Political Strategy | അന്‍വറിന്റെ കൊട്ടാര വിപ്ലവം പിണറായിയുടെ മൂന്നാമൂഴത്തിനോ?

 
Anvar's Allegations Impact on Pinarayi

Photo Credit: Facebook / PV ANVAR

* മുഖ്യമന്ത്രിയുടെ വലംകയ്യായ ശശിയുടെ കസേര ഇളകാന്‍ സാധ്യതയുണ്ട് 

അർണവ് അനിത 

(KVARTHA) കുപ്പിയില്‍ നിന്ന് ഭൂതങ്ങളെ തുറന്ന് വിടുന്നത് പോലെ പിവി അന്‍വര്‍ എം.എല്‍.എയെ കുപ്പിയില്‍ നിന്ന് പെട്ടെന്നൊരു ദിവസംപുറത്തുവിട്ടതല്ല, അതിനായി മികച്ച രീതിയില്‍ ഗൃഹപാഠം ചെയ്തിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവിടുന്ന ആരോപണങ്ങളുടെ ഗ്രാവിറ്റി കൂടിവരുന്നത് അതുകൊണ്ടാണ്. അന്‍വറിന്റെ ആരോപണങ്ങളെയും വെളിപ്പെടുത്തലുകളെയും പാര്‍ട്ടിയും സര്‍ക്കാരും തള്ളിക്കളഞ്ഞിട്ടില്ല എന്നും ശ്രദ്ധേയം. അവയെല്ലാം അതിന്റെ മെറിറ്റില്‍ പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. 

മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടടുത്ത ദിവസം കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്‍വറിനൊപ്പം ഉണ്ടെന്ന് വ്യക്തമായി. എന്നാല്‍ പൂര്‍ണമായും സര്‍ക്കാര്‍ പിന്തുണച്ചോ എന്ന് സംശയമുണ്ട്. എഡിജിപിയെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Anvar's Allegations Impact on Pinarayi

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉണ്ടായ കേസും മറ്റനേകം വിവാദങ്ങളും കാരണം ജനം പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകന്നിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയം അത് അടിവരയിടുന്നതാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നടന്ന ലോക്കല്‍, ഏരിയ, ജില്ലാ, സംസ്ഥാന കമ്മിറ്റികളില്‍ സര്‍ക്കാരിനും ചില നേതാക്കള്‍ക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം ഭരിക്കുന്ന ആഭ്യന്തരവകുപ്പിനും എതിരെ. പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ നിരവധി കാര്യങ്ങള്‍ സംഭവിച്ചു. 

മലപ്പുറത്ത് ജഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. അതുകൊണ്ട് പൊലീസിലെ പുഴുക്കുത്തുകളെ ഒരു പരിധിവരെയെങ്കിലും തടയാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് അന്‍വര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. അന്‍വറിന്റെ കയ്യിലുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി അന്വേഷണം പ്രഖ്യാപിച്ചാല്‍, ഇപ്പോഴുണ്ടായത് പോലുള്ള ഒരു പൊതുജന അഭിപ്രായവും പിന്തുണയും സര്‍ക്കാരിന് കിട്ടില്ലെന്ന് അറിയാം. അതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തി ഓരോ ദിവസവും വിഷയം സജീവമായി നിര്‍ത്തുന്നത്. സര്‍ക്കാര്‍ ഉടനടി ഇതിനെതിരെ നടപടികള്‍ എടുക്കുന്നതും. 

ശശിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പി.ശശിക്കെതിരെ അന്‍വര്‍ സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത് വെറുതെയല്ല. പാര്‍ട്ടി അംഗം പോലുമല്ലാത്ത എംഎല്‍എയുടെ പരാതിയില്‍ തിടുക്കം കാട്ടുന്നത് പല നേതാക്കളെയും അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല പരാതി പരിശോധിച്ചില്ലെങ്കില്‍ ഇനിയും പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവര്‍ത്തകര്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് കുറഞ്ഞെന്ന് പിവി അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത് വളരെ സുപ്രധാനമായ നിരീക്ഷണമാണ്. ലോക്‌സഭാ ഇലക്ഷന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനം പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും നേരിട്ടത് മുഖ്യമന്ത്രിയാണ്. ആ മുഖ്യമന്ത്രി ഇമേജ് തിരിച്ച് പിടിക്കാന്‍ പണിപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.  എഡിജിപി അജിത് കുമാറിന് സംഘപരിവാര്‍ ബന്ധമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. എങ്കില്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് നീക്കണ്ടേ, അതുണ്ടാകാത്തത് വലിയ സംശയം ജനിപ്പിക്കുന്നു. 

അതുപോലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്തനംതിട്ട എസ്പി സുജിത് ദാസ് ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നു. തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുജിത് ദാസ് അന്‍വറിനെ വിളിച്ചിരുന്നു. സംസ്ഥാനത്തെ ഐപിഎസ് ലോബിയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉദ്യോഗസ്ഥരുടെ വഴിവിട്ട കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. മറ്റ് പല നേതാക്കളും ഇക്കാര്യം മുമ്പും ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ശശിയെ തള്ളിപ്പറയാന്‍ ഇതുവരെ തയ്യാറായില്ല.

പൊലീസുകാരുടെ നേതൃത്വത്തിലുള്ള സ്വര്‍ണം പൊട്ടിക്കല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നു. അതിനാണ് എസ്പി സുജിത് ദാസ്  അവധിയില്‍ പോയതെന്നും പറഞ്ഞു. ഇത്രയൊക്കെ ഗുരുതരമായ പ്രശ്‌നങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയെങ്കിലും നടപടിയെടുക്കാതെ സര്‍ക്കാരിന് മുന്നോട്ട് പോകാനാകുമോ? പ്രതിപക്ഷം അന്‍വറിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. മറ്റൊരു പ്രധാനപ്പെട്ട കാര്യം സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാന സമ്മേളനം അടുക്കുമ്പോഴേക്കും പാര്‍ട്ടിയിലും സര്‍ക്കാരിലും ശുദ്ധികലശം നടത്താനാണ് ഉദ്ദേശമെന്ന് തോന്നുന്നു. 

അതുവഴി മുഖ്യമന്ത്രിയുടെ കസേരയ്ക്ക് ഇളക്കം വരാതിരിക്കാനും മൂന്നാമൂഴത്തിലേക്ക് നീങ്ങുന്നുള്ള പ്രതിച്ഛായ സൃഷ്ടിക്കാനുമാകും. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ വലംകയ്യായ ശശിയുടെ കസേര ഇളകാന്‍ സാധ്യതയുണ്ട്. അതൊരു പക്ഷെ, താല്‍ക്കാലികമായ ഒത്തുതീര്‍പ്പാകാനും സാധ്യതയുണ്ട്. പിന്നീട് മറ്റേതെങ്കിലും സ്ഥാനത്തേക്ക് ശശിയെ പ്രതിഷ്ഠിക്കാം. എഡിജിപി എംആര്‍ അജിത്കുമാറിന്റെ കാര്യത്തില്‍ മുമ്പ് ഇതിന് സമാനമായ കാര്യം നടന്നിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia