AP Result | നിയമസഭാ തിരഞ്ഞെടുപ്പ്: ആന്ധ്രാപ്രദേശിൽ ജഗൻ റെഡ്ഡിക്ക് തിരിച്ചടി; ടിഡിപി - ബിജെപി സഖ്യം മുന്നിൽ
ആന്ധ്രാപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, 25 മണ്ഡലങ്ങളിൽ 22 എണ്ണത്തിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു
അമരാവതി: (KVARTHA) ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സഖ്യത്തിൻ്റെ ശക്തമായ പ്രകടനമാണ് ആദ്യഘട്ട ട്രെൻഡുകൾ കാണുന്നത്. ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ ഫലസൂചനകൾ പ്രകാരം 25 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ വൈഎസ്ആർസിപി ഒരിടത്ത് മാത്രമാണ് മുന്നിലുള്ളത്.
ആന്ധ്രാപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, 25 മണ്ഡലങ്ങളിൽ 22 എണ്ണത്തിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. വൈഎസ്ആർസിപി അധ്യക്ഷൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡി, ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു, ജനസേനാ മേധാവി പവൻ കല്യാൺ, എപി കോൺഗ്രസ് അധ്യക്ഷ വൈഎസ് ശർമിള, ബിജെപി അധ്യക്ഷ ദഗ്ഗുബതി പുരന്ദേശ്വരി എന്നിവരാണ് ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2023 സെപ്റ്റംബറിൽ അറസ്റ്റിലായത് സഹതാപ തരംഗമുണ്ടാക്കിയെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. രണ്ട് മാസം നീണ്ടുനിന്ന നായിഡുവിൻ്റെ ജയിൽവാസം, പ്രതിഷേധത്തിനും വ്യാപകമായ ജനരോഷത്തിനും കാരണമായി. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം 80.66% പോളിങ് രേഖപ്പെടുത്തി.