അമിത് ഷായെ തൊട്ടാൽ വി ഡി സതീശന് നോവുമോ? സ്വന്തം മന്ത്രി ഒ ജെ ജനീഷിന്റെ ആ വീഡിയോ മുഖ്യമന്ത്രി ഭയന്നത് എന്തിന്? കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന കേരള ഭരണം

 
Image reflecting the controversy over the removal of the Youth Congress protest video against Amit Shah

Photo Credit: Facebook/ V D Satheesan, Amit Shah

ADVERTISEMENT

● മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശപ്രകാരമാണ് വീഡിയോ നീക്കിയതെന്ന് ആരോപണം ഉയർന്നു.
● അഡ്മിൻ പാനൽ പോസ്റ്റ് ചെയ്ത വീഡിയോ തെറ്റിദ്ധാരണ ഒഴിവാക്കാൻ ഓഫീസ് നിർദേശപ്രകാരം നീക്കിയതാണെന്ന് മന്ത്രി ജനീഷ് വിശദീകരിച്ചു.
● യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു അമിത് ഷായ്ക്കെതിരായ പ്രതിഷേധമെന്നും ജനീഷ് വ്യക്തമാക്കി.
● മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് രാഷ്ട്രീയ വിമർശകർ ആരോപിക്കുന്നു.

മാത്യു സാമുവൽ 

(KVARTHA) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാൻ അനുവാദമില്ലാത്ത ഒരു പ്രത്യേക രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ന് കേരള ഭരണനേതൃത്വത്തിൽ അരങ്ങേറുന്നത്. കൊല്ലത്ത് അമൃതാനന്ദമയി മഠത്തിലെയും കുണ്ടറയിലെയും ചടങ്ങുകൾക്കായി എത്തിയ അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ സംസ്ഥാന മന്ത്രി ഒ ജെ ജനീഷ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. 

Aster_MIMS

എന്നാൽ മണിക്കൂറുകൾക്കകം ആ വീഡിയോ ഫേസ്ബുക്ക് പേജിൽ നിന്നും അപ്രത്യക്ഷമായി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സംഘപരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം നൽകുന്ന കോൺഗ്രസ് തങ്ങളുടെ സംഘടനാ പോരാട്ടത്തിന്റെ തെളിവുകൾ തന്നെ നീക്കം ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് വാർത്തകൾ.

രാഹുൽ ഗാന്ധി ദേശീയ തലത്തിൽ അമിത് ഷായ്ക്കും ബിജെപിയുടെ കേന്ദ്ര നയങ്ങൾക്കും എതിരെ നിരന്തരം സന്ധിയില്ലാത്ത പോരാട്ടം നയിക്കുമ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാറിനോട് തികഞ്ഞ മൃദുസമീപനം സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധി പാർലമെന്റിലും തെരുവിലും അമിത് ഷായുടെ നയങ്ങളെ ശക്തമായി എതിർക്കുമ്പോൾ, കേരളത്തിലെ സതീശൻ സർക്കാർ അമിത് ഷാക്കെതിരായ ചെറിയൊരു കരിങ്കൊടി പ്രതിഷേധം പോലും സഹിക്കാൻ കഴിയാത്തവിധം ഭയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 

മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ അന്നത്തെ നവകേരള സദസ്സിന് നേരെ മുൻകൂട്ടി പ്രഖ്യാപിക്കാതെ കരിങ്കൊടിയുമായി റോഡിലിറങ്ങാൻ സ്വന്തം അണികളെ അഴിച്ചുവിട്ട സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി ഉയർന്നപ്പോൾ മുട്ടുവിറയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന പ്രതിപക്ഷ വിമർശനത്തിൽ കഴമ്പില്ലാതില്ല.

ആരെയാണ് ഭയക്കുന്നത്?

വീഡിയോ പിൻവലിക്കൽ വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി ഒ ജെ ജനീഷ് രംഗത്തെത്തിയിരുന്നു. വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. താൻ പൊതുപരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കവെ സോഷ്യൽ മീഡിയ അഡ്മിൻ പാനലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ പോസ്റ്റ് ചെയ്തതെന്നും, ഒരു സംസ്ഥാന മന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയുള്ള ഇത്തരം പ്രചാരണം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാൽ ഓഫീസിന്റെ നിർദേശപ്രകാരമാണ് നീക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. 

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു അമിത് ഷായ്‌ക്കെതിരായ പ്രതിഷേധമെന്ന് വ്യക്തമാക്കിയ ജനീഷ്, കേന്ദ്ര ആഭ്യന്തരമന്ത്രി വന്ന് പോയത് പോലും അറിയാതെ ഉറങ്ങിപ്പോയ വിമർശകർക്ക് ഇതിൽ വിമർശിക്കാൻ അർഹതയില്ലെന്നും തിരിച്ചടിച്ചു. എന്നാൽ, രാഷ്ട്രീയ സമ്മർദം മൂലമുള്ള ഈ ഒഴിഞ്ഞുമാറൽ കോൺഗ്രസിലെ  ആശയക്കുഴപ്പത്തെയാണ് തുറന്നുകാട്ടുന്നത്. 

പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അഡ്മിൻ പാനലിന്റെ തലയിൽ പഴിചാരി ഒഴിഞ്ഞുമാറാൻ ഒ ജെ ജനീഷ് ശ്രമിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം സതീശൻ സർക്കാരിന്റെ ബിജെപി പ്രീണന സമീപനമാണെന്ന് പറഞ്ഞാൽ തെറ്റാകുമോ? സംഘപരിവാർ വേദിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തൊഴുതുനിന്ന ചരിത്രമുള്ള വി ഡി സതീശൻ, മോദിക്കും അമിത് ഷായ്ക്കും മുന്നിൽ കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

ഫേസ്ബുക്കിലൂടെ സതീശന്റെ മൃദുസമീപനത്തെ വിമർശിച്ചുകൊണ്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി. രാജേഷ് കുറിച്ചത് ഇങ്ങനെയാണ്: 'അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ജനീഷ് പങ്കുവെച്ചത് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചു എന്നാണ് വാർത്ത. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോൾ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്. അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും? ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയം? സതീശൻ, കോൺഗ്രസിൽ സംഘപരിവാർ നടത്തിയിട്ടുള്ള ദീർഘകാല നിക്ഷേപമാണ്'.

രാഹുൽ ഗാന്ധി അമിത് ഷായുടെ കണ്ണിൽ നോക്കി വർഗീയതക്കെതിരെ പോരാടുമ്പോൾ, ഇവിടെ കേരളത്തിൽ അമിത് ഷായെ വഴിയിൽ തടയുന്ന ദൃശ്യങ്ങൾ പോലും സ്വന്തം മന്ത്രിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പിൻവലിപ്പിക്കാൻ വി ഡി സതീശൻ മുന്നിൽ നിൽക്കുന്നു എന്നാണ് ആക്ഷേപം. വർഗീയ ശക്തികൾക്കെതിരെ പ്രസംഗിക്കുകയും എന്നാൽ അവർ സംസ്ഥാനത്തേക്ക് വരുമ്പോൾ അടിയറവ് പറയുകയും ചെയ്യുന്ന സതീശൻ സർക്കാരിന്റെ ഈ ഇരട്ടത്താപ്പിനെയും അടിമത്ത രാഷ്ട്രീയത്തെയും ജനാധിപത്യ സമൂഹവും കോൺഗ്രസിലെ സാധാരണ അണികളും തിരിച്ചറിയുക തന്നെ ചെയ്യും.

സംഘപരിവാർ അജണ്ട

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽക്കേ സംഘപരിവാർ അജണ്ടകൾക്ക് നിശ്ശബ്ദ അനുമതി നൽകുന്നു എന്ന രൂക്ഷമായ ആക്ഷേപം ഇതിനോടകം വ്യാപകമാണ്. വന്ദേമാതരം വിവാദങ്ങളിലെ നിലപാടില്ലായ്മ, പാലത്തായി കേസിൽ ആർഎസ്എസ് അധ്യാപകനായ പ്രതിക്ക് ജാമ്യം ഉറപ്പാക്കുന്ന വിധത്തിലുള്ള അന്വേഷണ വീഴ്ചകൾ, ഡൽഹി ജന്ദർ മന്തറിൽ വർഗീയ കൊലവിളി പ്രസംഗം നടത്തിയ തീവ്ര വലതുപക്ഷ പ്രസംഗകർക്ക് ഭരണതലത്തിൽ ലഭിച്ച ഇളവുകൾ, കാപ്പ കേസിൽ പ്രതിയായ കൗൺസിലർക്ക് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ സൗകര്യമൊരുക്കി തിരുവനന്തപുരത്തെ ബിജെപിയുടെ കോർപറേഷൻ ഭരണത്തെ സംരക്ഷിച്ച നടപടികൾ എന്നിവയൊക്കെ വി ഡി സതീശൻ സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആർഎസ്എസ് അജണ്ടകൾ ഒന്നിനുപിറകെ ഒന്നായി നടപ്പിലാക്കാൻ അവസരമൊരുക്കുന്ന സതീശന്റെ ഭരണം, കോൺഗ്രസിന്റെ മതേതര മുഖംമൂടിയെ പൂർണമായും അഴിച്ചുവെച്ചിരിക്കുകയാണ് എന്നാണ് വിമർശനം. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി പടുത്തുയർത്താൻ ശ്രമിക്കുന്ന മതേതര പ്രതിരോധങ്ങളെ മുഴുവൻ തകർക്കുന്ന സമീപനമാണ് വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരും സ്വീകരിക്കുന്നത്. ആരോപണങ്ങൾ ശരിയാണെങ്കിൽ അമിത് ഷായെ തൃപ്തിപ്പെടുത്താൻ സ്വന്തം പാർട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ സമരവീര്യത്തെപ്പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് വെട്ടിമാറ്റുന്നു. 

അങ്ങനെ എങ്കിൽ ഇത് കേവലം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിക്കൽ അല്ല; മറിച്ച്, കോൺഗ്രസ് പ്രസ്ഥാനം സംഘപരിവാർ ഭയത്തിന് മുന്നിൽ തങ്ങളുടെ നിലപാടുകൾ പണയം വെച്ചതിന്റെ പരസ്യമായ തെളിവാണ്. അമിത് ഷായെ ഭയന്ന് നെഞ്ചുവിറയ്ക്കുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് വർഗീയതക്കെതിരെ പൊരുതാനാകുക? എന്ന ചോദ്യമാണ് പൊതുസമൂഹം ഇന്ന് ഉയർത്തുന്നത്. ഒരു വശത്ത് ന്യൂനപക്ഷ സംരക്ഷണം പ്രസംഗിക്കുകയും മറു വശത്ത് അമിത് ഷായുടെ തൃപ്തിക്കായി കരിങ്കൊടി പ്രതിഷേധങ്ങൾ പോലും കാണാമറയത്തേക്ക് ഒളിപ്പിക്കുകയും ചെയ്യുന്ന വി ഡി സതീശന്റെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മതേതരത്വം എന്നത് വോട്ട് തട്ടാനുള്ള തന്ത്രമല്ലെന്നും അത് നെഞ്ചുറപ്പോടെ ഉയർത്തിപ്പിടിക്കേണ്ട നിലപാടാണെന്നും ഈ സർക്കാർ ഓർക്കുന്നത് നന്നായിരിക്കും.

കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന ഒരു സർക്കാരിന് എങ്ങനെയാണ് കേന്ദ്ര ഏജൻസികളുടെയോ സംഘപരിവാർ ഭീഷണികളുടെയോ മുന്നിൽ ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ സാധിക്കുക? ഡൽഹിയിലെ ആജ്ഞകൾക്ക് അനുസരിച്ച് കേരളത്തിലെ സ്വന്തം മന്ത്രിമാരെപ്പോലും നിയന്ത്രിക്കുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ, സംഘപരിവാറിന്റെ നിഴൽ ഭരണമാണ് ഇവിടെ നടക്കുന്നത് എന്ന് ആക്ഷേപിച്ചാൽ എന്താണ് തെറ്റ്? 

തങ്ങൾ ആർക്കുവേണ്ടിയാണ് തെരുവിൽ ചോരചിന്തി സമരം ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസിന്റെ ഓരോ സാധാരണ അണിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേതാക്കൾ ഡൽഹിയിലെ കേന്ദ്ര ഭരണാധികാരികൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുമ്പോൾ, തെരുവിൽ ലാത്തിച്ചാർജ് നേരിടുന്ന അണികളുടെ ത്യാഗമാണ് ഇവിടെ അപമാനിക്കപ്പെടുന്നത് എന്ന് കൂടി മുഖ്യമന്ത്രി ഓർക്കുക.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: The removal of a Youth Congress protest video against Amit Shah from Minister OJ Janeesh's Facebook page has sparked political controversy in Kerala, with the opposition CPM accusing Chief Minister VD Satheesan's UDF government of adopting a soft stance towards the Sangh Parivar, despite Janeesh's claim that the video was removed by his admin panel to avoid confusion.

#Kvartha #VDSatheesan #AmitShah #OJJaneesh #KeralaPolitics #YouthCongress #UDF #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia