France Result | ഫ്രാൻസിൽ സർക്കാർ രൂപവത്കരിച്ച ശേഷം ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഇടതുസഖ്യ നേതാവ്
അടുത്തിടെ, നാല് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നിവ ഫലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു.
പാരീസ്: (KVARTHA) ഫ്രഞ്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിൻ്റെ (NPF) നേതാവ് ജീൻ ലൂക് മെലൻചോൺ തൻ്റെ സഖ്യം ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് പറഞ്ഞു. സർക്കാർ രൂപവത്കരിച്ച ശേഷം ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ, നാല് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നിവ ഫലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു.
ഇടതുമുന്നേറ്റം
ഞായറാഴ്ച നടന്ന രണ്ടാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിൽ, ന്യൂ പോപ്പുലർ ഫ്രണ്ട് 182 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരാഴ്ച മുമ്പ് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ 'നാഷണൽ റാലി' ഭൂരിപക്ഷത്തിലേക്ക് നീങ്ങിയിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും 163 സീറ്റുകളുമായി രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അധികാരത്തിലേറുമെന്ന് ഏവരും കരുതിയിരുന്ന തീവ്ര വലതുപക്ഷ പാർട്ടി നാഷണല്‍ റാലിക്ക് 143 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ തൂക്കുപാർലമെന്റിലേക്ക് നീങ്ങുകയാണ് ഫ്രാൻസ്.
പാരീസിലെ തെരുവുകളിൽ വിജയഘോഷം
അതേസമയം അടുത്ത പ്രധാനമന്ത്രി ന്യൂ പോപ്പുലർ ഫ്രണ്ടിൽ നിന്നായിരിക്കുമെന്നും ജീൻ ലൂക് മെലൻചോൺ പറഞ്ഞു. ഇടതുപക്ഷ അനുഭാവികൾ ഞായറാഴ്ച രാത്രി മുതൽ പാരീസിലെ തെരുവുകളിൽ വൻതോതിൽ വിജയഘോഷയാത്ര നടത്തുകയാണ്. ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന മെലൻചോണിന്റെ പ്രസ്താവന ഇസ്രാഈൽ ആക്രമണത്തിൽ തകർന്ന ഫലസ്തീന് വലിയ പ്രതീക്ഷ നൽകുന്നതാണ്.