Controversy | ആരോപണങ്ങളിൽ ആറാടിയ മുകേഷിനെതിരെ ഇടത് വനിതാ നേതാക്കൾ? കൊല്ലം എംഎൽഎ സിപിഎമ്മിനെ അടിമുടി വെട്ടിലാക്കുന്നു
* മുകേഷ് രണ്ട് തവണ കൊല്ലം നിയമസഭാ മണ്ഡലത്തിൽ വിജയിച്ച വ്യക്തിയാണ്
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെ ചലച്ചിത്രനടിമാർ പീഡന പരാതികളുമായി നിരന്തരം രംഗത്തുവരുന്നത് സി.പി.എമ്മിനെ വെട്ടിലാക്കുന്നു. പാർട്ടി ചിഹ്നത്തിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടുതവണ മത്സരിച്ചു വിജയിച്ചയാളാണ് മുകേഷ് കുമാർ. മുൻമന്ത്രിയും ട്രേഡ് യൂനിയൻ നേതാവുമായ പി.കെ ഗുരു ദാസന് പകരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക താൽപര്യപ്രകാരം മുകേഷിനെ രംഗത്തിറക്കിയത്. രണ്ടുതവണ വിജയിപ്പിച്ചെടുത്ത പാർട്ടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സിറ്റിങ് എം.പി എൻ.കെ പ്രേമചന്ദ്രനെതിരെ മുകേഷിനെ പരീക്ഷിച്ചു.
ഇത്തരത്തിൽ പാർട്ടിക്ക് ഏറെ വേണ്ടപ്പെട്ടവനായ മുകേഷ് നിരന്തരം സ്ത്രീ പീഡന പരാതികളിലെ കഥാപാത്രമായി വരുന്നതാണ് മുഖ്യമന്ത്രിയെയും പാർട്ടിയെയും വെള്ളം കുടിപ്പിക്കുന്നത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യെന്ന അവസ്ഥയിലാണ് മുകേഷിൻ്റെ കാര്യത്തിൽ പാർട്ടി. ഇതിനിടെയിൽ മുകേഷ് ഉൾപ്പെടെയുള്ള അമ്മയിലെ താരങ്ങൾക്കെതിരെ സി.പി.എമ്മിലെ വനിതാ നേതാക്കൾ രംഗത്തും വന്നത് പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.
അമ്മയെ വലിച്ചെറിയണമെന്നും ആ പേര് ഉപയോഗിക്കരുതെന്നാണ് പി.കെ.ശ്രീമതി വിമർശിച്ചത്. സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ, ഐഷാ പോറ്റി തുടങ്ങിയവരും അമ്മയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സി.പി.ഐ ദേശീയ നേതാവായ ആനി രാജ താരസംഘടനയ്ക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹിയിൽ അതിരൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സ്ത്രീപക്ഷ നിലപാടുകളുമായി മുൻപോട്ടു പോകുന്ന ഇടതു സർക്കാരുമായി സഹകരിച്ചു പോവുകയായിരുന്ന മൂന്ന് പേരാണ് ആരോപണങ്ങളിൽ കുടുങ്ങിയത്.
#MukeshAllegations, #CPMControversy, #WomenLeaders, #KeralaPolitics, #PoliticalScandal, #FilmIndustry