എ കെ ആൻ്റണിയുടെ വെളിപ്പെടുത്തലുകൾ: കോൺഗ്രസിന് സെൽഫ് ഗോൾ, ചർച്ചയാകുന്നത് പഴയകാല വിവാദങ്ങൾ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമാണ് ആൻ്റണിയെ പ്രകോപിപ്പിച്ചത്.
● റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന ആൻ്റണിയുടെ ആവശ്യം വസ്തുതാപരമല്ല.
● ശിവഗിരിയിലെ പൊലീസ് നടപടിയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിലുണ്ട്.
● ഈ വെളിപ്പെടുത്തലുകൾ യുഡിഎഫിന് ഗുണകരമല്ലെന്ന് വിലയിരുത്തപ്പെടുന്നു.
നവോദിത്ത് ബാബു
(KVARTHA) പോയ കാല കേരളത്തിൻ്റെ രാഷ്ട്രീയ ഗതിവിഗതികളിൽ നിർണായക സ്വാധീനം ചെലുത്തിയ മൂന്ന് സംഭവങ്ങളുടെ ഓർമ്മകളെയാണ് മുൻ മുഖ്യമന്ത്രി എ കെ ആൻ്റണി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ കുടം തുറന്നുവിട്ടത്. ഇവയാകട്ടെ 1996-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻ്റെ തോൽവിക്ക് വഴിവെച്ച സംഭവങ്ങളായിരുന്നു.

കേരളത്തിലെ പ്രഗൽഭനായ എ കെ ആൻ്റണി സാധാരണ മാധ്യമങ്ങൾക്ക് മുന്നിൽ വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ വാർത്താസമ്മേളനത്തിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകിയിരുന്നു. എ കെ ആൻ്റണി രണ്ടാം പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.
വിലക്കയറ്റം അടക്കം പൊള്ളുന്ന ഒട്ടേറെ വിഷയങ്ങൾ ഇതിനായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ തൻ്റെ ഭരണകാലത്തുണ്ടായ വീഴ്ചകളെ തുറന്നുസമ്മതിച്ച് സെൽഫ് ഗോൾ അടിക്കുകയാണ് എ കെ ആൻ്റണി ചെയ്തത്.
ഇതിൻ്റെ വരുംവരായ്കകൾ വാർധക്യത്തിൻ്റെ അവശതയും ഓർമ്മകൾക്കും വിവേചന ബുദ്ധിക്കും മങ്ങലേറ്റുകൊണ്ടിരിക്കുന്ന എ കെ ആൻ്റണി തിരിച്ചറിഞ്ഞിരുന്നോയെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം കണ്ട ഏറ്റവും കൗശലക്കാരനായ എ കെ ആൻ്റണിക്ക് ഏത് സമയത്ത് എങ്ങനെ പ്രതികരിക്കണമെന്നും മൗനം പാലിക്കേണ്ട വേളയിൽ അതും ചെയ്യാൻ അസാമാന്യ കഴിവുണ്ട്.
രാഷ്ട്രീയ കേരളത്തിൻ്റെ ചരിത്രത്തിൽ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചതായി കാണാം. കോൺഗ്രസിലെ അതികായനായ ലീഡർ കെ കരുണാകരന് കാലിടറിയത് ആൻ്റണിയുടെ ഈ തന്ത്രങ്ങൾക്ക് മുൻപിലാണ്.
എന്നാൽ, മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പഴയകാല സംഭവങ്ങൾ വീണ്ടും ചർച്ചയാകുന്നത് ആർക്കാണ് സഹായകമാകുക, ദോഷകരമാകുകയെന്നത് ആൻ്റണിയുടെ വാർത്താസമ്മേളനത്തിന് ശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്.
പൊലീസ് അതിക്രമങ്ങളുടെ പേരിൽ ഇടതുമുന്നണി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനായി പ്രതിപക്ഷം നിയമസഭയിലും പുറത്തും ആക്രമണം കടുപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ആൻ്റണിയുടെ ഈ പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമാണ്.
പൊലീസ് അതിക്രമത്തിൻ്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒരു ഭാഗമാണ് എ കെ ആൻ്റണിയെ പ്രകോപിപ്പിച്ചത്. 1995-ൽ എ കെ ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിൽ നടന്ന പൊലീസ് ഇടപെടലിനെക്കുറിച്ചായിരുന്നു നിയമസഭയിൽ പിണറായി വിജയൻ്റെ പരാമർശം. പ്രതിപക്ഷം കൊത്താതിരുന്ന ആ ചൂണ്ടയിൽ പക്ഷെ എ കെ ആൻ്റണി കൊത്തി. കൊത്തിയെന്ന് മാത്രമല്ല, ആ ചൂണ്ടയും വലിച്ച് പരക്കം പാഞ്ഞുവെന്നതാണ് കാണേണ്ടത്.
ശിവഗിരിയെക്കുറിച്ച് മാത്രമല്ല, ചർച്ചയായാൽ യുഡിഎഫ് പ്രതിക്കൂട്ടിലാകുന്ന സാമുദായിക, രാഷ്ട്രീയ വിഷയങ്ങൾ അന്തർലീനമായ മാറാട് കലാപം, മുത്തങ്ങ വെടിവെപ്പ് എന്നീ സംഭവങ്ങൾ കൂടി ആൻ്റണി പൊതുചർച്ചയ്ക്ക് ഇട്ടുകൊടുത്തിരിക്കുകയാണ്.
മാറാട് കലാപം, ശിവഗിരിയിലെ പൊലീസ് ഇടപെടൽ എന്നിവ സംബന്ധിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരാൻ ആൻ്റണിയുടെ പ്രതികരണം വഴിവെച്ചിട്ടുണ്ട്.
വൈകാരികമായി എ കെ ആൻ്റണി പ്രതികരിച്ചുവെന്നാണ് ഈ ഘട്ടത്തിൽ മനസ്സിലാക്കേണ്ടത്. ആ പ്രതികരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഒളിപ്പിച്ചുപിടിച്ചിട്ടുണ്ടോയെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകേണ്ടതുമാണ്. ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച ചർച്ച ഉയരുന്നത് സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതെളിച്ചേക്കാം.
ഒരുപക്ഷെ അത് മറ്റുപല ചർച്ചകളിലേക്കും വഴിമാറിയേക്കാം. ബോധപൂർവ്വം അതിനായി ഉപയോഗിക്കപ്പെട്ടേക്കാം. ഇതൊന്നും ചിന്തിക്കാതെ വൈകാരികമായി എ കെ ആൻ്റണി പ്രതികരിച്ചുവെന്നാണ് ഈ ഘട്ടത്തിൽ മനസ്സിലാക്കേണ്ടത്.
ശിവഗിരിയിലെ പൊലീസ് അതിക്രമം വീണ്ടും ചർച്ചയാകുമ്പോൾ സന്യാസിമാർ പക്ഷം തിരിഞ്ഞ് ശിവഗിരിയിൽ നടന്ന അധികാരത്തർക്കങ്ങളുടെ ആ കാലം വീണ്ടും ഓർമ്മിക്കാനോ ചർച്ച ചെയ്യപ്പെടാനോ യുഡിഎഫ് എന്തായാലും ആഗ്രഹിച്ചേക്കില്ല. എൽഡിഎഫിനും അത് ചർച്ചയാകണമെന്ന് താൽപ്പര്യം ഉണ്ടാകില്ല. ഗുരുവിനെ ഹിന്ദുത്വ പ്രതിരൂപമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ നിഴൽ 1990-കളിൽ ശിവഗിരിയിൽ ഉയർന്ന അധികാര തർക്കത്തിൽ അന്തർലീനമായിരുന്നു എന്നത് കേരളം ചർച്ച ചെയ്തതാണ്.
അതിനാൽ വീണ്ടും ശിവഗിരി ചർച്ചയാകുന്നത് ആരെങ്കിലുമൊക്കെ സുവർണ്ണാവസരമാക്കുമോയെന്ന ആശങ്കയ്ക്ക് എന്തായാലും വകുപ്പുണ്ട്. ഇതൊന്നും ആൻ്റണി കാണാതെ പോയതാണോ അതോ രാഷ്ട്രീയ തന്ത്രങ്ങൾ ഏറെ പയറ്റിയ ആൻ്റണി മറ്റെന്തെങ്കിലും ലക്ഷ്യം വെയ്ക്കുന്നുണ്ടോ. ഉത്തരം രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചും അതിലേറെ യുഡിഎഫിനെ സംബന്ധിച്ചും നിർണായകമാണ്.
ഈ സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രി എ കെ ആൻ്റണി വീണ്ടും ചർച്ചകളെ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. അതിനായി അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങളിലും വസ്തുതാപരമായ ചില വീഴ്ചകളുണ്ട്. ശിവഗിരിയിലെ പൊലീസ് നടപടി, മാറാട് കലാപം എന്നിവ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും മുത്തങ്ങ വെടിവെയ്പ്പ് സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോർട്ടും പുറത്ത് വിടണമെന്നായിരുന്നു ആൻ്റണിയുടെ ആവശ്യം.
ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാരുടെ അന്വേഷണ റിപ്പോർട്ടും മാറാട് കലാപം സംബന്ധിച്ച ജസ്റ്റിസ് തോമസ് പി ജോസഫിൻ്റെ അന്വേഷണ റിപ്പോർട്ടും കേരള നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. മുത്തങ്ങ വെടിവെയ്പ്പ് സംബന്ധിച്ച സിബിഐയുടെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് എ കെ ആൻ്റണിയുടെ നിലപാട് ഒരുപക്ഷെ യുഡിഎഫിന് ബൂമറാങ്ങായി മാറിയേക്കുക. ശിവഗിരിയിലെ പൊലീസ് നടപടിയെ ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാരുടെ അന്വേഷണ റിപ്പോർട്ട് ന്യായീകരിച്ചിട്ടുണ്ടെന്ന് വാദത്തിന് വേണമെങ്കിൽ പറയാം.
എന്നാൽ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച അന്നത്തെ സർക്കാർ വിഷയം കൃത്യമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ശക്തമായ വിമർശനവും റിപ്പോർട്ടിൽ ഉണ്ട്. ശിവഗിരിയിലെ പൊലീസ് നടപടിയിലേക്ക് നയിച്ചത് വിഷയം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് മൂലമെന്ന് ഈ പരാമർശം വ്യക്തമാക്കുന്നുണ്ട്.
അതിനാൽ തന്നെ റിപ്പോർട്ടും ശിവഗിരിയിലെ പൊലീസ് നടപടിയും വീണ്ടും ചർച്ചയാകുമ്പോൾ അത് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനോ പ്രതിപക്ഷത്തിനോ ഗുണകരമാകില്ല എന്ന് തന്നെ വിലയിരുത്തണം.
എ കെ ആൻ്റണിയുടെ ഈ നീക്കം രാഷ്ട്രീയമായി കോൺഗ്രസിന് ഗുണം ചെയ്യുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ
Article Summary: AK Antony's press conference revives old political controversies.
#AKAntony #KeralaPolitics #Congress #UDF #PoliticalControversy #PinarayiVijayan