Airport | 'കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവി നിഷേധിക്കുന്നു', കേന്ദ്ര നടപടി രാഷ്ട്രീയ പകപോക്കലെന്ന് എം വി ജയരാജൻ

​​​​​​​

 
Airport

Photo Credit: Facebook/ M V Jayarajan

'വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള 3,050 മീറ്റര്‍ റണ്‍വേ സൗകര്യവും ഇവിടെയുണ്ട്. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരുമണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും'

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന്  വേണ്ട പോയിന്‍റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര നടപടി  നീതീകരിക്കാനാവാത്തതാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളം ഗ്രാമപ്രദേശത്താണെന്നും  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പോയിന്‍റ് ഓഫ് കോള്‍ പദവിയുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദമെന്ന് ജയരാജൻ പറഞ്ഞു.

മെട്രോ നഗരമല്ലെന്നതാണ് മറ്റൊരു കണ്ടെത്തില്‍. എന്നാല്‍, പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം തികയാത്ത ഗോവയിലെ മോപ്പാ വിമാനത്താവളത്താവളം മെട്രോ നഗരമല്ല. എന്നിട്ടും പോയിന്‍റ് ഓഫ് കോള്‍ പദവി നല്‍കിയിട്ടുണ്ട്. കണ്ണൂരിന് പോയിന്‍റ് ഓഫ് കോള്‍ പദവി നല്‍കാനാകില്ലെന്നാണ് വ്യോമയാനമന്ത്രി രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. കണ്ണൂര്‍ വിമാനത്താവളത്തെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് കരുവാക്കുകയാണ്. 

പോയിന്‍റ് ഓഫ് കോള്‍ പദവി ലഭ്യമാക്കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത്  ബിജെപിയുടെ പ്രചരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അധികാരത്തിലെത്തിയതോടെ മോദി സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങളെ വഞ്ചിച്ചു. പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും വിദേശ കമ്പനികളുടെ സര്‍വീസ്  ആരംഭിക്കാത്തത് വിമാനത്താവളത്തിന്‍റെ  വളര്‍ച്ചയെ ബാധിച്ചു. എമിറേറ്റ്സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക്ക് എയര്‍ തുടങ്ങി നിരവധി വിദേശ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 

വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള 3,050 മീറ്റര്‍ റണ്‍വേ സൗകര്യവും ഇവിടെയുണ്ട്. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരുമണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കോവിഡ് കാലത്ത്  വൈഡ് ബോഡി വിമാനങ്ങളും ഹജ്ജ് യാത്രക്കാര്‍ക്കായി സൗദി എയര്‍ലൈന്‍സും സര്‍വീസ്  നടത്തി. 2023 സെപ്തംബറില്‍ പാര്‍ലമെന്‍ററി സമിതി ചെയര്‍മാന്‍ വി വിജയസായ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം  സൗകര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നു. 

ഇടതുപക്ഷ എംപിമാര്‍ പോയിന്‍റ് ഓഫ് കോളിന്‍റെ ആവശ്യകതയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം കണ്ണടച്ചു. കണ്ണൂരില്‍ നിന്നുള്ള എല്‍ഡിഎഫ് പ്രതിനിധി സംഘവും  ഡല്‍ഹിയിലെത്തി പോയിന്‍റ് ഓഫ് കോള്‍ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  ബന്ധപ്പെട്ടവര്‍ക്ക്  നേരിട്ട് നിവേദനം നല്‍കിയിരുന്നു. എന്നിട്ടും കണ്ണൂര്‍ വിമാനത്താവളത്തോട് പ്രതികാര നടപടി സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia