Change | മഹാരാഷ്ട്രയിലെ അഹ്‌മദ് നഗർ ഇനി അഹല്യനഗർ; കേന്ദ്രം അനുമതി നൽകി; സംസ്ഥാനത്ത് പേര് മാറ്റുന്ന മൂന്നാമത്തെ ജില്ല


● അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർത്ഥമെന്ന് വിശദീകരണം
● 2024 മാർച്ച് 13 ന് സംസ്ഥാന മന്ത്രിസഭ ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു
● റെയിൽവേ മന്ത്രാലയം പേര് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിരുന്നു
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ അഹ്‌മദ് നഗർ ജില്ലയുടെ പേര് അഹല്യനഗർ എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാന റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലാണ് ഈ വിവരം പുറത്തുവിട്ടത്. 2024 മാർച്ച് 13 ന് സംസ്ഥാന മന്ത്രിസഭ ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇൻഡോറിലെ മറാത്ത ഭരണാധികാരിയായിരുന്ന അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർത്ഥമാണ് ജില്ലയുടെ പേര് മാറ്റുന്നതെന്നാണ് സർക്കാർ വിശദീകരണം.
അഹല്യ ദേവിയുടെ 300-ാം ജന്മവാർഷിക വർഷമായതിനാൽ ഈ തീരുമാനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2023 മെയിൽ ചോണ്ടിയിൽ നടന്ന അഹല്യ ദേവിയുടെ ജന്മദിന പരിപാടിയിൽ വച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഈ പ്രഖ്യാപനം ആദ്യം നടത്തിയത്. തുടർന്ന് 2024 മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ പുനർനാമകരണം ചെയ്യാനുള്ള നിർദേശം അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.
റെയിൽവേ മന്ത്രാലയം പേര് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് നേരത്തെ സംസ്ഥാന, ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ജില്ലയുടെ പേര് മാറ്റുന്നതിൽ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും
വിഖെ പാട്ടീൽ നന്ദി അറിയിച്ചു. ഈ തീരുമാനത്തിന് സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഹായുതി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും വിഖെ പാട്ടീൽ കൂട്ടിച്ചേർത്തു.
ഇതോടെ സംസ്ഥാനത്ത് പേരു മാറ്റിയ ജില്ലകളുടെ എണ്ണം മൂന്നായി. നേരത്തെ ഔറംഗാബാദ് ജില്ല ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദ് ജില്ല ധാരാശിവ് എന്നും പുനർനാമകരണം ചെയ്തിരുന്നു. ഔറംഗാബാദിനും ഒസ്മാനാബാദിനും പുതിയ പേരുകൾ നൽകിയത് മറാത്ത സാമ്രാജ്യത്തെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഛത്രപതി ശിവാജിയുടെ പുത്രനായ ഛത്രപതി സംഭാജിയുടെ പേരിലാണ് ഔറംഗാബാദ് പുനർനാമകരണം ചെയ്തത്. അതേസമയം, ഒസ്മാനാബാദിന് ധാരാശിവ് എന്ന പേര് നൽകിയത് ശിവാജിയുടെ മകനായ ധാരാ രാജേ എന്നറിയപ്പെടുന്ന ശങ്കര രാജെയുടെ പേരിലാണ്.
#Maharashtra #India #renaming #history #AhalyaBaiHolkar #Ahmednagar #Ahalyanagar