Politics | കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷിനെ നിലയ്ക്ക് നിര്‍ത്താന്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി ഡിസിസിക്ക് കത്തു നല്‍കി


കണ്ണൂര്‍: (KVARTHA) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയെ പരസ്യമായി വെല്ലുവിളിക്കുന്ന കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ പി കെ രാഗേഷിനെതിരെ പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറി.
പാര്‍ട്ടിക്ക് നിരന്തരം തലവേദനയായ രാഗേഷിനെ രാഷ്ട്രീയ പ്രതിയോഗിയായി കണ്ടു നേരിടമെന്നാണ് കണ്ണൂര്‍ ബ്ളോക് കോണ്‍ഗ്രസ് ഭാരവാഹികളുടെ ആവശ്യം. ഈക്കാര്യം ഡിസിസിയോട് രേഖാമൂലം ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഡിസിസി ഓഫീസില്‍ ചേര്‍ന്ന കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി യോഗത്തിലാണ് അതിരൂക്ഷ വിമര്‍ശനമുണ്ടായത്. കോര്‍പറേഷനിലെ ആലിങ്കില്‍ ഡിവിഷനില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് കൗണ്‍സിലറാകുകയും കോര്‍പറേഷന്റെ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനാകുകയും ചെയ്ത പി കെ രാഗേഷ് തെറ്റ് തിരുത്താന്‍ തയ്യാറാവാതെ പാര്‍ട്ടിയെ നിരന്തരം സമ്മര്‍ദത്തിലാക്കി മുന്നോട്ട് പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇത് തികഞ്ഞ വെല്ലുവിളിയായി കണ്ട് പാര്‍ട്ടി മുന്നോട്ട് പോകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നടപടിക്ക് വിധേയനായിട്ടും പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കണ്ണൂര്‍ അര്‍ബന്‍ ബാങ്കിനെ ഇലക്ഷനിലേക്ക് തള്ളിവിട്ട് ബാങ്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വിജയിച്ചത് പോലെ അര്‍ബന്‍ ബാങ്കിലും സ്വന്തം ബന്ധുക്കളെ ഇറക്കിവിട്ട് സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരത്തെ ചോദ്യം ചെയ്ത നടപടി ഒരിക്കലും പൊറുക്കാന്‍ സാധികാത്തതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇദ്ദേഹം വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് മാലിന്യം പേറുന്നതിന് സമമാണെന്നും ആ മാലിന്യം കഴുകി കളയാന്‍ എത്രയും പെട്ടെന്ന് സ്റ്റാന്റിങ് കമ്മറ്റിയില്‍ അവിശ്വാസം കൊണ്ടുവരാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രമേയം ബ്ലോക്ക് ട്രഷറര്‍ എം പി ജോര്‍ജാണ് അവതരിപ്പിച്ചത്.