ഷേപമുണ്ട്. വളഞ്ഞ വഴിയില്‍ സംവരണം നടപ്പാക്കിക്കൊണ്ട് സർക്കാർ സംവരണത്തെ എതിര്‍ക്കുന്നു. പഴയ മാടമ്പി-ജന്മിത്വത്തിന്റെ ബാക്കിപത്രമാണിത്. 

സമുദായങ്ങളുടെ ജനസംഖ്യ സംബന്ധിച്ച് തര്‍ക്ക സാധ്യതയുള്ളത് നായര്‍, ഈഴവ  കണക്കാണ്. പിന്നാക്ക വിഭാഗ പട്ടികയിലുള്ള വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, ചക്കാല നായര്‍, ആന്തൂര്‍ നായര്‍ തുടങ്ങി വിവിധ പിള്ള സമുദായങ്ങളെയെല്ലാം നായര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തങ്ങളാണ് ജനസംഖ്യയില്‍ മുന്നിലെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും എന്നാലത് രേഖാമൂലം ശരിയല്ലെന്നും പരാതിയുണ്ട്. അതുപോലെ ഈഴവിവാഭത്തിനൊപ്പം തങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് കാട്ടി തീയ്യ സമുദായ നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുസ്ലിം: 27%, ഈഴവ/ തീയ്യ/ ബില്ലവ: 24%<, നായര്‍/മേനോന്‍/നമ്പ്യാര്‍: 8%, വിശ്വകര്‍മ്മ: 5%, മറ്റു പിന്നാക്ക ഹിന്ദുക്കള്‍: 7%, പട്ടികജാതി/വര്‍ഗം: 11%, സിറിയന്‍ ക്രിസ്ത്യന്‍: 9%, ലത്തീന്‍ ക്രിസ്ത്യന്‍: 5%, നാടാര്‍ ക്രിസ്ത്യന്‍: 1%, പരിവര്‍ത്തിത ക്രിസ്ത്യന്‍: 3% എന്നാണ് 2011ലെ സെന്‍സസ് ഡാറ്റാ പറയുന്നത്.

കഴിഞ്ഞയാഴ്ച നിയമസഭയില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ വെച്ച കണക്ക് തയ്യാറാക്കിയത് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നേതൃത്വത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിനാണ് ചുമതല നല്‍കിയത്. 5,45,423 ഉദ്യോഗസ്ഥരുടെ വിവരങ്ങളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെയും വിവരങ്ങളുണ്ട്. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 2019-ലെ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2019-20ല്‍ 5,15,639 ആണ്. എല്ലാ ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് ആറു വര്‍ഷം നീണ്ട വിവര സമാഹരണത്തിലൂടെ ശേഖരിച്ചത് 316 സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം അഞ്ചര ലക്ഷം ജീവനക്കാരുടെ കണക്കുകള്‍! സ്റ്റേറ്റ് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ 2021- 22 റിപ്പോര്‍ട്ട് പ്രകാരം ആകെ 14.6 ലക്ഷം ജീവനക്കാരുണ്ട്.

ഓരോ വകുപ്പിലെയും ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്ക് പുറത്തുവിടുന്നില്ല. ജി.എസ്.ടി പോലെ വളരെ പ്രധാനപ്പെട്ട വകുപ്പിലെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ആറായിരത്തിനു മേല്‍ ജീവനക്കാരുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 179 പേര്‍ എന്നാണ് കണക്ക്. ബോര്‍ഡില്‍ നായര്‍ വിഭാഗമാണ് കൂടുതലുള്ളത്. അതുകൊണ്ട് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ കണക്കുണ്ടെങ്കിലും കെ.എസ്.ഇ.ബിയിലേത് ഇല്ല. ഇത് ഉദാഹരണങ്ങള്‍ മാത്രം. ഇനി മന്ത്രിസഭയിലെ കാര്യം നോക്കാം, മുസ്ലിം: 2 (9.5%), നായര്‍: 9 (42.9%), ഈഴവ: 5 (23.8%), സിറി. ക്രിസ്ത്യന്‍: 4 (19%), പട്ടികവര്‍ഗം: 1 (4.8%), പട്ടികജാതിക്കാരില്ലാത്ത ആദ്യ മന്ത്രിസഭയാണ് നിലവിലുള്ളത്. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെയും ചീഫ് വിപ്പിനെയും കണക്കുകൂട്ടിയാല്‍ ക്യാബിനറ്റ് പദവിയുള്ള 11 നായന്മാരുണ്ട്. ഈ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് സംവരണം എടുത്ത് കളയണമെന്ന് ചില മാടമ്പികള്‍ ഓരിയിടുന്നത്.

ഇനി എം.എല്‍.എ മാരുടെ കാര്യം നോക്കാം. മുസ്ലിം: 33 (23.6%), നായര്‍: 31 (22.1%), ഈഴവ: 23 (16.4%), പട്ടികജാതി: 14 (10%), പട്ടികവര്‍ഗം: 2 (1.4%), സിറി. ക്രിസ്ത്യന്‍: 20 (14.3%),ലാറ്റിന്‍ ക്രിസ്ത്യന്‍: 6 ( 4.3%) മറ്റു പിന്നാക്ക വിഭാഗം: 10 (7.2%), ബ്രാഹ്‌മിന്‍: 1 (0.7%). ഈഴവ സമുദായത്തിന് 24% പ്രാതിനിധ്യം ഉണ്ടാകേണ്ട സ്ഥാനത്ത് ലഭിച്ചത് 16.4% മാത്രം. പ്രതിപക്ഷത്ത് ഈഴവ സമുദായത്തില്‍ നിന്ന് കോണ്‍ഗ്രസിലുള്ള ഒരാള്‍ മാത്രം. 27 ശതമാനം ലഭിക്കേണ്ട സ്ഥാനത്ത് മുസ്ലിമിന് ലഭിച്ചത് 23.6% മാത്രം.  മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഉള്ളതുകൊണ്ടുമാത്രമാണത് ലഭിച്ചത്. 8% ലഭിക്കേണ്ട നായര്‍ക്ക് ലഭിച്ചത് 22%.  ഇനി എംപിമാരുടെ കാര്യം എടുക്കാം, മുസ്ലിം: 3, നായര്‍: 7, ഈഴവ: 2, പട്ടികജാതി: 2, സിറി. ക്രിസ്ത്യന്‍: 4, ലാറ്റിന്‍ ക്രിസ്ത്യന്‍: 1, ബ്രാഹ്‌മിന്‍: 1. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും കാലങ്ങളായി അടിസ്ഥാന ജനവിഭാഗത്തെ കബളിപ്പിച്ച് മുന്നോട്ടു പോകുന്നതെന്നും അതുകൊണ്ട് ജാതി സെന്‍സസ് നടത്തി സാമൂഹ്യനീതി നടപ്പാക്കേണ്ടതുണ്ടെന്നുമാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia