Political Shift | അൻവറിനെ ഒരു ചുക്കും ചെയ്യാൻ ഇനി ആവില്ല, പിടിച്ചത് പുളിങ്കൊമ്പിൽ; തമിഴ്നാടിന് സ്റ്റാലിൻ, കേരളത്തിന് അൻവർ, അങ്ങനെയൊന്നുണ്ടാവുമോ?
● പി വി അൻവറിന്റെ സംഘടനാ ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കും.
● ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് ലക്ഷ്യമെന്നാണ് സൂചന.
● പി സി ജോർജിനെ പോലെ പെരുവഴിയിലാകുമെന്ന് വിമർശിക്കുന്നവരുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) 'പി വി അൻവർ എംഎൽഎ ഉയർത്തിയ വിഷയങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിഞ്ഞു വരുന്നു. ഇന്ന് ഇന്ത്യയിൽ യഥാർത്ഥ ഇരട്ടച്ചങ്കൻ എന്ന പേരിനർഹൻ സ്റ്റാലിൻ ആണ്. സംഘികളുടെ കൺകണ്ട ശത്രു. വിശ്വസിച്ച് കൂടെ നിൽക്കാം. അൻവറിൻ്റെ നീക്കം ഗംഭീരം. ഇരയോടൊപ്പമാണെന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരോടൊപ്പം ചേർന്ന് കരുക്കൾ നീക്കുകയും ചെയ്യുന്ന കപട മതേതരക്കാരനല്ല എന്തായാലും സ്റ്റാലിൻ. സിപിഎം എന്ന മതേതര പാർട്ടി മരിച്ചു'. പി വി അൻവർ എംഎൽഎ ഡിഎംകെ എന്ന പേരിൽ ഒരു പുതിയ സംഘടന രൂപീകരിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയർന്നു വന്ന ശ്രദ്ധേയമായ പ്രതികരണമാണ് മുകളിൽ കൊടുത്തത്.
പുതിയ രാഷ്ട്രിയ പാർട്ടിയുമായി എത്തുന്ന പി വി അൻവർ ഒരു തീ പന്തമായി മാറുമോ. അതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ സംഘടനയുടെ പേര്. പ്രഖ്യാപനം മഞ്ചേരിയില്‍ നടക്കും. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും. പി വി അന്‍വര്‍ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്.
ഇതിന് പിന്നാലെയാണ് പേര് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. മഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. ഡിഎംകെയിലൂടെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ഇതിനോടകം തന്നെ അന്‍വര്‍ സജീവമാക്കിയിട്ടുണ്ട്. രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹിക സംഘടനയെന്നാണ് അൻവർ പറയുന്നത്. ഇത് പിന്നീട് പാർട്ടിയായി മാറിയേക്കാമെന്ന് കരുതുന്നവരുമുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് പി വി അന്‍വര്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഉള്‍പ്പടെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം അന്‍വറിനെ തള്ളി രംഗത്തെത്തിയത്.
തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. എന്തായാലും പി വി അൻവർ എംഎൽഎ യുടെ നീക്കം ഗംഭീരമാണ്. ബിജെപി യെ എതിർക്കാൻ സ്റ്റാലിനെ പോലെ ഒരു നേതാവ് അല്ലാതെ മറ്റാരും സൗത്ത് സൗത്ത് ഇന്ത്യയിൽ ഇല്ലെന്ന് വേണം പറയാൻ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ സ്റ്റാലിൻ സ്വന്തം സീറ്റുകൾ മുന്നണികൾക്കു വീതം വെച്ചു. ഒരൊറ്റ സീറ്റ് പോലും ബിജെപി ക്ക് നൽകാതെ നോക്കി. ഇതാണ് സ്റ്റാലിൻ എന്ന നേതാവിൻ്റെ പ്ലസ് പോയിൻ്റ്. എന്നാൽ കേരളമോ പൂരം കലക്കി ബി.ജെ.പിയ്ക്ക് സീറ്റ് വാങ്ങി കൊടുത്തു. അതിൽ ഇവിടുത്തെ സി.പി.എമ്മോ കോൺഗ്രസോ വിത്യസ്തരല്ല.
ഏറെ പ്രതീക്ഷിച്ച കർണാടകയിൽ നിന്ന് പോലും ഇൻഡ്യ സഖ്യത്തിന് ഉദ്ദേശിച്ച സീറ്റുകൾ ലഭിക്കാതെ വന്നപ്പോൾ അതിൽ നിന്നെല്ലാം ഇൻഡ്യ സഖ്യത്തെ കരകയറ്റിയത് തമിഴ്‌നാട്ടിൽ സ്റ്റാലിൻ്റെ തേരോട്ടമായിരുന്നു. ഒരു സീറ്റ് പോലും ബി.ജെ.പി യ്ക്ക് കൊടുക്കാതെ തമിഴ് നാട്ടിൽ സ്റ്റാലിൻ തരംഗം സൃഷ്ടിച്ചു. ഈ അവസരത്തിൽ ഇടതുമുന്നണിയിൽ നിന്ന് പുറത്തായ പി വി അൻവർ സ്റ്റാലിനുമായി കൈകോർക്കുമ്പോൾ ഇടതു വലത് അണികളിൽ അൻവറിന് പിന്തുണ ലഭിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കുറിപ്പുകൾ ശ്രദ്ധിച്ചാൽ തന്നെ അത് മനസ്സിലാകും. സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട ചില പ്രതികരണങ്ങൾ. 'കേരളത്തിൽ മണ്ഡലത്തിൽ വിധി നിർണ്ണയിക്കുക ഡിഎംകെ ആകും. കട്ട സപ്പോർട്ട്. ഒരു പ്രത്യയശാസ്ത്രത്തിനും തലച്ചോറ് പണയം വെക്കാത്ത സ്വന്തമായി വ്യക്തിത്വം ഉള്ള ഒരു ജനതയാണ് ഉണ്ടാവേണ്ടത്. സ്വന്തം കണ്ണിലൂടെ കാണാനും കാതിലൂടെ കേൾക്കാനും കഴിയുന്ന ഒരു തലമുറ ഉണ്ടായേ തീരു. ഇനിയും പുതിയ പാർട്ടി കൊടികൾ ഉയരട്ടെ.. അടിമത്തം പൊളിയട്ടെ....ആശംസകൾ നേരുന്നു.
'താങ്കൾ ഒരു നിമിത്തമാണ്. ആർഎസ്എസ് ബിജെപി പ്രത്യയ ശാസ്ത്രത്തെയും സംഘടനകളെയും ഒക്കെ പരസ്യമായി തള്ളിപ്പറയുകയും ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്ത സിപിഎം എന്ന മതനിരപേക്ഷ രാഷ്ട്രീയ പാർട്ടി ഇന്ന് ഏതാനും നേതാക്കൾക്ക് വേണ്ടി ആർഎസ്എസിനും ബിജെപിയും സേവ ചെയ്യുന്നു എന്ന നഗ്നസത്യം ജനങ്ങൾക്കു മുമ്പാകെ തുറന്നുപറഞ്ഞ നേതാവ് എന്ന നിലക്ക് ആയിരിക്കും ചരിത്രം നാളെ താങ്കൾ വിലയിരുത്തുക'.
'അൻവറിനെ ഒരു ചുക്കും ചെയ്യാൻ ഇനി പിണറായിക്ക് ആവില്ല. പിടിച്ചത് പുളിങ്കൊമ്പിൽ', 'ഞാൻ എന്തായാലും താങ്കളുടെ പിന്നിൽ ഉണ്ടാവും. ഞാനൊരു ഇടത് അനുഭാവമുള്ള ആളായിരുന്നു. രണ്ടാം പിണറായി ഭരണത്തിന് ശേഷം ആ പാർട്ടിയോട് വല്ലാത്ത പുച്ഛം തോന്നുന്നു. എല്ലാം അടിമകൾ ആണ് അതിൽ. നമ്മുടെ മസ്‌തിഷ്കം ഒരിക്കലും ആർക്കും പണയം വെക്കരുത്'.
ഇങ്ങനെ പോകുന്നു അൻവറിനെ പിന്തുണക്കുന്നവരുടെ പ്രതികരണങ്ങൾ. എന്തായാലും ബദൽ വേണം എന്ന് രാഷ്ട്രീയം കേരളം ചിന്തിക്കാൻ തുടങ്ങിയെന്നുവേണം മനസ്സിലാക്കാൻ. എല്ലാ പാർട്ടിയും ജനത്തിന് മടുത്തുവോ? ഇനി ഡിഎംകെ നോക്കാം എങ്ങനെ ഉണ്ടാവുമെന്നു നോക്കാം. അതേസമയം പി സി ജോർജിനെ പോലെ അൻവറും പെരുവഴിയിലാകുമെന്ന് വിമർശിക്കുന്നവരുണ്ട്.
അൻവർ സ്വതന്ത്രനായി സർക്കാരിനെതിരെ ആഞ്ഞടിച്ചപ്പോൾ ഉണ്ടായ പിന്തുണ പുതിയൊരു രാഷ്ട്രീയ പാർട്ടി രുപീകരിച്ചാൽ ഉണ്ടാകണമെന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അൻവർ ഒരു തീ പന്തമായി മാറുമോ? തമിഴ്നാടിന് സ്റ്റാലിൻ, കേരളത്തിന് അൻവർ, അങ്ങനെയൊന്നുണ്ടാവുമോ അതോ പി സി ജോർജിന്റെ ഗതിവരുമോ? കാത്തിരുന്ന് കാണാം.
#PVAnwar #KeralaPolitics #NewParty #DMK #PoliticalChange #IndiaAlliance