Tragedy | ജോയിയുടെ മരണം: എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ മാത്രം കണ്ണ് തുറന്നാൽ മതിയോ? വെള്ളത്തിൽ വരച്ച വരപോലെയാകരുത് ഈ കേസ്
ചെയ്യേണ്ട ജോലികൾ ചെയ്യേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ ഒരു മനുഷ്യന് ഈ ഗതി വരില്ലായിരുന്നു
മിന്റാ മരിയ തോമസ്
(KVARTHA) ഇപ്പോഴായിരിക്കും കണ്ണ് തുറന്നത്. അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പുരോഗമന സാംസ്കാരിക സർക്കാർ (Govt) സംവിധാനം. അത്യാഹിതങ്ങൾ സംഭവിക്കുമെന്നു കരുതുന്ന ഇടങ്ങളിൽ കർശന നടപടികൾ സ്വീകരിക്കാനും കമ്മീഷനു അവകാശം ഉണ്ടായിരിക്കണം. ആമയിഴഞ്ചാൻ തോട്ടിൽ (Amayizhanjan canal) ശുചീകരണ തൊഴിലാളി (Cleaning worker) ജോയിയെ കാണാതായ സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) സ്വമേധയാ കേസെടുത്തിരുന്നു.
സംഭവത്തിൽ കലക്ടർക്കും (Collector) കോർപറേഷൻ സെക്രട്ടറിക്കും (Corporation Secretary) മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിച്ചു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ജോയിയെ കാണാതായത്. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ മാലിന്യം നിറക്കാൻ നൂറുകണക്കിന് പൊതുജനങ്ങളുണ്ട്. നന്നാക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരാൾ പോലും ഉണ്ടായില്ല.
അനാസ്ഥയ്ക്ക് ഉത്തരവാദി ആരെന്ന് തിരയുന്ന തിരക്കിലാണ് രാഷ്ട്രീയ നേതാക്കൾ. ചെയ്യേണ്ട ജോലികൾ ചെയ്യേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ ഒരു മനുഷ്യന് ഈ ഗതി വരില്ലായിരുന്നു. വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. ഉള്ളിലേക്ക് പോയ ആളെ നിരീക്ഷിക്കാന്‍ പുറത്ത് ആരും നിന്നില്ല. ഈ നിർണായക സ്ഥലത്ത് ഓക്സിജൻ ആവശൃത്തിനു ഉണ്ടോ എന്ന് നോക്കിയില്ല. ഇങ്ങനെ ഒരു സ്ഥലത്തേക്ക് ജോലിക്ക് വിട്ടവർ തന്നെയല്ലെ ഇതിലെ കുറ്റക്കാർ.
ജനങ്ങൾ എത്ര പറഞ്ഞാലും മാലിന്യം വലിച്ചെറിയും. അതു നിക്ഷേപിക്കാൻ ഒരിടത്തും സംവിധാനമില്ല.. നഗരവാസികൾക്ക് മിക്കയിടത്തും മാലിന്യം കൊണ്ടിടാൻ ഒരു ചവറ്റുകൊട്ട പോലുമില്ല. ഇതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, കേസെടുത്തു എന്നിങ്ങനെ പറഞ്ഞു കേൾക്കലല്ലാതെ ഇന്നേവരെ തുടർന്നങ്ങോണ്ട് എന്തുണ്ടായി എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സ്വമേധയാ കേസ് എടുത്തു എന്നല്ലാതെ അനന്തര നടപടി കൂടി വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
കുറെ കമ്മീഷനുകൾ കമ്മീഷൻ ഉണ്ട്. എന്തിന്, ആർക്കു വേണ്ടി? വെറുതെ ജനങ്ങളുടെ നികുതി പണം ചിലവഴിക്കുന്നുവെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ? ഏത് അടിസ്ഥാനപ്രശ്നമാണ് കമ്മീഷനുകൾ ഇടപെട്ട് ദൂരീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എല്ലാരീതിയിലും പ്രയോജനം ചെയ്യണം. ഇതുപോലെ എന്തെങ്കിലും ദുരന്തം ഒക്കെ ഉണ്ടാവുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഞങ്ങൾ ഇവിടെയുണ്ട് എന്നറിയിക്കാൻ സ്വയം കേസ് എടുത്തു എന്നൊരു വാർത്തയും കൊടുത്തുപോയി ഉറങ്ങരുത്.
കേസ് എടുക്കാൻ മാത്രം ഒരു കമ്മീഷൻ, അത് കഴിഞ്ഞാൽ ഒരു വിവരവും ഇല്ല എന്ന അവസ്ഥ വരരുത്. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ മാത്രം കേസെടുക്കുന്ന ഒരു സംവിധാനമല്ല നമ്മുടെ നാട്ടിൽ ആവശ്യമുള്ളത്. ജനകീയ പ്രശ്നങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹാര നിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കണം. കോടികൾ നികുതി പണം ചെലവഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ ഉപകാരപ്രദമാക്കണം. മലിനമാക്കിയ തോട് നഗരവാസികളെ കൊണ്ട് തന്നെ വൃത്തിയാക്കുവാൻ ഉത്തരവ് ഇടാൻ കഴിയില്ലല്ലോ?
മലയാളികള്‍ ഒന്നുമല്ലെന്നും, പ്രതികരിക്കാന്‍ കഴിവില്ലാത അടിമകള്‍ ആണെന്നും ഉള്ള തെളിവാണ് മാസാമാസം പിരിവ് നടത്തുന്ന ഹരിതകര്‍മ്മസേനയുള്ള നാട്ടിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം. കേസ് എടുത്തതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോ എന്നും ജനം ചോദിക്കാനിടയുണ്ട്. കുറെ കേസ് അങ്ങനെ എടുത്തിട്ടില്ലേ. എന്തെങ്കിലും ഗുണം ജനങ്ങൾക്ക് കിട്ടിയോ. ഇതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾ. കമ്മീഷൻ്റെ പല ഉത്തരവുകളും പാലിക്കപ്പെടുന്നില്ല എന്നതിന് പല തെളിവുകളുമുണ്ട്. ഇതൊക്കെ ഒന്ന് ക്ലീൻ ആവാൻ ഒരപകടം വരണം. അധികാരികൾ കണ്ണു തുറക്കുമോ?