Criticism | കോൺഗ്രസിലും വെളിപ്പെടുത്തലുകളോ? ചർച്ചയായി സിമി റോസ് ബെല്ലിന്റെ ആരോപണങ്ങൾ; അന്ത്യന്തം ഗൗരവകരമെന്ന് ഡിവൈഎഫ്ഐ; പരാതിയുമായി കോൺഗ്രസിലെ വനിതാ നേതാക്കൾ
'കെപിസിസി പ്രസിഡൻ്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല'
തിരുവനന്തപുരം: (KVARTHA) മുൻ എഐസിസി അംഗം സിമി റോസ് ബെൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ചർച്ചയായി. ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സിമി റോസ് ബെല്ലിന്റെ ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തള്ളിയിട്ടുണ്ട്.
കോൺഗ്രസിൽ അവസരങ്ങൾ കിട്ടാൻ ചൂഷണത്തിന് നിന്നു കൊടുക്കണമെന്നും മുതിർന്ന നേതാക്കളുടെ അടുത്തേക്ക് തനിച്ച് പോകുന്നത് സുരക്ഷിതമല്ലെന്നും സിമി റോസ്ബെൽ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടങ്ങുന്ന പവർഗ്രൂപ്പാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്നും സിമിയെ ഉദ്ധരിച്ച് ന്യൂസ് 18 കേരള കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പല വനിത നേതാക്കളുടെയും ട്രാക്ക് റെക്കോർഡുകൾ പരിശോധിക്കണം. തന്റെ പക്കൽ ചില ശബ്ദ സന്ദേശങ്ങൾ ഉണ്ടെന്നും അത് പുറത്തുവിട്ടാൽ പാർട്ടിയിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. കോൺഗ്രസിൽ നേതൃത്വത്തോട് ഒട്ടിപ്പിടിക്കുന്നവർക്കേ സ്ഥാനം ലഭിക്കൂവെന്നും അവർ തുറന്നടിച്ചു.
കെപിസിസി പ്രസിഡൻ്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല. പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവും കൂട്ടരും നിരന്തരം ശ്രമിക്കുന്നു. ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എൻ്റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശൻറെ അനുവാദം വേണോയൊന്നും അവർ ചോദിച്ചു.
അന്ത്യന്തം ഗൗരവകരമെന്ന് ഡിവൈഎഫ്ഐ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി അംഗം സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽ അന്ത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ. കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും വിഡി സതീശൻ്റെ നേതൃത്വത്തിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്നും സതീശൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ചില കാര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളിൽ നിന്നും തഴയപ്പെട്ടു എന്നും അവർ തുറന്നടിച്ചിരിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തന്നെക്കാൾ ജൂനിയർ ആയ ആളുകൾ എങ്ങനെ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെട്ടു എന്നും സിമി റോസ് ബെൽ വെളിപ്പെടുത്തിയിരിക്കുന്നു. സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും കോൺഗ്രസ് നേതൃത്വവും ഇതിൽ പ്രതികരിച്ചിട്ടില്ല. ആരോപണത്തിൻ്റെ പേരിൽ എംഎൽഎയുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്ന കൂട്ടത്തിൽ സ്വന്തം സഹപ്രവർത്തകയുടെ പരാതി കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പദവി എങ്കിലും രാജിവെക്കാൻ പറയാനുള്ള കെല്പ് മഹിള കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഉണ്ടോ എന്നറിയണം.
ധാർമികതയുടെ സ്റ്റഡി ക്ലാസ് സ്വന്തം പാർട്ടിയിൽ ആദ്യം എടുത്തിട്ട് പോരേ മറ്റ് പാർട്ടിയെ ഉപദേശിക്കൽ എന്ന് ചോദിക്കാൻ കോൺഗ്രസിൽ അന്തസുള്ളവർ തയ്യാറാവണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെൽ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും വി ഡി സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സിമി റോസ്ബെല്ലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് വനിതാ നേതാക്കൾ
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ.ഐ.സി.സി അംഗം സിമി റോസ്ബെല്‍ ജോണ്‍
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി.
കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ എ തുളസി, ജെബി മേത്തർ എം പി എന്നിവരാണ് പരാതിയുമായി എഐസിസി - കെപിസിസി നേതൃത്വത്തെ സമീപിച്ചത്.
ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമി റോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ സിമി റോസ് ബെല്ലിന്റെ ആരോപണങ്ങൾ കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും മഹിളാ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് കെ പി സി സി യ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെ സുധകരൻ പറഞ്ഞു. അന്വേഷണത്തിന് കെപിസിസി ഭാരവാഹികളെ നിയോഗിച്ചിരിക്കുകയാണ്.
#SimiRoseBell, #VDSatheesan, #DYFI, #Congress, #KeralaPolitics, #PoliticalAllegations