Political Crisis | 'തോമസ് കുട്ടി വിട്ടോടാ', മുകേഷിന്റെ സ്ഥിതി പരുങ്ങലില്‍; ആരോപണങ്ങളില്‍ വിയര്‍ത്ത് കൊല്ലം എംഎല്‍എയും പാര്‍ട്ടി നേതൃത്വവും
തനിക്കെതിരെയുളള ആരോപണങ്ങളില്‍ പലതും ബ്ലാക്ക് മെയിലിങാണെന്നും രാഷ്ട്രീയ ഗൂഡാലോചനയാണെന്നുമാണ് മുകേഷിന്റെ വാദം
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കൊല്ലം എംഎല്‍എ മുകേഷ് സ്ഥാനത്ത് തുടരുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത ശക്തമാകുന്നു. മൂന്നിലേറെപ്പേര്‍ ലൈംഗീകാരോപണം ഉന്നയിച്ച മുകേഷ് എംഎല്‍എയായി തുടരുന്നത് സ്ത്രീപക്ഷ സര്‍ക്കാരെന്ന് വിശേഷിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും കൊല്ലം സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സീറ്റു നഷ്ടമാവുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.
മുകേഷ് രാജിവെച്ചാല്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യതയും സി.പി.എം നേരിടേണ്ടി വരും. ഇതൊഴിവാക്കുന്നതിനായി വിവാദങ്ങള്‍ സ്വയമേവെ അടങ്ങട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. എന്നാല്‍ മുകേഷിനെതിരെയുളള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം കൊല്ലം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ നടനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണുണ്ടായത്.
പാര്‍ട്ടിയെ നാണം കെടുത്തുന്ന രീതിയിലാണ് മുകേഷ് പ്രവര്‍ത്തിക്കുന്നതെന്നു ചില അംഗങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ തനിക്കെതിരെയുളള ആരോപണങ്ങളില്‍ പലതും ബ്ലാക്ക് മെയിലിങാണെന്നും രാഷ്ട്രീയ ഗൂഡാലോചനയാണെന്നുമാണ് മുകേഷിന്റെ വാദം. ഇതിനുളള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും മുകേഷ് ജില്ലാസെക്രട്ടറിയേറ്റ് യോഗത്തെ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചിലഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ അനുബന്ധവിവാദങ്ങളില്‍ ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടത് സി.പി.എം എംഎല്‍എയും മലയാളചലച്ചിത്രലോകത്തെ മുതിര്‍ന്ന നടനുമായ മുകേഷാണ്. വീട്ടില്‍ കയറി നടിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയതായുളള ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നത്. മുകേഷിനെതിരെയുളള പരാതികളില്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ വെളളം കുടിക്കാന്‍ പോകുന്നത് സി.പി.എമ്മായിരിക്കും.
ഇപ്പോള്‍ തന്നെ പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള പതിനേഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് മുകേഷിന് തിരിച്ചടിയായിട്ടുണ്ട്. അടുത്തതാരെന്ന ചോദ്യമുയരുമ്പോള്‍ എല്ലാകണ്ണുകളും നടനിലേക്ക് തന്നെയാണ് തിരിയുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ മുകേഷിന്റെ കഥാപാത്രം അപകടാവസ്ഥകളില്‍ പറയുന്നതു പോലെ തോമസ് കുട്ടി വിട്ടോടായെന്നു പറയേണ്ടിവരുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
#Mukesh #CPI(M) #KeralaPolitics #Allegations #PoliticalCrisis #Kollam