Criticism | സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് എഐസിസി; സരിനെതിരെ നടപടിയുണ്ടാവുമോ എന്ന് പറയേണ്ടത് താനല്ലെന്ന് രമേശ് ചെന്നിത്തല


● സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിന്‍ എന്നോടും വന്ന് സംസാരിച്ചിരുന്നു
● മറ്റ് രണ്ടുമൂന്നാളുകളും സീറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്
● എന്റെ അഭ്യര്‍ഥന എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നത്
തിരുവനന്തപുരം: (KVARTHA) പാലക്കാട് ലോക് സഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പരസ്യമായി എതിര്‍പ്പറിയിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി സരിനെതിരെ നടപടിയുണ്ടാവുമോ എന്നു പറയേണ്ടത് താനല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല.
സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് എഐസിസിയാണെന്നും ഇക്കാര്യം അംഗീകരിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തലയുടെ വാക്കുകള്‍:
സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിന്‍ എന്നോടും വന്ന് സംസാരിച്ചതാണ്. അതുപോലെ രണ്ടുമൂന്നാളുകള്‍ സീറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ പൊതുസമീപനം. എഐസിസി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്കൊന്നും സ്ഥാനമില്ല. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. പി സരിനെതിരായി നടപടിയുണ്ടാവുമോ എന്നുപറയേണ്ടത് ഞാനല്ല - എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാലക്കാട് ലോക് സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി സരിന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള അതൃപ്തി വളരെ വൈകാരികമായി അറിയിച്ച സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു.
സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നാണ് സരിന്‍ വാര്‍ത്താസമ്മേളനത്തിലൂടെ കോണ്‍ഗ്രസിന് നല്‍കിയ മുന്നറിയിപ്പ്. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയേയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കത്തിലൂടെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ തോല്‍വിയായിരിക്കുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ അനുവാദമില്ലാതെയായിരുന്നു ഈ വിഷയത്തില്‍ സരിന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതിനെതിരെ കെപിസിസി അടക്കം രംഗത്തെത്തിയിരുന്നു.
#AICC #Chennithala #PalakkadElections #Congress #KeralaPolitics #Sarin