'അഴിമതിക്കാരായ അവതാരങ്ങൾ'; മുഖ്യമന്ത്രിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി

 
 Kerala Chief Minister Pinarayi Vijayan facing political crisis.
 Kerala Chief Minister Pinarayi Vijayan facing political crisis.

Photo Credit: Facebook/ Trivandrum, PinarayiVijayan

  • അനധികൃത സ്വത്ത് സമ്പാദനമാണ് ആരോപണം.

  • സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ശേഷം മറ്റൊരാൾ.

  • കിഫ്ബിയിലെ പ്രധാന ചുമതലയും എബ്രഹാമിനായിരുന്നു.

  • മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം.

  • ഗൂഢാലോചനയെന്ന് എബ്രഹാമിൻ്റെ വാദം.

  • ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.

  • വിജിലൻസ് റിപ്പോർട്ട് സംശയാസ്പദമെന്ന് കോടതി.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സർവീസിൽ നിന്നും വിരമിച്ച ശേഷം കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് വസ്തുതാപരമായ പരാതി നിലനിൽക്കുന്നതുകൊണ്ടാണ്. ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുപോലും തർക്കമില്ലാത്തതുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രീയപരമായി ശുദ്ധീകരിക്കാനുള്ള ശേഷി പാർട്ടി സംസ്ഥാന നേതൃത്വത്തിനോ പോളിറ്റ് ബ്യൂറോയ്ക്കോ ഇല്ലാത്തതുകൊണ്ടാണ് നേതാക്കൾ മൗനം പാലിക്കുന്നത്.

ഹൈക്കോടതി അനധികൃത സമ്പാദനത്തിൻ്റെ പേരിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ കെ.എം. എബ്രഹാം ചില്ലറക്കാരനല്ല. സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടക്കേണ്ടി വന്ന ശിവശങ്കറിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രത്യേക നിയമനത്തിലൂടെ എത്തിയ മറ്റൊരു ‘അവതാരം’ തന്നെയായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് കോടികൾ മുടക്കിയുള്ള പദ്ധതികൾ നടത്തിവരുന്ന കിഫ്ബിയുടെ ചുക്കാൻ പിടിക്കുന്നതും കെ.എം. എബ്രഹാം തന്നെയാണ്. കൊല്ലത്തെ സൂപ്പർ മാർക്കറ്റ് ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ബിനാമി സ്വത്തുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോടികളുടെ വസ്തുവകകളാണ് ഇദ്ദേഹം സമ്പാദിച്ചത്. ഇത്രയധികം കളങ്കിതനായ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിന് പകരം മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ പിന്തുണകൊണ്ടാണ് തനിക്കെതിരെയുള്ള സി.ബി.ഐ അന്വേഷണ ഉത്തരവിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.എം. എബ്രഹാം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

തനിക്കെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് തന്നെ പരിഹാസ്യമാണ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം ഈ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം. പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കെ.എം. എബ്രഹാമിൻ്റെ വാദം. ജോമോനോടൊപ്പം രണ്ടുപേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എബ്രഹാം പറയുന്നു. താൻ ധനവകുപ്പ് സെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിൻ്റെ തലപ്പത്ത് ഉണ്ടായിരുന്നവരാണ് മറ്റ് രണ്ടുപേർ. 2015 മുതൽ ഗൂഢാലോചന നടത്തിയെന്നും മൂന്നുപേരും സംസാരിച്ചതിൻ്റെ കോൾ റെക്കോർഡ് രേഖ തൻ്റെ പക്കലുണ്ടെന്നും എബ്രഹാം അവകാശപ്പെടുന്നു. തനിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താനാണ്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം കത്തിൽ വ്യക്തമാക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങളെയും നിയമനടപടികളെയും തടയിടുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബോധപൂർവ്വം വലിച്ചിടാനുള്ള ശ്രമമാണ് കെ.എം. എബ്രഹാം നടത്തുന്നത്.

അതേസമയം സി.ബി.ഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനും കെ.എം. എബ്രഹാം ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി അദ്ദേഹം അഭിഭാഷകരുമായി ചർച്ച നടത്തിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരൻ്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ. ബാബു സി.ബി.ഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സി.ബി.ഐയ്ക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ൽ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാൽ ഇനി അതിൻ്റെ ആവശ്യമില്ലെന്നും കെ.എം. എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസ് അന്വേഷണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസിൻ്റെ ദ്രുതപരിശോധാ റിപ്പോർട്ട് അതേപടി വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അഴിമതിയാരോപണത്തിൽ കുടുങ്ങിയ വൻ സ്രാവ് തന്നെയാണ് കെ.എം. എബ്രഹാം. തൻ്റെ ഓഫീസിൽ നിന്നും ‘അവതാരങ്ങളെ’ അകറ്റി നിർത്തുമെന്ന് ഭരണത്തിലേറും മുൻപ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊള്ളത്തരമാണ് ആദ്യം ശിവശങ്കറിലൂടെയും പിന്നീട് കെ.എം. എബ്രഹാമിലൂടെയും പുറത്തുവരുന്നത്. അഴിമതിരഹിത ഭരണമെന്ന സി.പി.എമ്മിൻ്റെ വാഗ്ദാനമാണ് ഇതോടെ പൊതുസമൂഹത്തിന് മുൻപിൽ ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം മകൾ മാസപ്പടി കേസിൽ പ്രതിയായതിന് പിന്നാലെയാണ് മറ്റൊരഴിമതിയുടെ കാർമേഘം മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിൽ ഇരുട്ട് പരത്തി നിൽക്കുന്നത്. താൻ ഭരണമേറ്റെടുക്കുമ്പോൾ ഭരണസ്വാധീനത്തിനായി അടുത്ത് കൂടുന്ന ‘അവതാരങ്ങളെ’ അടുപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നതെന്നത് കാലത്തിൻ്റെ വിചിത്രമായ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അഴിമതിയുടെ കറുത്ത നിഴലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ മാത്രം മൂടി നിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി പേജ് ലൈക്ക് ചെയ്യുക.

Kerala CM faces major political crisis as High Court orders CBI probe against former Principal Secretary KM Abraham over disproportionate assets allegations.

#KeralaPolitics, #CorruptionScandal, #CMOffice, #KMAbraham, #CBInquiry, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia