Criticism | മന്ത്രി, കൈക്കൂലിയെ എതിർക്കുന്നതാണോ പക്വതക്കുറവ്? ഇനി കൈക്കൂലിക്കെതിരെ ആരും പ്രതികരിക്കരുത്! എഡിഎമ്മിന്റെ മരണം ചർച്ചയാകുമ്പോൾ


● മന്ത്രി കെ രാജൻ നവീൻ ബാബുവിനെ സത്യസന്ധനായ ഉദ്യോഗസ്ഥനായി വാഴ്ത്തി.
● പി പി ദിവ്യയുടെ ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു.
● സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ.
സോണി കല്ലറയ്ക്കൽ
(KVARTHA) 'കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റെന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും അയാൾ കുറ്റവാളി തന്നെയാണ്, കൈക്കൂലിയെ എതിർക്കുന്നതാണോ പക്വതയില്ലായ്മ', എന്നൊക്കെയാണ് പൊതുജനം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ചോദിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ആക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ വലിയ ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്.
ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച പുലർച്ചെയോടെ നവീൻ ബാബുവിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍ രംഗത്ത് വന്നതാണ് പൊതുസമൂഹത്തിൽ ചർച്ചയാകുന്നത്.
തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കെ രാജന്‍ പറഞ്ഞു.
'നവീനെ കുറിച്ച് ഇതുവരെയും മോശപ്പെട്ട പരാതി നമ്മുടെ മുന്നിലില്ല. നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. നവീനിന്റെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ എഡിഎം ചുമതലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റിയത്. മരണത്തില്‍ അടിയന്തിരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയിട്ടുള്ള നിര്‍ദേശം കളക്ടര്‍ക്ക് നല്‍കി. ഗൗരവമായ അന്വേഷണം ഉണ്ടാവും', എന്നും കെ രാജന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. പി പി ദിവ്യയുടെ ഇടപെടലിനെയും മന്ത്രി തള്ളി. ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണം എന്ന് മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ദിവ്യ ആത്മഹത്യ പ്രേരണയൊന്നും നടത്തിയില്ല, ഒരു അഴിമതി ചൂണ്ടിക്കാണിച്ചു എന്ന് മാത്രം, അഴിമതി ചൂണ്ടിക്കാണിക്കുന്നത് ഒരു തെറ്റാണെന്ന് ആരു പറഞ്ഞാലും അത് പൊതുജനം വിശ്വസിക്കുമെന്ന് തോന്നുന്നില്ല', എന്നായിരുന്നു സാമൂഹ്യ മാധ്യമത്തിലെ ഒരു പ്രതികരണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരാൾ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്: 'വളരെ മാന്യമായ വാക്കുകളാണ് ശ്രീമതി ദിവ്യ ഉപയോഗിച്ചത്. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോർമ്മിപ്പിച്ച അവർ ഇനി ചാർജെടുക്കുന്ന സ്ഥലത്തെങ്കിലും ഫയൽ മുന്നിലെത്തിയാൽ താമസിപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചില കാര്യങ്ങൾ പറയാനുണ്ട് അത് രണ്ട് ദിവസത്തിനുള്ളിൽ പറയാമെന്നും പറഞ്ഞ് യാതൊരു അഹങ്കാരഭാവവുമില്ലാതെ ആ സദസ്സിനെ കുളമാക്കാതെ എണീറ്റ് പോവുകയാണ് ചെയ്തത്.
ഇനിയവരെങ്ങാനും നവീന്റെ സ്ഥാനത്തിരിക്കുന്ന കോയമോനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചതെങ്കിൽ കോയമോൻ നിരപരാധിയാണെന്നുറപ്പുണ്ടെങ്കിൽ അല്ല പെണ്ണുംമ്പിള്ളേ നിങ്ങളെന്ത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പുലമ്പുന്നതെന്ന് ആ സദസ്സിൽ വെച്ച് ചോദിച്ചേനെ. ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല തലതാഴ്ത്തി വിഷണ്ണനായി ഇരിക്കുകയും ദിവ്യയിന്ന് മാധ്യമങ്ങളെ കാണുന്നതിന് മുമ്പേ...........
മരണം ദുഃഖകരമാണ്, ഭർത്താവിനെയും പിതാവിനെയും സ്നേഹിതനേയും എല്ലാമെല്ലാമായവനേയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തെ മനസ്സിലാക്കുന്നു. അവരുടെ വേദനകളിൽ പങ്കു ചേരുന്നു. അഴിമതി ഒട്ടനവധി ജീവിതങ്ങളെ തകർത്തിട്ടുണ്ട്, പല സംരംഭങ്ങളും കൈക്കൂലി നൽകാനാവാതെ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നതിനാൽ കടംപെരുകി പലരും കുടുംബസമേതം ജീവനൊടുക്കിയ കേരളത്തിൽ അഴിമതി തീരാ ശാപമാണ്. ജില്ലാപ്രസിഡന്റ് ദിവ്യയുടെ കൈയിൽ അഴിമതി നടത്തിയെന്ന തെളിവുണ്ടെങ്കിൽ അവരത് കേരളത്തോട് വെളിപ്പെടുത്തുമെങ്കിൽ ഈ വിനീതന് അവരെ തോളിലേറ്റുകയും അഴിമതിക്കാരെ ശക്തമായി അപലപിക്കുവാനേകഴിയുകയുള്ളൂ'.
നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ കാര്യകാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ് ഈ അവസരത്തിൽ വേണ്ടത്. സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തണം. അതിൽ ആര് കുറ്റക്കാർ ആകുന്നു എന്നത് പൊതുജനം തിരിച്ചറിയുകയും വേണം. അതിൽ ദിവ്യകുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ ഒരു സ്ത്രീ എന്ന പരിഗണന പോലും ദിവ്യക്ക് കൊടുക്കരുത്. അവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. അല്ലാതെ ഈ അവസരത്തിൽ ഒരു അഴിമതി ചൂണ്ടിക്കാണിച്ചു എന്നതിൻ്റെ പേരിൽ ദിവ്യയെ ആര് ആക്ഷേപിച്ചാലും അവർക്ക് പിന്തുണ ഏറുകയെയുള്ളു. പിപി ദിവ്യ പറഞ്ഞത് എല്ലാ പൊതു പ്രവർത്തകരും തുടരുകയാണ് വേണ്ടത്.
ഉദ്യോഗസ്ഥരുടെ അഴിമതി മൂലം എത്ര സാധാരണക്കാരായ മനുഷ്യർ ഇല്ലാതായി പോകുന്നുണ്ട് എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. അതിനേക്കാൾ വലുതൊന്നുമല്ല ഇതൊന്നും. നവീന്‍ ബാബു സത്യസന്ധനായിരുന്നുവെന്ന് പറയുന്നവരുടെ വാദങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ഇവിടെ ആരോപണം നേരിടുന്നവരൊക്കെ ജീവനൊടുക്കാൻ തുടങ്ങിയാൽ സര്‍ക്കാര്‍ സര്‍വീസില്‍ പിന്നെ ആരും ഉണ്ടാവില്ലല്ലോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാൻ സാധിക്കും?
#NaveenBabuDeath #KeralaPolitics #CorruptionAllegations #JusticeForNaveen