Criticism | തിരുപ്പതി ലഡു വിവാദം: സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ രാഷ്ട്രീയ കരുനീങ്ങള്‍ക്ക് ആവുമോ?

 
Allegations Surrounding Tirupati Laddus
Allegations Surrounding Tirupati Laddus

Image Credit: Facebook/ Tirumala Tirupati Devasthanams

● തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ആരോപണം ഉയർന്നു
● രാഷ്ട്രീയ പാർട്ടികൾ വിവാദം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു
● രാഷ്ട്രീയ നേതാക്കൾ തമ്മിൽ പരസ്പര ആരോപണങ്ങൾ

അർണവ് അനിത 

 (KVARTHA) രാഷ്ട്രീയം പറയാനില്ലാതെ വരുമ്പോഴാണ് പലരും ഭക്തി ആയുധമാക്കുന്നത്. തിരുപ്പതി ലഡ്ഡുവിവാദത്തിലും സമാനമായ സംഭവമാണ് നടന്നതെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. ലഡുവില്‍ മൃഗ കൊഴുപ്പുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടും തിരുപ്പതി ശ്രി വെങ്കിടേശ്വര ഭഗവാന്റെ പ്രസാദമായ ലഡ്ഡു വില്‍പ്പനയില്‍ ഒട്ടും കുറവില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വികാരങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുന്ന തിരക്കിലാണ്. 

ഇത്തരത്തില്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ ദുഷ്ടലാക്കോടെ പ്രസ്താവനകള്‍ നടത്തുന്നത് സമൂഹത്തിന് ഗുണമാകില്ല, സംശയത്തിന്റെ കണികകള്‍ക്കപ്പുറം ആരോപണങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ് ഇച്ഛാശക്തിയുള്ള നേതൃത്വം ചെയ്യേണ്ടത്.  കുറ്റം തെളിഞ്ഞാല്‍,  നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ നല്‍കുകയും വേണം.

ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അനുഷ്ഠാനങ്ങളില്‍ സൂക്ഷ്മമായി പാലിക്കേണ്ട കാര്യങ്ങളും മതപരമായ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും വേണം. എന്നാല്‍ ഇതിനെ കേവലം രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ല. തിരുമല തിരുപ്പതി ദേവസം (ടിടിഡി) ഒരു ദിവസം ഏകദേശം മൂന്ന് ലക്ഷം ലഡ്ഡു തയ്യാറാക്കുന്നു. 

ടിടിഡി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഓണററി പ്രസിഡന്റ് കണ്ഠരപ്പു മുരളി പറയുന്നത്, ലഡ്ഡുവിനും മറ്റ് വഴിപാടുകള്‍ക്കും ഉപയോഗിക്കുന്ന നെയ്യും മറ്റ് ചേരുവകളും വാങ്ങുന്നതിലും ശേഖരിക്കുന്നതിലും സൂക്ഷ്മമായ പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കുന്നെന്നാണ്. വൈഷ്ണവ ബ്രാഹ്‌മണരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ലഡ്ഡു ഉണ്ടാക്കുന്നതെന്ന് മുരളി പറയുന്നു.

എന്നാല്‍, ലഡ്ഡു തയാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ആരോപണങ്ങള്‍ തള്ളിക്കൊണ്ട് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തി. നായിഡുവിനെ 'നുണയന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം അധഃപതിച്ചിരിക്കുന്നെന്നും പറഞ്ഞു. എന്നാല്‍ ജഗ്ഗനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. 'കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ് ജഗ്ഗന്‍ ശ്രമിച്ചത്. അത് ജനവികാരം കൂടുതല്‍ വ്രണപ്പെടുത്തും', എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്തരം അവകാശവാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും ഇടയില്‍ സത്യത്തെ കുഴിച്ചുമൂടരുത് എന്നതാണ് യഥാര്‍ത്ഥ ഭക്തരുടെ ആശങ്ക. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണാണ് വിവാദം പുതിയ തലത്തിലേക്ക് ഉയര്‍ത്തിയത്. 'പ്രതിബദ്ധതയും വിശ്വാസത്തോട് ബഹുമാനവുമില്ലാത്ത ആളുകള്‍ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്താല്‍ ഇങ്ങിനെയിരിക്കും. ഇത് പ്രസാദത്തിന്റെ കാര്യമല്ല, മദ്യവും മാംസവും  വിതരണം ചെയ്തു, ആളുകള്‍ കഴിച്ചുകൊണ്ടിരുന്നു. സനാതന ധര്‍മ്മ സംരക്ഷണ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഇക്കാര്യം  മന്ത്രിസഭയിലും മുഖ്യമന്ത്രിയുമായും സംസാരിക്കും,' പവന്‍ പറഞ്ഞു.

വിവാദ ആരോപണങ്ങളെ തുടര്‍ന്ന് ഗുണ്ടൂരിലെ ശ്രീ ദശാവതാര വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 22 ന് പവന്‍ കല്യാണ്‍ 11 ദിവസത്തെ 'പ്രായശ്ചിത്ത ദീക്ഷ' ആരംഭിക്കുകയും ഭഗവാന്റെ പാപമോചനത്തിനായി 11 ദിവസത്തെ വ്രതാനുഷ്ഠാനം നടത്തുകയും ചെയ്തു.  ഒക്ടോബര്‍ 1, 2 തീയതികളില്‍ തിരുമല സന്ദര്‍ശിക്കാനുള്ള തീരുമാനത്തെക്കുറിച്ചും അദ്ദേഹം പൊതുജനങ്ങളെ അറിയിച്ചു. ഇതുവഴി ഹിന്ദു മത ഘടനകളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ജനസേനാ മേധാവിയുടെ പ്രസ്താവന ആക്കം കൂട്ടി. 

ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, നിറവ്യത്യാസമില്ലാതെ, തിരുപ്പതി ദേവസ്വത്തെ ഒരു രാഷ്ട്രീയ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനിടെ, ലഡ്ഡു പ്രസാദ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുമല ദേവസ്വം മഹാശാന്തി ഹോമം സംഘടിപ്പിച്ചു.

രാഷ്ട്രീയ സംവാദം നേതാക്കളുടെ വ്യക്തിപരമായ വിശ്വാസങ്ങളിലേക്ക് പോലും കടന്നുകയറി എന്നത് ഏറെ ഖേദകരമാണ്. ജഗനെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര്‍ റെഡ്ഡിയെപ്പോലും ചന്ദ്രബാബു നായിഡു വലിച്ചിഴച്ചു. 'രാജശേഖര്‍ റെഡ്ഡിയുടെ കാലത്ത്, തിരുപ്പതിയിലെ ഏഴ് കുന്നുകളെ അഞ്ച് കുന്നുകള്‍ എന്ന് വിളിച്ചു, അതിനെതിരെ ഞാന്‍ ഒരുപാട് പോരാടി, തിരുപ്പതി പോലൊരു പുണ്യസ്ഥലത്ത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, അവിശുദ്ധമായ നിരവധി കാര്യങ്ങള്‍ ചെയ്തു. അവ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയും ചെയ്തു.' എന്ന് ചന്ദ്രബാബു നാഡിയും ആരോപിക്കുന്നു.

മുമ്പും, ചന്ദ്രബാബു നായിഡു ജഗന്റെ വ്യക്തിപരമായ വിശ്വാസത്തെ ആക്രമിച്ചിട്ടുണ്ട്,  മതസ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ, ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക്  കൂട്ടുനിന്നതായി ജഗന്‍ ആരോപണം നേരിട്ടിരുന്നു. അച്ഛനെപ്പോലെ ജഗന്‍ ഒരിക്കലും തന്റെ മതവിശ്വാസങ്ങള്‍ മറച്ചുവെച്ചിട്ടില്ല. 

ബൈബിളിന്റെ പകര്‍പ്പും കയ്യില്‍ പിടിച്ചാണ് അമ്മ വിജയമ്മ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിറങ്ങിയത്. ജഗന്‍ പരസ്യമായി ക്രിസ്മസ് ആഘോഷിച്ചു. ഒരു മതേതര രാഷ്ട്രത്തില്‍ വ്യക്തിപരമായ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കുകയോ ആചരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നല്ല, പക്ഷെ, ജഗന്റെ രാഷ്ട്രീയ എതിരാളികള്‍ ഹിന്ദു ഭൂരിപക്ഷ വികാരങ്ങള്‍ ഇളക്കിവിടാന്‍ ഈ അവസരം ഉപയോഗിച്ചുവെന്നാണ് ആക്ഷേപം.

തന്റെ ഭരണകാലത്ത് ജഗന്‍ ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായി പെരുമാറിയെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ആരോപിക്കുന്നു, അതായത്, മതപരിവര്‍ത്തനത്തെ പിന്തുണച്ചു. ഈ പ്രചാരണത്തെ ചെറുക്കാനായി ജഗന്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സമാജങ്ങളും സന്ദര്‍ശിച്ചു.  ജഗന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, 'തിരുമല തിരുപ്പതി ബോര്‍ഡിലെ നിലവിലെ ചില അംഗങ്ങളും ബിജെപിയുമായി ബന്ധമുള്ളവരാണ്'. മായം ചേര്‍ക്കല്‍ ആരോപിച്ച് ടിഡിപിയും ജനസേനയുമായി ചേര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഒതുക്കിയ ബിജെപിയുടെ, സംസ്ഥാന ഘടകത്തില്‍ ആധിപത്യം സ്ഥാപിക്കാനാണ് ജഗന്‍ ഇതിലൂടെ ശ്രമിക്കുന്നത്.

രാഷ്ട്രീയ വൈരാഗ്യം കുറച്ചു കഴിയുമ്പോള്‍ മറക്കുമെങ്കിലും വ്രണപ്പെട്ട മതവികാരം അങ്ങനെ തന്നെ നിലനില്‍ക്കും. ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതിന് പകരം രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. രാഷ്ട്രീയ മത്സരങ്ങള്‍ ആവശ്യമാണെങ്കിലും, ക്ഷേത്ര ഭരണത്തിലെ വ്യവസ്ഥാപരമായ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കേണ്ടതുണ്ട്. വികാരഭരിതമായ പ്രതികരണങ്ങള്‍ കാരണം പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടാല്‍ ക്രമസമാധാന പ്രശ്‌നത്തിന് സാധ്യതയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബിജെപി യുവജന വിഭാഗം പ്രവര്‍ത്തകര്‍ ഇതിനകം ആക്രമണം നടത്തിക്കഴിഞ്ഞു. അതുകൊണ്ട് ഭക്തിമാര്‍ഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുക്തിപരവും ശാസ്ത്രീയവുമായ അന്വേഷണം ആവശ്യമാണ്.

#Tirupati #Laddus #Controversy #Politics #Faith #Religion
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia