'സ്വന്തം കാര്യം സിന്ദാബാദ്' - അരാഷ്ട്രീയതയുടെ മുഖം മൂടുന്ന കേരള രാഷ്ട്രീയം

 
 'Self-Interest First': Kerala Politics Veils Apolitical Stance Amidst Strike Controversy
 'Self-Interest First': Kerala Politics Veils Apolitical Stance Amidst Strike Controversy

Photo: Special Arrangement

● ഇടതുപക്ഷ സൈബർ അനുകൂലികൾ ഇത് ചൂണ്ടിക്കാട്ടി.
● കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയായിരുന്നു സമരം.
● നിയമനം ലഭിച്ചപ്പോൾ സമരത്തെ തള്ളിപ്പറയുന്ന പ്രവണത.
● മുഖ്യധാരാ മാധ്യമങ്ങളുടെ സമീപനത്തെ വിമർശിക്കുന്നു.

നവോദിത്ത് ബാബു

(KVARTHA) കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാജ്യമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ സമീപനങ്ങൾ രാജ്യത്തെ തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്. സൈന്യത്തിൽ പോലും കരാർവൽക്കരണം നടക്കുന്നുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽവേയും ബി.എസ്.എൻ.എല്ലും കാഷ്വൽ, കരാർ തൊഴിൽ നിയമനങ്ങളാണ് നടത്തുന്നത്.

രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മഹാരാഷ്ട്രയിൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച പണിമുടക്കിനെ 'ജനവിരുദ്ധം' എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും അവഹേളിക്കുകയാണ്.

പണിമുടക്ക് ബഹിഷ്കരിച്ച സംസ്ഥാന സർക്കാർ ജീവനക്കാരനായ ശ്രീധനേഷിനെ സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും താരമായും മിടുക്കനായും പുകഴ്ത്തുകയായിരുന്നു. മുക്കത്ത് എ.ഇ.ഒ. ഓഫീസിലെ ക്ലാർക്കായ ശ്രീധനേഷാണ് മഹത്തായ ഒരു സമരത്തെ പൊതുജന മധ്യത്തിൽ അവഹേളിച്ചത്.

എന്നാൽ, ഇദ്ദേഹം ജോലി നേടിയത് ഉദ്യോഗാർത്ഥികൾ നടത്തിയ സമരത്തിന്റെ ഫലമായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ ഇടതു അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

നിരവധി പേരാണ് ഈ വിഷയത്തിൽ പോസ്റ്റുകളുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന് ജോലി ലഭിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികളും ഓടി രക്ഷപ്പെടുമെന്ന് പോസ്റ്റുകളിൽ പറയുന്നു. ‘ഒരു വലിയ സമരത്തിൻ്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങൾ നടപ്പാക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് 2011-2016 കാലത്ത് രൂക്ഷമായ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്.

അതിൻ്റെ ഭാഗമായി 2016-ൽ ഇടതു സർക്കാർ വന്നതിനുശേഷം 249 സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടന്നു. അതിലൊരാളാണ് ശ്രീധനേഷ്,’ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വിവരം. ഒരു സമരത്തിൻ്റെ ഫലമാണ് ഇദ്ദേഹത്തിൻ്റെ ജോലി. ‘കസേരയിൽ കയറി ഇരുന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും,’ എന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച അനൂപ് എന്നയാൾ പറയുന്നു.

‘കേന്ദ്രസർവ്വീസിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലുമായി 60 ലക്ഷം തസ്തികകൾ ഒഴിച്ചിട്ട് കരാർ, കാഷ്വൽ നിയമനങ്ങൾ നടത്തി, സേനയിൽ പോലും കരാർ നിയമനങ്ങൾ നടത്തി ഈ രാജ്യത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരെ വഞ്ചിക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയങ്ങൾക്കെതിരെയായിരുന്നു ഇന്നലെ നടന്ന പണിമുടക്ക് എന്നത് ഓർമ്മിപ്പിക്കുകയാണ്.

ഈ ഘട്ടത്തിൽ ഇടതു പക്ഷ സർക്കാറിൻ്റെ ബദൽ നയങ്ങളുടെ ഭാഗമായി സർക്കാർ സർവ്വീസിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ താങ്കൾ തന്നെ ഈ സമരത്തെ ഒറ്റുകൊടുത്തത്....’ എന്നാണ് ശ്രീധനേഷിന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ട എൻ. ലിനീഷ് കുറിച്ചത്.

ഒരു ഭാഗത്ത് നിയമനത്തിനായി സമരങ്ങളെ അനുകൂലിച്ചവർ, നിയമനം ലഭിച്ചപ്പോൾ എല്ലാം മറന്ന് ഇരട്ടത്താപ്പ് കാണിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പോസ്റ്റുകൾക്ക് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്.

‘മറ്റുള്ളവരുടെ വിയർപ്പ് കൊണ്ടു ജോലി മേടിക്കുക.. ജോലി കിട്ടി കഴിഞ്ഞാൽ അവനൊക്കെ പുച്ഛം,’ എന്നാണ് ഒരാൾ കുറിച്ചത്. "സ്വന്തം കാര്യം സിന്ദാബാദ്," എന്ന് മറ്റൊരാളും പറയുന്നു.

ഒന്നാം പിണറായി സർക്കാരിൽ കായിക വകുപ്പ് മന്ത്രിയായ ഇ.പി. ജയരാജനാണ് ശ്രീധനേഷ് ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് പൊതുചടങ്ങിൽ നിയമന ഉത്തരവ് നൽകിയത്. ഇതിൻ്റെ ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, സ്വപ്രയത്നം കൊണ്ട് പി.എസ്.സി. വഴി ജോലി നേടിയ വ്യക്തിയെന്നാണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും ശ്രീധനേഷിനെ പുകഴ്ത്തിക്കൊണ്ട് വാർത്ത വന്നത്.

ഇത് തെറ്റാണെന്ന് ഇടതു സൈബർ ഇടങ്ങൾ വാദിക്കുകയും തെളിയിക്കുകയും ചെയ്തതോടെ, പണിമുടക്ക് വിരോധികളും വാലും ചുരുട്ടി ഓടിയൊളിച്ചിരിക്കുകയാണ്. പണിമുടക്കുമായി സഹകരിക്കാൻ സമരാനുകൂലികൾ പറയുമ്പോൾ മൊബൈൽ ഫോണിലേക്ക് തല താഴ്ത്തി കേട്ടില്ലെന്ന ഭാവത്തിൽ ‘നീയാരാ?’ എന്ന് ചോദിക്കുന്ന ശ്രീധനേഷുമാർ ഒരു കാര്യം ഓർക്കണം:

താങ്കളെ പോലുള്ളവരാണ് നേരത്തെ ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യാ മഹാരാജ്യം ഇപ്പോഴും സ്വതന്ത്രമാവില്ലായിരുന്നു. ഒരുപാട് നിസ്വരായ മനുഷ്യർ നടത്തിയ പോരാട്ടങ്ങളാണ് ആധുനിക ഇന്ത്യയെയും കേരളത്തെയും പരുവപ്പെടുത്തിയത്. മാറു മറയ്ക്കൽ സമരവുമായി രംഗത്തിറങ്ങിയത് സ്ത്രീകൾ മാത്രമല്ല പുരുഷൻമാരുമായിരുന്നു. ശ്രീധനേഷിനെപ്പോലുള്ള അരാഷ്ട്രീയ ജീവികളെ പുകഴ്ത്തുന്ന മുഖ്യധാരാ മാധ്യമങ്ങളോട് 'ഹാ കഷ്ടം' എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Kerala politics faces criticism for 'apolitical' stances amid national strike controversy.

#KeralaPolitics #NationalStrike #ApoliticalStance #TradeUnion #Sreedhanesh #SocialMediaDebate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia