Politics | അഹ്‌മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്ക് പോകുമോ? ലോക്‌സഭ തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം കേരളത്തിൽ മുന്നണി സമവാക്യങ്ങൾ മാറിയേക്കും;


/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞടുപ്പിൻ്റെ വിധി പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് സൂചന. എൽ.ഡി.എഫിലെ അതൃപ്തരായ ഘടകകക്ഷികളെയും നേതാക്കളെയും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് തങ്ങളുടെ പാളയത്തിൽ എത്തിക്കാനാണ് യു.ഡി.എഫ് അണിയറ നീക്കങ്ങൾ നടത്തുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പ്രതീക്ഷിച്ചിരുന്ന എൽ.ജെ.ഡി അതു കിട്ടില്ലെന്ന് അറിഞ്ഞതോടെ നിരാശയിലാണ്.
കോൺഗ്രസുമായി ലയനനീക്കം ദേശീയ നേതൃത്വം സജീമാക്കിയതോടെ എൻ.സി.പിയും രണ്ടു തോണിയിൽ കാൽ വയ്ക്കുന്ന സ്ഥിതിയിലാണുള്ളത്. സി.പി.ഐ, മാണി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും മുന്നണിക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന സ്ഥിരം പരാതിക്കാരാണ്. ഈ സാഹചര്യത്തിലാണ് ഇടതു മുന്നണിയിലെ പാർട്ടികളെയും നേതാക്കളെയും അടർത്തി മാറ്റി തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ യു.ഡി.എഫ് നീക്കം നടത്തുന്നത്. മുസ്ലിം ലീഗ് നേതാക്കളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹ്‌മദ് ദേവർകോവിലുമായി മുസ്ലിം ലീഗ് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. അഹ്‌മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടന്നതായാണ് വിവരം. പി എം എ സലാമുമായി അഹ്‌മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹ്‌മദ് ദേവർകോവിൽ മുന്നോട്ട് വെച്ചതായാണ് വിവരം. മുസ്ലിം ലീഗ് - സമസ്ത തർക്കത്തിൽ അഹ്‌മദ് ദേവർകോവിൽ സ്വീകരിച്ച നിലപാട് നല്ല സൂചനയാണെന്നാണ് കെ എം ഷാജിയുടെ പ്രതികരണം. എന്നാൽ ചർച്ച നടത്തിയിട്ടില്ലെന്നും കെ എം ഷാജി പറഞ്ഞു.
അതേസമയം ലീഗിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളുകയാണ് അഹ്‌മദ് ദേവർകോവിൽ. താനും മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നും ഐഎൻഎല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമസ്ത വിഷയത്തിൽ താൻ നടത്തിയ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎൻഎൽ വിമതരും ചേർന്നുണ്ടാക്കുന്ന അഭ്യൂഹമാണ് തൻ്റെ മുന്നണി മാറ്റ വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.